ഉണ്ണി മുകുന്ദൻ എന്ന പേര് കേൾക്കുമ്പോൾ അഭിനയത്തിനൊപ്പം തന്നെ താരത്തിന്റെ മസിലുകളും മലയാള സിനിമ പ്രേഷകരുടെ മനസിലേക്ക് ഓടിയെത്തും. ശരീര സംരക്ഷണത്തിന് താരം വലിയ പ്രധാന്യം കൊടുക്കുന്നുണ്ട്. മമാങ്കം എന്ന പുതിയ ചിത്രത്തിനായി ശരീരം ഒരുക്കാൻ ഒരു സഹോദരനെപ്പോലെ തന്നെ സഹായിച്ചത് ജിം ട്രെയിനറായ ജോൺസണാണെന്ന് താരം പറയുന്നു. നന്ദി വാക്കുകളിലൊതുക്കാതെ ഒരു കിടിലൻ ഓണ സമ്മാനവും നൽകിയിരിക്കുകയാണ് താരം.
1.42 ലക്ഷം രൂപയുടെ യമഹയുടെ ബൈക്ക് ആർ 15 ആണ് ഉണ്ണി മുകുന്ദൻ ജിം ട്രെയിനർക്ക് നൽകിയിരിക്കുന്നത്. യമഹയുടെ നിരയിലെ ഏറ്റവും ജനപ്രിയ ബൈക്കായ ആർ15ന്റെ മൂന്നാം തലമുറയാണ് ആർ 15 വി 3.0. 155 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 19.3 പിഎസ് കരുത്തും 14.7 എൻഎം ടോർക്കുമുണ്ട്. താരത്തിന്റെ സമ്മാനം ജോൺസണ് നന്നേ ബോധിക്കുകയും ചെയ്തു.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം ഉണ്ണിമുകുന്ദൻ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ നല്ല മനസിനെ അഭിനന്ദിച്ച് നിരവധിയാളുകൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. കഴിഞ്ഞ ദിവസം പ്രളയ ബാധിതനായ ഒരു യുവാവിന് ഉണ്ണി മുകുന്ദൻ 5ലക്ഷം രൂപ നൽകിയിരുന്നു.