ഒപ്പത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമ ഇന്നുവരെ കാണാത്ത മായികപ്രപഞ്ചത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും സി.ജെ. റോയിയും നിർമ്മിക്കുന്ന ഈ വൻ ബഡ്‌ജറ്റ് ചിത്രത്തിൽ ലാലിനൊപ്പം ഇന്ത്യൻ സിനിമാലോകത്തെയും ഹോളിവുഡിലെയും മികച്ച താരനരയാണ് അണിനിരക്കുന്നത്.
ഇപ്പോഴിതാ മരക്കാറിനെ കുറിച്ചുള്ള നടൻ പൃഥ്വിരാജിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റിലീസിന് മുമ്പ് എത്രരൂപയാണ് മരക്കാർ നേടിയതെന്ന് അറിഞ്ഞാൽ ഷോക്കായി പോകുമെന്ന് പൃഥ്വി പറയുന്നു. കുറച്ചുകാലങ്ങൾക്ക് മുമ്പ് വരെ അത്തരത്തിലൊരു ചിത്രം മലയാളത്തിന് അചിന്തനീയമാണെന്നും പൃഥ്വി പറയന്നു.
പൃഥ്വിരാജിന്റെ വാക്കുകൾ-
'കഴിഞ്ഞ ഒരു ഒന്നരവർഷത്തിനിടയ്‌ക്ക് മലയാള സിനിമയിൽ സംഭവിച്ച കാര്യങ്ങളെല്ലാം ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഉദാഹരണത്തിന് മരക്കാർ പോലെ ഒരു സിനിമ. അചിന്തനീയമാണ്, മലയാളത്തിൽ കുറച്ചു കാലങ്ങൾക്ക് മുമ്പ് വരെ അങ്ങനൊരു സിനിമ ചിന്തിക്കാൻ പറ്റില്ല. അതുപോലെ തന്നെയാണ് മാമാങ്കവും. റിലീസിന് മുമ്പ് എത്ര രൂപയാണ് മരക്കാർ ബിസിനസ് വൈസ് കളക്‌ട് ചെയ്‌തതെന്ന് നിങ്ങൾ അറിയുമ്പോൾ, യു വിൽ ബി ഷോക്ക്‌ഡ്. എനിക്കറിയാമത്. ഞാൻ ആ ചിത്രത്തിന്റെ നിർമ്മാതാവ് അല്ലാത്തതുകൊണ്ട് അത് പറയുന്നില്ല'.
ഹൈദരബാദ് റാമോജി റാവു ഫിലിം സിറ്റിയിൽ സാബു സിറിളിന്റെ നേതൃത്വത്തിലുള്ള വൻ സംഘമാണ് മരക്കാറിനായി കൂറ്റൻ സെറ്റുകൾ ഒരുക്കിയത്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി 2020ലാണ് ചിത്രം റിലീസിനെത്തുക. ലാലിനൊപ്പം മകൻ പ്രണവ് മോഹൻലാലും അഭിനയിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. മധു, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ , കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, തമിഴ് നടന്മാരായ അർജുൻ, പ്രഭു, ഹിന്ദി നടൻ ആയ സുനിൽ ഷെട്ടി, പൂജ കുമാർ തുടങ്ങിയ വമ്പൻ താരനിരയാണ് മരക്കാറിൽ ഒന്നിക്കുന്നത്.