ബംഗളൂരു : അശ്ളീല ചിത്രങ്ങളും മോശം സന്ദേശങ്ങളും നിരന്തരം യുവതിക്ക് അയച്ചു കൊടുത്ത സംഗീത സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരു കെ.എസ്. ലേഔട്ട് സ്വദേശി മുരളീധർ റാവുവിനെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. കന്നട സിനിമയിലും സീരിയലുകളിലും സംഗീത സംവിധായകനായി പ്രവർത്തിക്കുന്ന ഇയാൾ സിനിമയിൽ ചാൻസ് വാങ്ങിത്തരാം എന്ന് മോഹിപ്പിച്ചാണ് യുവതിയെ വലയിലാക്കിയത്. ഫേസ്ബുക്കിലൂടെ രണ്ടുവർഷം മുൻപാണ് ഇയാളെ യുവതി പരിചയപ്പെടുന്നത്. യുവതിയുമായി അടുത്ത ശേഷം സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ എന്ന് ചോദിക്കുകയും യുവതി ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് അശ്ളീല ചിത്രങ്ങൾ അയച്ചു തുടങ്ങുകയായിരുന്നു. വാട്സ്ആപ്പ് വഴിയാണ് മുരളീധർ റാവു നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും അയച്ചെന്നാണ് യുവതിയുടെ പരാതി.
പലപ്പോഴും സ്വന്തം നഗ്നദൃശ്യങ്ങളാണ് ഇയാൾ യുവതിക്ക് അയച്ചുകൊടുത്തത്. ഇത്തരത്തിൽ പെരുമാറരുതെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നഗ്നദൃശ്യങ്ങൾ അയക്കുന്നത് പതിവാക്കിയതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് സംഗീത സംവിധായകന്റെ വസതിയിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ പെൺകുട്ടികളെ ഇയാൾ ഇത്തരത്തിൽ കെണിയിൽ പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.