by-election

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ്.കെ.മാണി എം.പിയുടെ ഭാര്യ നിഷ ജോസ്.കെ.മാണി യു.ഡി.എഫ് സ്ഥാനാർത്ഥിയാവുകയാണെങ്കിൽ രണ്ടില ചിഹ്നം നൽകില്ലെന്ന് കേരള കോൺഗ്രസ് (എം)​ മുതിർന്ന നേതാവ് പി.ജെ. ജോസഫ് പറഞ്ഞു. തന്നെ ചെയർമാനായി അംഗീകരിച്ചാൽ ചിഹ്നം നൽകുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥാനാർത്ഥി നിർണയം വൈകിയിട്ടില്ലെന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയെ ഒടുവിലാണ് തീരുമാനിക്കുന്നതെന്നും പി.ജെ.ജോസഫ് പറഞ്ഞു.

ഇന്നലെ കോൺഗ്രസ്-മുസ്ലീം ലീഗ് നേതാക്കളെ ജോസഫ് ഇക്കാര്യം അറിയിച്ചുകഴിഞ്ഞു. ഇതോടെ മറ്റ് ചിഹ്നത്തിൽ മത്സരിക്കുന്നതിനെക്കുറിച്ച് ജോസ് വിഭാഗം ആലോചന തുടങ്ങി. ഡി.സി.സിയിൽ നടക്കുന്നചർച്ചയിൽ എന്ത് ഉരുത്തിരിഞ്ഞാലും ഇന്ന് വൈകുന്നേരം പാലായിൽ ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ചേർന്ന് അന്തിമ തീരുമാനം എടുക്കുമെന്നാണ് അറിയുന്നത്. തോമസ് ചാഴികാടൻ എം.പി.യുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

എന്നാൽ, പി.ജെ. ജോസഫ് ആദ്യനിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നതായാണ് അറിയുന്നത്. ജോസ് കെ.മാണിയുടെ ഭാര്യ നിഷയെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിരല്ലെന്ന് പറഞ്ഞ ജോസഫ് പിന്നീട് നിലപാട് മാറ്റുകയായിരുന്നു. പാർട്ടി ചെയർമാനായ താനാണ് സ്ഥാനാ‌ർത്ഥിയെ പ്രഖ്യാപിക്കുന്നതെന്നും ചിഹ്നം താൻ നിശ്ചയിക്കുമെന്നാണ് ഇപ്പോൾ പി.ജെയുടെ നിലപാട്. പാലായിൽ ജയസാദ്ധ്യതയുള്ള ആളെ മത്സരത്തിനിറക്കണമെന്നാണ് ജോസഫ് പറയുന്നത്. പലവട്ടം ചർച്ചകൾ നടത്തിയിട്ടും സമവായത്തിലെത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ചയാണ് നാമനി‌ർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.

അതേസമയം,​ നിഷ ജോസ്.കെ.മാണിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത. നിഷയെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടിയിൽ ചർച്ചകൾ സജീവമാണ്. നിഷയെ സ്ഥാനാർത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടു. അന്തരിച്ച കേരള കോൺഗ്രസ് (എം)​ ചെയർമാൻ കെ.എം മാണിയുടെ കുടുംബത്തിൽ നിന്ന് സ്ഥാനാർത്ഥി വരണമെന്ന് യൂത്ത് ഫ്രണ്ട് വ്യക്തമാക്കി. ഇക്കാര്യം ജോസ് വിഭാഗത്തെ നേതാക്കൾ അറിയിച്ചതായാണ് വിവരം. ജോസ്.കെ.മാണിയോ നിഷയോ സ്ഥാനാർത്ഥിയാകണമെന്നാണ് ഇരുവരുടേയും ഭാഗം.