ഒരു നല്ല താരാട്ടുപാട്ട് കേട്ട സുഖമാണ് മൃദുലയുടെ പാട്ടിനും സംസാരത്തിനും. കേട്ടാലും കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അത്രയും ആർദ്രമായ ശബ്ദം. ഓർമ്മവച്ച കാലം മുതൽ മൃദുലയ്ക്കൊപ്പം സംഗീതമുണ്ട്. അച്ഛന്റെയും അമ്മയുടെയും താരാട്ടുപാട്ടായും ഏട്ടന്റെ സ്നേഹമായും കൂടെ വന്ന സംഗീതം പിന്നെ ഒരിക്കലും മൃദുലയെ വിട്ടുപോയില്ല എന്നു പറയാം. സംഗീതം എപ്പോഴാണ് കൂടെ കൂടിയത് എന്നു ചോദിച്ചാൽ മൃദുലയ്ക്ക് മറുപടിയില്ല. ഇന്നിപ്പോൾ ഒരു പിടി മനോഹരഗാനങ്ങളുടെ ശബ്ദമാകാൻ മൃദുലയ്ക്ക് കഴിഞ്ഞു. ഏറ്റവും ഒടുവിൽ മൃദുലയെത്തിയത് അതിമനോഹരങ്ങളായ രണ്ട് കവർ സോംഗുകളുമായാണ്. ആലാപനം കൊണ്ടും ചിത്രീകരണം കൊണ്ടും കണ്ണിനും കാതിനും വിരുന്നൊരുക്കിയ ആ പാട്ടുകളിൽ നിന്നും മൃദുല സംസാരിച്ചു തുടങ്ങി.
''ആദ്യമായാണ് ഒരു കവർ സോംഗ് ചെയ്യുന്നത്. നേരത്തേ ആഗ്രഹിച്ചു തുടങ്ങിയ ഒരു കാര്യമായിരുന്നു അത്. ഒരു പാട്ട് മാത്രമായിട്ടല്ലാതെ പരസ്പരം ചേർന്നു പോകുന്ന രണ്ട് പാട്ടുകൾ ഒരുമിച്ച് ചേർത്ത് ചെയ്യാം എന്നത് ഒരു നല്ല ആശയമായി തോന്നി. അങ്ങനെയാണ് നീലക്കുറിഞ്ഞികളും ഒരു നറുപുഷ്പവും തിരഞ്ഞെടുക്കുന്നത്. രണ്ടും അതിമനോഹരമായ പാട്ടുകളാണ്. എനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടമുള്ളവയാണ്. ഏതെങ്കിലും ഒരു രാഗത്തിലുള്ള പാട്ടുകളോട് പണ്ടേ ഒരു താത്പര്യക്കൂടുതലുണ്ട്. അത് എനിക്ക് മാത്രമല്ല സംഗീതം ആസ്വദിക്കുന്ന ഒട്ടുമിക്കവരുടേയും ഇഷ്ടം അതുതന്നെയാണ്. അത്തരം പാട്ടുകൾ വളരെപ്പെട്ടെന്ന് പ്രേക്ഷകരുടെ മനസിലേക്ക് കയറും.
എന്നെങ്കിലും കവർസോംഗ് ചെയ്യുന്ന സമയത്ത് രവീന്ദ്രൻമാഷിന്റെ ഒരു പാട്ട് ചെയ്യണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും മനോഹരമാണ്. അതിലേത് തിരഞ്ഞെടുക്കും എന്നത് ഒരു വലിയ ടെൻഷനായിരുന്നു. മെലോഡിയസായ ഒരു പാട്ട് എടുക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് നീലക്കുറിഞ്ഞികളിലേക്ക് എത്തിയത്. ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി രണ്ട് പാട്ടുകൾ ചേർത്ത് ഒരു മാഷപ്പ് രീതിയിൽ കവർ ചെയ്യാം എന്ന് ചിന്തിച്ചു. പിന്നെ അതിനോടൊപ്പം ചേർന്നു പോകുന്ന മറ്റൊരു പാട്ടിന് വേണ്ടിയുള്ള തിരച്ചിൽ അവസാനിച്ചത് ഒരു നറുപുഷ്പമായി എന്ന പാട്ടിലാണ്. രമേഷ് നാരായണൻ സാറിന്റെ പാട്ടാണ്. വ്യക്തിപരമായി എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് അത്. ഒരു നറുപുഷ്പമായ് ശരിക്കും ഒരു ഹിന്ദുസ്ഥാനി മൂഡിലുള്ളതാണ്. അങ്ങനെ ഈ രണ്ട് പാട്ടുകളും രണ്ട് തരത്തിലുള്ളവയാണ്. അവ തമ്മിൽ ചേർക്കുമ്പോഴും ഒരുപാട് ആശങ്കകളുണ്ടായിരുന്നു. പക്ഷേ പ്രോഗ്രാമിംഗൊക്കെ കഴിഞ്ഞ് വന്നപ്പോൾ ദൈവാനുഗ്രഹം കൊണ്ട് എല്ലാം ശരിയായി. ""
കവർ ചെയ്യുമ്പോൾ ഒരുപാട് സൂക്ഷിക്കണമെന്ന അഭിപ്രായക്കാരിയാണ് മൃദുല. തിരഞ്ഞെടുക്കുന്ന പാട്ടുകൾ മിക്കതും അതിമനോഹരമായവയായിരിക്കും. അതുകൊണ്ടുതന്നെ ആ പാട്ടുകളെ ഒട്ടും നോവിക്കാതെ വേണം കവർ ചെയ്യേണ്ടത്. പഴയ പാട്ടിനെ പുനർസൃഷ്ടിക്കുകയാണ് കവർ സോംഗിൽ ചെയ്യുന്നത്. അപ്പോൾ അതിന്റെ ജീവൻ പോകാൻ പാടില്ല എന്ന് സാരം. യഥാർത്ഥ പാട്ടിന്റെ ഭാവം നഷ്ടപ്പെടാതെ വേണം അവതരിപ്പിക്കാൻ. കുറച്ചധികം സമയമെടുത്താണ് അത് പൂർത്തിയാക്കിയത്. അതിന്റെ ഫലവും കിട്ടി എന്ന് പറയാം. ഒരുപാട് പേർ നല്ല അഭിപ്രായം പറഞ്ഞു. അത് വലിയ അംഗീകാരമാണ്.
ഒരുപാട് പേരുടെ പരിശ്രമത്തിന്റെ ഫലമാണ് അത്രയും നല്ല ഒരു വിഷ്വൽ ചിത്രീകരിക്കാൻ സാധിച്ചത്. ഞാൻ എന്താണോ മനസിൽ വിചാരിച്ചത് അതുപോലെ കീബോർഡ് പ്രോഗ്രാം ചെയ്തുതന്നത് മധു പോൾ എന്ന ചേട്ടനാണ്. മധുച്ചേട്ടനെ വിളിക്കുമ്പോൾ തന്ന അത് എനിക്ക് ഉറപ്പായിരുന്നു. പിന്നെ റെക്കോർഡിംഗ് നടത്തിയത് ബാലുച്ചേട്ടന്റെ (ബാലമുരളി ശശിധരൻ) സ്റ്റുഡിയോയിലാണ്. പാടുന്ന സമയത്തൊക്കെ ബാലുച്ചേട്ടൻ ഒരുപാട് സഹായിച്ചിരുന്നു.
സാധാരണ പാടാൻ പോകുമ്പോൾ സംഗീതസംവിധായകരാണ് കാര്യങ്ങളൊക്കെ പറഞ്ഞുതന്ന് സഹായിക്കുന്നത്. ഇവിടെ അങ്ങനെ ഒരു ഓപ്ഷനില്ലാത്തതുകൊണ്ട് ബാലുച്ചേട്ടനാണ് സഹായിച്ചത്. ഓരോ തവണയും ഞാൻ ആളോട് ചോദിക്കും ശരിയായോ എന്ന്. പൂർണമായും ഓക്കെ ആണെങ്കിൽ മാത്രമേ അദ്ദേഹം ഓക്കെ പറയൂ. ഇല്ലെങ്കിൽ കുറച്ചുകൂടി നന്നാക്കാം എന്നേ പറയൂ. അതുകൊണ്ട് ധൈര്യമായി അഭിപ്രായം ചോദിക്കാം. പിന്നെ ഇതിന്റെ മിക്സിംഗും കാര്യങ്ങളുമൊക്കെ ചെയ്തിരിക്കുന്നത് ലാലീ ലാലിയൊക്കെ ചെയ്ത രഞ്ജിത്ത് രാഘവാണ്.
