വാഷിംഗ്ടൺ: ഇറാന്റെ മിസൈൽ വിക്ഷേപണകേന്ദ്രത്തിന്റെ ആകാശദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്കെതിരെ ഇറാന് പ്രയോഗിക്കാനുള്ള പുതിയ ആയുധമാണ് ചിത്രമുൾപ്പെടുന്ന ട്വീറ്രെന്നാണ് വിലയിരുത്തൽ. അമേരിക്ക തങ്ങളുടെ രാജ്യത്ത് ചാരപ്രവർത്തനം നടത്തുന്നു എന്ന ആരോപണം ഇറാൻ നേരത്തേ തന്നെ ഉന്നയിക്കുന്നതാണ്. ഇത് ഏറക്കുറെ സ്ഥിരീകരിക്കുകയാണ് ട്രംപ് ചെയ്തിരിക്കുന്നത്.
മിസൈൽ വിക്ഷേപണ കേന്ദ്രത്തിന്റെ ഉപഗ്രഹ ചിത്രമല്ല പുറത്ത് വന്നിട്ടുള്ളത്, വിമാനത്തിൽ നിന്നോ ഡ്രോൺ ഉപയോഗിച്ചോ വളരെ അടുത്തുനിന്ന് പകർത്തിയ ചിത്രങ്ങളാണിതെന്നാണ് വിദഗ്ദ്ധരുടെ റിപ്പോർട്ടുകൾ. അതേസമയം, ഇറാൻ-അമേരിക്ക ബന്ധത്തെ കൂടുതൽ ഉലയ്ക്കുന്നതാണ് ട്രംപിന്റെ നടപടി. ഇറാന്റെ വ്യോമാതിർത്തി അമേരിക്ക ലംഘിക്കുന്നു എന്ന ആരോപണം നേരത്തെ തന്നെ ഉള്ളതാണ്. അടുത്തിടെ അമേരിക്കയുടെ അത്യാധുനിക ചാര ഡ്രോൺ, ഇറാൻ വെടിവച്ചിടുകയും ചെയ്തിരുന്നു. എന്നാൽ തങ്ങൾ വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്നാണ് അമേരിക്കയുടെ ആവർത്തിച്ചുള്ള വിശദീകരണം. അതേസമയം, ട്രംപിന്റെ ട്വീറ്റിനെ കുറിച്ച് വൈറ്റ് ഹൗസ്
പ്രതികരിച്ചിട്ടില്ല.
ട്രംപിന്റെ ചിത്രത്തിലെന്ത്?
ഇറാനിലെ സെമ്‌നാൻ ലോഞ്ച് സൈറ്റ് വണ്ണിൽ കഴിഞ്ഞ ദിവസം സാഫിർ എസ്.എൽ.വി ലോഞ്ചിനിടെ അപകടം നടന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ ലോഞ്ച് സൈറ്റിന്റെ ചിത്രം ആണ് ട്രംപ് ട്വീറ്റ് ചെയ്തത്. ആ അപകടത്തിൽ അമേരിക്കയ്ക്ക് ഒരു പങ്കുമില്ലെന്നാണ് ട്വീറ്റിൽ ട്രംപ് വിശദീകരിക്കുന്നത്. ഇറാന് അടുത്ത തവണ ഭാഗ്യം ആശംസിക്കുകയും ചെയ്തിട്ടുണ്ട് ട്രംപ്. ഉപഗ്രഹ വിക്ഷേപണത്തിനായി ഉപയോഗിക്കുന്ന റോക്കറ്റ് ആയ സാഫിർ എസ്.എൽ.വി ഉപയോഗിച്ച് ഉപഗ്രഹം വിക്ഷേപിക്കുന്നതിനെതിരെ എതിർപ്പുമായി യു.എസ് തുടക്കം മുതൽ രംഗത്തുണ്ടായിരുന്നു.
''ഞങ്ങൾക്ക് ഒരു ചിത്രം കിട്ടി. അത് ഞാൻ പുറത്ത് വിടുകയും ചെയ്തു. അതിന് എനിക്ക് പൂർണ അധികാരമുണ്ട്"- വിവാദത്തോട് ട്രംപിന്റെ പ്രതികരണം