തിരുവനന്തപുരം: ആഡംബര കാറുകൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച കേസുകളിൽ മോട്ടോർ വാഹന വകുപ്പ് ഇനിയും പിരിച്ചെടുക്കാനുള്ളത് 60 കോടിയിലധികം രൂപ! ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുണ്ടായിരുന്ന കേസ് തീർപ്പായെങ്കിലും സർക്കാരിലേക്ക് ലഭിക്കാനുള്ള പണം പിരിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദാസീനത കാട്ടുന്നുവെന്നാണ് ആക്ഷേപം. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് കിട്ടാനുള്ള കോടികൾ പിരിച്ചെടുക്കാൻ കർശന നടപടി കാട്ടാതെയുള്ള വകുപ്പിന്റെ മെല്ലെപ്പോക്ക്.
കഴിഞ്ഞ ഒക്ടോബറിലാണ് പുതുച്ചേരിയിൽ ആഡംബരകാറുകൾ രജിസ്റ്റർ ചെയ്ത് സംസ്ഥാനത്തെത്തിച്ച് നികുതി വെട്ടിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ പ്രമുഖരുടേതുൾപ്പെടെ 1,071 വാഹനങ്ങൾ ഇത്തരത്തിൽ നികുതിവെട്ടിച്ച് കേരളത്തിലോടുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നുള്ള നടപടിയിൽ 632 വാഹനങ്ങളിൽ നിന്നായി 37.29 കോടി രൂപ നികുതിയിനത്തിൽ ഈടാക്കിയിരുന്നു. ശേഷിക്കുന്ന വാഹനങ്ങളിൽ നിന്നാണ് ഇനി 60 കോടിയോളം കിട്ടാനുള്ളത്.
ചില വാഹനങ്ങൾ വ്യാജവിലാസം ഉപയോഗിച്ച് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇത്തരത്തിൽ 35ഓളം പേർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇതിനിടെ 215 വാഹന ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, ഒരുമാസത്തിലധികം കേരളത്തിൽ ഓടണമെങ്കിൽ ഒരുവർഷത്തെയും ഒരുവർഷത്തിലധികം ഓടണമെങ്കിൽ ലൈഫ് ടാക്സും ഒടുക്കണമെന്ന് കോടതി നിർദേശിച്ചു. എന്നിട്ടും ശേഷിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് അലംഭാവം കാട്ടുന്നുവെന്നാണ് ആക്ഷേപം.
കേരളത്തിൽ നിന്ന് വാങ്ങുന്ന വാഹനങ്ങൾ നികുതി കുറവിനായി പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നതുമൂലം ആ നികുതി കേരളത്തിന് നഷ്ടമാവുന്നു. കേന്ദ്രഭരണ പ്രദേശമായതിനാൽ പുതുച്ചേരിയിൽ നികുതി കുറവാണ്. അവിടെ ഏതെങ്കിലും താത്കാലിക വിലാസം ഒപ്പിച്ചാണ് രജിസ്ട്രേഷൻ നടത്തുക. തുടർന്ന് വാഹനം കേരളത്തിലെത്തിച്ച് ഇവിടെ ഓടിക്കുകയാണ് ചെയ്തിരുന്നത്.
ലക്ഷങ്ങളുടെ ലാഭം
20 ലക്ഷത്തിന് മുകളിൽ വിലയുള്ള ആഡംബര കാറുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടയ്ക്കണം. ഇതൊഴിവാക്കാനാണ് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നത്. 20 ലക്ഷത്തിന് മുകളിൽ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പുതുച്ചേരിയിൽ ഫ്ളാറ്റ് ടാക്സ്. ഒരു കോടിയ്ക്ക് മുകളിൽ വിലയുള്ള വാഹനമായാൽപോലും പുതുച്ചേരിയിൽ ഒന്നര ലക്ഷമേയുള്ളു നികുതി. ഇതാണ് ആഡംബര വാഹനങ്ങൾ പലതിനേയും അങ്ങോട്ടേക്ക് ആകർഷിച്ചിരുന്നത്.
നികുതിവെട്ടിച്ചത്- 1071 വാഹനങ്ങൾ
നികുതി ഒടുക്കിയത്- 632 വാഹനങ്ങൾ
പിരിഞ്ഞുകിട്ടിയത്- 37.29 കോടി
നികുതി ഒടുക്കാനുള്ളത്- 439 (കോടതിയെ സമീപിച്ചവരുൾപ്പെടെ)
കിട്ടാനുള്ളത്- 60 കോടി
''നികുതി വെട്ടിപ്പിനെതിരായ നടപടികൾക്കെതിരെ വാഹന ഉടമകളിൽ ചിലർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിൽ നിലവിലുണ്ടായിരുന്ന കേസുകൾ തീർപ്പായ സാഹചര്യത്തിൽ കോടതിയെ സമീപിച്ച 215 വാഹനങ്ങൾ ഉൾപ്പെടെ പുതുച്ചേരി രജിസ്ട്രേഷനിൽ കേരളത്തിലോടുന്ന മുഴുവൻ വാഹനങ്ങളുടേയും ഉടമകൾക്ക് നോട്ടീസ് നൽകി നികുതി ഈടാക്കൽ നടപടികൾ ആരംഭിക്കും.
രാജീവ് പുത്തലത്ത് , ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