tharoor-on-modi

തിരുവനന്തപുരം: മോദി സ്‌തുതിയുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ വിവാദത്തിൽ ശശി തരൂർ എം.പിക്ക് മറുപടിയുമായി വീണ്ടും കെ.മുരളീധരൻ എം.പി രംഗത്തെത്തി. മോദി വിരുദ്ധതയാണ് തരൂരിന്റെ തിരുവനന്തപുരത്തെ വിജയത്തിന് പിന്നിൽ. തിരുവനന്തപുരം കോൺഗ്രസിന്റെയും വടകര സി.പി.എമ്മിന്റെയും ഉറച്ച മണ്ഡലങ്ങളാണ്. ഇവിടെ രണ്ടിടത്തും യു.ഡി.എഫ് സ്ഥാനാർത്ഥികളെ ജനങ്ങൾ വിജയിപ്പിച്ചത് മോദി വിരുദ്ധതയുടെ പേരിലാണ്. മോദിയെ താൻ വിമർശിച്ചത് ഓക്‌സ്ഫോർഡ് ഇംഗ്ലീഷില്ല. ഓക്‌സ്ഫോഡ് ഇംഗ്ലീഷ് അറിയാത്ത പച്ചമലയാളം പറയുന്ന ചാൾസ് ഇവിടെ മൂന്ന് തണവ ജയിച്ച കാര്യം മറക്കരുത്. കോൺഗ്രസിന് പുറത്തുപോയെങ്കിലും താൻ ബി.ജെ.പിയെ അനുകൂലിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ശശി തരൂർ നൽകിയ വിശദീകരണം തൃപ്‌തികരമാണെന്ന് കരുതിയത് കൊണ്ടാകും പാർട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും എന്നാൽ താൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും മുരളീധരൻ വ്യക്തമാക്കി.

അതേസമയം, മോദി സ്‌തുതിയുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാൻ കെ.പി.സി.സി ഔദ്യോഗികമായി തീരുമാനിച്ച ശേഷം വിഷയത്തിൽ മുരളീധരൻ നടത്തിയ പ്രസ്‌താവന വരും ദിവസങ്ങളിൽ വിവാദമാകാൻ ഇടയുണ്ട്. താൻ മോദിയെ സ്തുതിച്ചിട്ടില്ലെന്നും മോദിയുടെ ശക്തനായ വിമർശകനായി തുടരുമെന്നും കെ.പി.സി.സിക്ക് നൽകിയ വിശദീകരണത്തിൽ തരൂർ വ്യക്തമാക്കിയതോടെയാണ് ഇത് സംബന്ധിച്ച വിവാദം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. തരൂരിനെതിരെ രൂക്ഷമായി രംഗത്ത് വന്ന കെ. മുരളീധരൻ എം.പി അടക്കമുള്ള നേതാക്കളോടും വിവാദം അവസാനിപ്പിക്കാൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ തരൂരിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിലനിൽക്കുന്ന അമർഷവും ഇതുസംബന്ധിച്ച വിവാദം കെ.പി.സി.സി അവസാനിപ്പിക്കാൻ തീരുമാനിച്ചതിലെ അതൃപ്‌തിയുമാണ് മുരളീധരന്റെ പ്രസ്‌താവനയ്‌ക്ക് പിന്നിലെന്നും വിലയിരുത്തലുണ്ട്.

തരൂരിന്റെ മോദി അനുകൂല നിലപാട് തീർത്തും നിഷ്കളങ്കമായി കാണാൻ സംസ്ഥാന കോൺഗ്രസിൽ പലരും ഇനിയും തയ്യാറായിട്ടില്ല. ജയറാം രമേശിന്റെ പ്രതികരണത്തിന് പിന്നാലെയുള്ള ട്വീറ്റാണെങ്കിലും അത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലുമുണ്ട്. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നടക്കം വലിയ അമർഷം നേതൃത്വത്തിന് നേരിടേണ്ടി വന്നു. ഈ വികാരങ്ങളും ഉൾക്കൊണ്ടാണ് കെ. മുരളീധരൻ ഉൾപ്പെടെ എട്ട് കോൺഗ്രസ് എം.പിമാർ തരൂരിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്ത് വന്നത്. തന്റെ മുൻനിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് മുരളീധരൻ വ്യക്തമാക്കിയതോടെ വിഷയത്തിൽ തരൂരിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. പാലായിൽ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ അനാവശ്യ വിവാദം പാർട്ടിക്ക് ക്ഷീണമാകുമോ എന്നും നേതൃത്വത്തിന് ആശങ്കയുണ്ട്.