iran-tanker-

വാഷിംഗ്ടൺ: ഇറാനിയൻ എണ്ണക്കപ്പലായ അഡ്രിയാൻ ഡാരിയ വണ്ണിനെ അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തി. സിറിയയിലേക്ക് അനധികൃതമായി എണ്ണകടത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് അമേരിക്കയുടെ നടപടി. നേരത്തെ ബ്രിട്ടൻ പിടിച്ചെടുത്ത ശേഷം വിട്ടയച്ച ഗ്രേസ് വൺ എന്ന കപ്പലാണ് അഡ്രിയാൻ ഡാരിയ വൺ.

21 ലക്ഷം ബാരൽ ഇറാനിയൻ ക്രൂഡോയിൽ അനധികൃതമായി സിറിയയിലേക്ക് കടത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് അമേരിക്ക കപ്പലിനെ കരിമ്പട്ടികയിൽപ്പെടുത്തിയത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്നതിനായി ചെലവഴിക്കാനാണ് ഇറാന്റെ ഉദ്ദേശ്യമെന്നും അമേരിക്ക ആരോപിച്ചു. സിറിയൻ തുറമുഖമായ ടാർട്ടസ് ലക്ഷ്യം വെച്ച് കപ്പൽ നീങ്ങുന്നതായുള്ള വിശ്വസനീയ വിവരം തങ്ങൾക്ക് ലഭിച്ചതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സരീഫ്, കപ്പിലനെ കുറിച്ച് നൽകിയ ഉറപ്പ് വിശ്വസിച്ചത് തങ്ങൾക്ക് പറ്റിയ വലിയ തെറ്റാണെന്നും പോംപിയോ ട്വിറ്ററിൽ കുറിച്ചു.

ഇക്കഴിഞ്ഞ ജൂലായിൽ ജിബ്രാൾട്ടർ കടലിടുക്കിൽവച്ചാണ് യൂറോപ്യൻ യൂണിയന്റെ വിലക്കുകൾ മറികടന്ന് സിറിയയിലേക്ക് അനധികൃതമായി എണ്ണ കടത്തിയെന്ന പേരിൽ കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തത്. എന്നാൽ, കപ്പലിലുണ്ടായിരുന്ന എണ്ണ, സിറിയയിലേക്ക് ഉള്ളതല്ല എന്ന് ഇറാൻ വ്യക്തമാക്കിയതിനെത്തുടർന്ന് ആഗസ്റ്റ് പകുതിയോടുകൂടി ജിബ്രാൾട്ടർ കോടതി കപ്പൽ വിട്ടയയ്ക്കുകയായിരുന്നു. വിട്ടയയ്ക്കുന്നതിന് മുമ്പ് കപ്പലിലെ എണ്ണ പിടിച്ചെടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നെങ്കിലും ബ്രിട്ടൻ അത് അംഗീകരിച്ചിരുന്നില്ല.