country

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജോലിയെന്നാണ് വേശ്യാവൃത്തിയെ ചില രാജ്യങ്ങൾ വിശേഷിപ്പിക്കുന്നത്. സമൂഹത്തിലെ മാന്യന്മാരായ ആളുകൾ പോലും ഇടപാടുകാർ ആകുമെങ്കിലും ലോകത്തിലെ മോശം തൊഴിലുകളിലൊന്നായും വേശ്യാവ‌ൃത്തിയെ കരുതുന്നവരുണ്ട്. നിയമനിരോധനമുണ്ടെങ്കിലും ദാരിദ്ര്യവും സാമൂഹിക സാഹചര്യങ്ങളും മൂലം ലോകമുള്ളിടത്തോളം കാലം ഈ തൊഴിൽ നിലനിൽക്കുകയും ചെയ്യും. പലരാജ്യങ്ങളിലും വേശ്യാവൃത്തി നിരോധിച്ചിട്ടുണ്ടെങ്കിലും ചില രാജ്യങ്ങൾ ടൂറിസത്തിന്റെയും മറ്റ് ചില കാരണങ്ങളുടെയും അടിസ്ഥാനത്തിൽ വേശ്യാവൃത്തിയെ നിയമ വിധേയമാക്കിയിട്ടുണ്ട്. ഇത്തരക്കാർക്ക് മെച്ചപ്പെട്ട ആരോഗ്യ,സേവന വ്യവസ്ഥകളും ഈ രാജ്യങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്. ഇത്തരത്തിൽ വേശ്യാവൃത്തി നിയമവിധേയമാക്കിയ ചില രാജ്യങ്ങളെ പരിചയപ്പെടാം.

1.ന്യൂസിലാൻഡ്

2003 മുതൽ ന്യൂസിലാൻഡിൽ വേശ്യാവൃത്തി നിയമവിധേയമാണ്. രാജ്യത്തെ ആരോഗ്യ, തൊഴിൽ നിയമങ്ങൾ അനുസരിച്ച് നിയമവിധേയമായി പ്രവർത്തിക്കുന്ന വേശ്യാലയങ്ങൾ പോലും ഇവിടെയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അഥവാ രാജ്യത്തെ തൊഴിൽ നിയമങ്ങൾ അനുസരിച്ചുള്ള വേതന വ്യവസ്ഥകളും ഇവർക്ക് ലഭിക്കും.

2.ആസ്ട്രേലിയ

വേശ്യവൃത്തിയെക്കുറിച്ചുള്ള രാജ്യത്തെ നിയമങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ഥമാണ്. ചിലയിടങ്ങളിൽ നിയമവിധേയമാക്കിയിട്ടുള്ള വേശ്യാവൃത്തി രാജ്യത്തെ മറ്റിടങ്ങളിൽ നിരോധിച്ചിരിക്കുന്നു. അതത് സ്ഥലത്തെ സാമൂഹിക പശ്ചാത്തലം അനുസരിച്ചാണ് വേശ്യാലയങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർക്കാരിന്റെ അനുമതി വേണമെന്ന് മാത്രം.

country

3.ആസ്ട്രിയ

രാജ്യത്തിന്റെ എല്ലാ ഭാഗത്തും വേശ്യാവൃത്തി നിയമവിധേയമാണ്. എന്നാൽ ഇതിന് ചില നിബന്ധനകളുണ്ട്. ഈ തൊഴിലിന് സർക്കാർ ഏജൻസികളിൽ രജിസ്‌റ്റർ ചെയ്യണം, 19 വയസ് പൂർത്തിയാകണം, ഇടവേളകളിൽ ആരോഗ്യ പരിശോധനയ്‌ക്ക് വിധേയമാകണം,കൃത്യമായി നികുതി അടയ്‌ക്കണം തുടങ്ങിയവയാണ് നിബന്ധനകൾ. എന്നാൽ നിയമമൊക്കെ ഇങ്ങനെയാണെങ്കിൽ രാജ്യത്ത് അനധികൃതമായി പല വേശ്യാലയങ്ങളും ബലം പ്രയോഗിച്ചുള്ള വേശ്യവൃത്തിയും നടക്കുന്നുണ്ടെന്നാണ് വിവരം.

4.ബെൽജിയം

രാജ്യത്തെ അരക്ഷിതാവസ്ഥയും അക്രമവും നേരിടുന്നതിന്റെ ഭാഗമായി സർക്കാർ സംവിധാനത്തിൽ തന്നെ വേശ്യാലയങ്ങൾ പ്രവ‌ർത്തിക്കുന്ന സ്ഥലമാണ് ബെൽജിയം. ഇവിടേക്കുള്ള പ്രവേശനത്തിന് ബയോമെട്രിക് കാർഡുകൾ വരെ ഏർപ്പെടുത്തിയിട്ടുണ്ട്.