എം.ജയചന്ദ്രൻ സാറിന്റെ ഒട്ടുമിക്ക ട്യൂണുകളും മിക്സ് ചെയ്തിരിക്കുന്നത് രഞ്ജിത്തേട്ടനാണ്. അദ്ദേഹത്തെ ഇതിലേക്ക് കിട്ടിയത് ശരിക്കും ഭാഗ്യമാണ്. ആ ഒരു പൂർണത എന്റെ കവറിനും കിട്ടാൻ കാരണം രഞ്ജിത്തേട്ടനാണ്. ഇനി ചിത്രീകരണത്തിലേക്ക് വരുമ്പോൾ ഇത്രയും മനോഹരമായ ദൃശ്യങ്ങൾ കാമറയിലാക്കിയത് ജോബിൻ കായനാട് എന്ന കാമറാമാനാണ്. പാട്ടുകാരെ സംബന്ധിച്ച് പാട്ടിനാണ് മുൻതൂക്കം അതുകൊണ്ടുതന്നെ വിഷ്വലിനെ കുറിച്ച് അത്രയ്ക്ക് ചിന്തിക്കില്ല എന്നതാണ് സത്യം. കാമറയ്ക്ക് മുന്നിൽ എങ്ങനെ നിൽക്കണം, ഏത് ആംഗിളിലാണ് കാണാൻ മികച്ചത് അത്തരം കാര്യങ്ങളുടെയൊക്കെ പൂർണമായ ക്രെഡിറ്റ് അദ്ദേഹത്തിനാണ്.
ഇത് സംവിധാനം ചെയ്തിരിക്കുന്നത് ശ്യാമ് ലിൻ ജേക്കബാണ്. ലൊക്കേഷനും ഷോട്ടുകളുമൊക്കെ തീരുമാനിച്ചത് അദ്ദേഹമാണ്. അതിലെ മേക്കപ്പിനും ഒരുപാട് അഭിപ്രായങ്ങൾ കിട്ടി. അതിന്റെ ക്രെഡിറ്റ് മുഴുവൻ ഫെമി ചേച്ചി (ഫെമി ആന്റണി) ക്കാണ്."
മലയാള ചാനൽ റിയാലിറ്റി ഷോകളുടെ ശ്രദ്ധേയമായ കണ്ടെത്തലാണ് ഗായിക മൃദുലാ വാര്യർ എന്ന് പറയാം. സിനിമയിലേക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതും അതുവഴി തന്നെ.
'' റിയാലിറ്റി ഷോകളിലൂടെയാണ് ഞാൻ ഈ രംഗത്തേക്ക് വരുന്നത്. ഞാൻ പങ്കെടുത്ത ഒരു റിയാലിറ്റി ഷോയുടെ ജഡ്ജായിരുന്നു അൽഫോൺസ് സാർ. അദ്ദേഹത്തിന്റെ പ്രോജക്ടായിരുന്നു ബിഗ് ബി. അതിൽ അദ്ദേഹത്തോടൊപ്പം ഒരു ഡ്യൂയറ്റ് പാടിയാണ് പിന്നണിഗാനരംഗത്തേക്ക് ഞാനെത്തിയത്. ആദ്യമായി റെക്കോർഡിംഗിന് വേണ്ടി ഒരു മൈക്കിന് മുന്നിൽ നിന്നത് ഒരിക്കലും മറക്കാനാവില്ല. നല്ല എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നെങ്കിലും ടെൻഷൻ ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല. അതിന്റെ കാരണം അൽഫോൺസ് സാർ തന്നെയാണ്.
വളരെ കൂളായി നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. റിയാലിറ്റി ഷോയിൽ അദ്ദേഹം ഞങ്ങളുടെ ഗ്രൂമറുമായിരുന്നു. എന്നെ എങ്ങനെ പാടിക്കണം എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എന്റെ ശബ്ദത്തിന്റെ പ്രത്യേകതകളും നന്നായി അറിയാം. അതുകൊണ്ടുതന്നെ ഞാൻ കൂളായി പോയി പാടി തിരിച്ചു വന്നു. അത്രയേ എനിക്ക് അറിയുള്ളൂ. ശരിക്കും ഐഡിയ സ്റ്റാർ സിംഗർ മുതലാണ് പാട്ട് തന്നെ പ്രൊഫഷനായി തിരഞ്ഞെടുക്കാം എന്ന ചിന്ത വരുന്നത്. പാട്ടും പഠിത്തവും ഒരുമിച്ച് കൊണ്ടു പോകണം എന്നായിരുന്നു ആഗ്രഹം. എൻജിനിയറിംഗ് പഠിക്കുന്ന കാലത്തൊക്കെ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. പലപ്പോഴും പ്രോഗ്രാമുകൾ കാരണം ക്ലാസ് മിസാവും. ഇന്റേണൽസിന്റെ സമയത്തൊക്കെ ഒരുപാട് ടെൻഷനടിച്ചിട്ടുണ്ട്. പക്ഷേ ഈശ്വരാനുഗ്രഹവും വീട്ടുകാരുടെ പിന്തുണയും കൊണ്ട് കോഴ്സ് നല്ല രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചു. പക്ഷേ ആ പ്രൊഫഷൻ തുടരാൻ കഴിഞ്ഞില്ല. പാട്ടിനോടുള്ള ഇഷ്ടം ഒരുപടി മുന്നിൽ നിന്നതാവാം കാരണം.
