kaumudy-news-headlines

1. പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള തീരുമാനം നാളെയെന്ന് കേരള കോണ്‍ഗ്രസ് ആക്റ്റിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. ചിഹ്നം നല്‍കുന്നതില്‍ തീരുമാനം ആകുന്നതേയുള്ളൂ. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയിട്ടില്ല എന്നും പി.ജെ ജോസഫ് പറഞ്ഞു. എന്നാല്‍ നിഷ ജോസ്.കെ. മാണിയുടെ വിജയ സാധ്യതയെ കുറിച്ച് പ്രതികരിച്ചില്ല. അതേസമയം, നിഷയുടെ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുമ്പോള്‍ ആണ് വിജയ സാധ്യത വിലയിരുത്തേണ്ടത്. വോട്ടര്‍ പട്ടികയില്‍ പേരുള്ള ആര്‍ക്കും മത്സരിക്കാം എന്നും റോഷി അഗസ്റ്റിന്‍. നിഷ ജോസ്.കെ. മാണി, കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകയാണ്. സ്ഥാനാര്‍ത്ഥി ആകാന്‍ പാര്‍ട്ടി മെമ്പര്‍ ആകണമെന്നില്ല എന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.


2. ഉപ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇന്നത്തെ യു.ഡി.എഫ് ഉപ സമിതിയില്‍ പരിഹരിക്കപ്പെടും എന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി. പാലാ ഉപ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്ക് ഉള്ളില്‍ എന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ മത്സരിക്കും എന്നും ബെന്നി ബെഹ്നാന്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ജോസ് കെ.മാണി, പി.ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ രൂപീകരിച്ച യു.ഡി.എഫ് ഉപസമിതി യോഗം ചേരുകയാണ്.
3. അതേസമയം, പാലാ ഉപ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സി.പി.എം ജില്ല സെക്രട്ടറി വി.എന്‍ വാസവന്‍ അടക്കമുള്ള ജില്ലയിലെ എല്‍.ഡി.എഫ് നേതാക്കള്‍ പത്രിക സമര്‍പ്പിക്കാന്‍ മാണി.സി.കാപ്പന്‍ ഒപ്പം ഉണ്ടായിരുന്നു. വരുന്ന ബുധനാഴ്ച്ച പാലായില്‍ നടക്കുന്ന എല്‍.ഡി.എഫ് മണ്ഡലം കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പാലായില്‍ മാണി സി കാപ്പന്‍ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്നും വിശ്വാസികളുടെ വോട്ട് ഇടതു മുന്നണിക്ക് തന്നെ കിട്ടുമെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.
4. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 19 ലക്ഷം പേരെ പട്ടികയില്‍ നിന്ന് പുറത്താക്കി. മൂന്ന് കോടി പതിനൊന്ന് ലക്ഷം പേര്‍ പട്ടികയില്‍ ഇടം നേടി. പട്ടികയില്‍ നിന്ന് പുറത്തായവരെ ഉടന്‍ വിദേശികളായി കണക്കാക്കില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് 120 ദിവസത്തിന് ഉള്ളില്‍ അപ്പീല്‍ നല്‍കാം. 6 മാസത്തിനകം അപ്പീലുകളില്‍ തീരുമാനം എടുക്കും. പട്ടികയ്ക്ക് പുറത്ത് ആയവര്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാം. നിലവിലെ സാഹചര്യത്തില്‍ അസമില്‍ കനത്ത സുരക്ഷയാണ് ഒരുക്കി ഇരിക്കുന്നത്.
5. 2013ലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ ആണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 2018 ജൂലായ് 30 ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ നിന്ന് അനേകം പേര്‍ പുറത്തായിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് അസമില്‍ ഉടനീളം ഉണ്ടായത്. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒരു ലക്ഷത്തോളം പേര്‍ ഈ പട്ടികയിലും പുറത്തായതായി കണ്ടെത്തിയിരുന്നു.
6. യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറി പേടി സ്വപ്നം എന്ന് യൂണിവേഴ്സിറ്റി സംഘര്‍ഷത്തില്‍ കുത്തേറ്റ അഖില്‍. കോളേജിലെ അക്രമണം ആസൂത്രിതം. എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ചേര്‍ന്നാണ് ആക്രമിക്കാന്‍ തീരുമാനിച്ചത്. യൂണിറ്റ് നേതാക്കളെ എതിര്‍ത്തത് വൈരാഗ്യത്തിന് കാരണം ആയി. ശിവരഞ്ജിത്തിനും നസീമിനും എതിരെ പ്രതികരിച്ചതിന് ആണ് തനിക്ക് എതിരെ അക്രമണം നടത്തിയത്. കോളേജില്‍ ശിവരഞ്ജിത്തിന്റേയും നസീമിന്റയും ഏകാധിപത്യം ആണ് നടക്കുന്നത്. ചികിത്സാ നാളുകളില്‍ സി.പി.എം സഹായിച്ചു എന്നും താന്‍ ഇപ്പോഴും എസ്.എഫ്.ഐ കാരന്‍ ആണെന്നും അഖില്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
7. മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനില്‍ ആയ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന് എതിരെ സര്‍ക്കാര്‍ വകുപ്പ് തല നടപടി തുടങ്ങി. 15 ദിവസത്തിന് ഉള്ളില്‍ വിശദീകരണം നല്‍കണം എന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശ്രീറാമിന് നോട്ടീസ് അയച്ചു. വിശദീകരണം നല്‍കിയില്ല എങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കും എന്നും നോട്ടീസില്‍ പറയുന്നു. കേസില്‍ റിമാന്‍ഡില്‍ ആയതിന് പിന്നാലെ അഖിലേന്ത്യാ സര്‍വ്വീസ് ചട്ടപ്രകാരം ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആഗസ്റ്റ് 3 പുലര്‍ച്ചെ ആയിരുന്നു അമിത വേഗത്തില്‍ എത്തിയ വാഹനം ഇടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്.
8. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതിയില്‍ പ്രതികള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കി എന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. റിമാന്‍ഡില്‍ ഉള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ വിജിലന്‍സ് ഇന്ന് അപേക്ഷ നല്‍കും. പാലം നിര്‍മ്മിച്ച ആര്‍.ഡി.എസ് കമ്പനി എം.ഡി സുമിത് ഗോയലിനെ ഒന്നാം പ്രതിയും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എ.ജി.എം എം.ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍, മുന്‍ പൊതു മരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് എന്നിവരെ രണ്ടു മുതല്‍ നാലുവരെ പ്രതികളും ആക്കിയാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതികളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.