5.കൊളംബിയ

വേശ്യാവൃത്തി നിയമവിധേയമായി അനുവദിച്ചിട്ടുള്ള രാജ്യമാണ് കൊളംബിയ. എന്നാൽ പിമ്പിംഗ് അഥവാ വേശ്യാവൃത്തിയ്‌ക്ക് ഇടനിലക്കാരനാവുക എന്നത് നിരോധിച്ചിട്ടുണ്ട്.കാർട്ടേജെന, ബാരൻക്വില്ല തുടങ്ങിയ നഗരങ്ങളിലാണ് വേശ്യാവൃത്തി കൂടുതൽ കാണപ്പെടുന്നത്.

country

6.ഡെൻമാർക്ക്

വേശ്യാവൃത്തി അനുവദിച്ചിട്ടുള്ള രാജ്യമാണ് ഡെൻമാർക്ക്. മാത്രവുമല്ല ഇതിന് സർക്കാർ സഹായവും ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷേ വ്യക്തികൾക്ക് സ്വന്തം താത്പര്യത്തോടെ മാത്രമേ ഇതിന് ഇറങ്ങാൻ കഴിയൂ. ബലംപ്രയോഗിച്ചുള്ളതും ഇടനിലക്കാർ വഴിയുള്ളതുമായി വേശ്യാവൃത്തി നിരോധിച്ചിട്ടുണ്ട്.

7.ഇക്വാഡോർ

വേശ്യാവൃത്തിയെക്കുറിച്ചുള്ള എല്ലാകാര്യങ്ങളും ഇവിടെ നിയമവിധേയമാണ്. സ്വന്തം ശരീരം വിൽക്കുകയോ, വേശ്യാലയം നടത്തുകയോ, ഇടനിലക്കാരനായി ജോലി നോക്കുകയോ ചെയ്യാം, ഒരു നിയന്ത്രണങ്ങളുമില്ല. എന്നാൽ ബലം പ്രയോഗിച്ചുള്ള വേശ്യാവൃത്തി നിരോധിച്ചിട്ടുണ്ട്.

8.ഫ്രാൻസ്

വേശ്യാവൃത്തി നിയമവിധേയമാണെങ്കിലും ഇതിനായി പൊതുനിരത്തിൽ ഇറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. വേശ്യാവൃത്തിക്ക് ഇടനിലക്കാരനാവുന്നതും വേശ്യാലയങ്ങളും 1946ൽ നിരോധിച്ചു.

9.ജർമനി

1927ലാണ് ജർമനിയിൽ വേശ്യാവൃത്തി നിയമവിധേയമാക്കിയത്. സർക്കാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന വേശ്യാലയങ്ങൾ വരെ ഇവിടെയുണ്ട്. വേശ്യാവൃത്തിയ്‌ക്ക് ഇറങ്ങുന്നവർക്ക് ഹെൽത്ത് ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ പദ്ധതികളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

10.നെതർലാൻഡ്‌സ്

ചുവന്ന തെരുവുകൾക്ക് ഏറെ പ്രശസ്‌തമായ രാജ്യമാണ് നെതർലാൻഡ്‌സ്. വേശ്യാവൃത്തി നിയമവിധേയമായി അനുവദിച്ചുള്ള ഇവിടെ മറ്റ് സ്ഥാപനങ്ങൾ നടത്തുന്നത് പോലെയാണ് വേശ്യാലയങ്ങളും പ്രവർത്തിക്കുന്നത്. മറ്റ് രാജ്യങ്ങൾ അശ്ലീലമെന്ന് കരുതുന്ന പലതും ഇവിടെ പൊതുനിരത്തിൽ തന്നെ സംഭവിക്കാറുണ്ട്.

country

അപ്പോൾ ഇന്ത്യയിലോ?

1956ലെ ഇമ്മോറൽ ട്രാഫിക്ക് സപ്രഷൻ ആക്‌ട് വഴി വേശ്യാവൃത്തി ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഒരു സ്ത്രീക്ക് തന്റെ ശരീരത്തെ സ്വകാര്യ, വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. എന്നാൽ ഇത് പ്രൊഫഷനായി തിരഞ്ഞെടുക്കുകയോ മറ്റാരെയെങ്കിലും ഇതിലേക്ക് ആകർഷിക്കുകയോ ചെയ്യുന്നത് ശിക്ഷലഭിക്കാവുന്ന കുറ്റമാണ്. വേശ്യാലയം നടത്തുക, ഇടനിലക്കാരനായി പ്രവർത്തിക്കുക, പെൺവാണിഭം നടത്തുക എന്നിവയും നിരോധിച്ചിട്ടുണ്ട്. വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവർക്ക് പുറമെ ഇടപാടുകാരെയും ശിക്ഷിക്കാൻ നിയമ വ്യവസ്ഥയുണ്ട്. എന്നാൽ ഇന്ത്യയിൽ പലയിടത്തും ചുവന്ന തെരുവുകൾ പ്രവർത്തിക്കുന്നുണ്ടെന്നത് വിരോധാഭാസമാണ്.