വളർന്നുവരുന്ന ഗായകർക്ക് കിട്ടുന്ന ഒരു വലിയ അവസരമാണ് റിയാലിറ്റി ഷോകളെന്ന അഭിപ്രായമാണ് മൃദുലയ്ക്കുള്ളത്. അതുവഴി വന്ന ഒരാളായതുകൊണ്ട് തന്നെ ഉറപ്പിച്ച് പറയാമെന്നും മൃദുലയുടെ വാക്കുകൾ. റിയാലിറ്റി ഷോയ്ക്ക് മുമ്പുള്ള ഞാനും അത് കഴിഞ്ഞപ്പോഴുള്ള ഞാനും തമ്മിൽ ഒരുപാട് അന്തരമുണ്ട്. പാടുന്നതിന്റെ സാങ്കേതികവും ശാസ്ത്രീയവുമായ കാര്യങ്ങളെക്കുറിച്ച് മനസിലാക്കാൻ സാധിക്കും. നമ്മൾ കണ്ട് വളർന്ന ഗായകരുടെ അനുഭവങ്ങളും നിർദേശങ്ങളും ഒക്കെ നമുക്ക് ലഭിക്കും എന്നതാണ് വസ്തുത.
ഒരു വേദിയിൽ പാടുന്ന സമയത്ത് അതൊരു മെലഡിയാണെങ്കിൽ പോലും ആസ്വാദകരുമായി കണ്ണുകൾ കൊണ്ടെങ്കിലും സംവദിക്കാൻ ശ്രമിക്കണം. ചെറിയ രീതിയിലാണെങ്കിൽ കൂടി അവരുമായി ഒരു ആശയവിനിമയം നടത്താൻ ശ്രമിക്കണം. ഇത്തരം കാര്യങ്ങളൊക്കെ ഞാൻ പഠിച്ചത് റിയാലിറ്റി ഷോയിൽ നിന്നാണ്. അത്തരത്തിൽ ഒരുപാട് കാര്യങ്ങൾ നമുക്ക് അവിടെ നിന്ന് പഠിക്കാനാവും. ഷോകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഗ്രൂമിംഗ് സെഷനുകളിൽ നിന്നാണ് മോഡുലേഷൻ, റേയ്ഞ്ച്, കോസ്റ്റ്യൂം തുടങ്ങിയവയെ കുറിച്ചെല്ലാം ധാരണ കിട്ടുന്നത്.
പാട്ട് മാത്രമല്ല അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങളെക്കുറിച്ചുള്ള അറിവുകളും നമുക്ക് അവിടെ നിന്നും കിട്ടും. മുമ്പൊക്കെ ഗായകർ എന്നാൽ ശബ്ദം മാത്രമായിരുന്നു. പക്ഷേ ഇന്ന് അങ്ങനെയല്ല കാഴ്ചയ്ക്കും ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. അത് മനസിലാക്കി മുന്നോട്ടു പോയില്ലെങ്കിൽ ചിലപ്പോ നമ്മൾ പിന്നിലായിപ്പോകും. പിന്നെ അതിലെ വിധികർത്താക്കളുടെ കമന്റ്സ്. അവരൊക്കെ എത്രയോ വർഷത്തെ അനുഭവസമ്പത്തുള്ളവരാണ്. ആ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്ന കമന്റുകൾ നമ്മളെ മെച്ചപ്പെടുത്താൻ ഒരുപാട് സഹായിക്കും.
അടുത്ത തവണ തെറ്റ് വരുത്താതിരിക്കാൻ ശ്രമിക്കും. ഒരിക്കൽ ദാസ് സാറിന്റേയും ജാനകിയമ്മയുടേയും മുന്നിൽ പാടാൻ പറ്റി. പിന്നീടൊരിക്കൽ സുശീലാമ്മയ്ക്കൊപ്പം പാടാൻ പറ്റി. അവരൊക്കെ എത്രയോ ഉയരത്തിൽ നിൽക്കുന്നവരാണ്. അവരുടെ മുന്നിൽ പാടാൻ സാധിച്ചതു തന്നെ ഭാഗ്യമാണ്. നമ്മളൊക്കെ ജനിക്കുന്നതിന് മുമ്പേ തന്നെ പാടാൻ തുടങ്ങിയവരാണ്. അവരൊക്കെ നമ്മളെപ്പോലുള്ളവരെ ഒരു ആർട്ടിസ്റ്റായി കാണുന്നതുതന്നെ വലിയ സന്തോഷം തരുന്ന കാര്യമാണ്. അംഗീകാരമാണ്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള ജീവിതത്തിൽ പാട്ടുതന്നെയാണ് സ്വപ്നം കാണുന്നത്." മൃദുല പറഞ്ഞു നിറുത്തി.