blast-

മുംബയ്: മഹാരാഷ്ട്രയിലെ ധൂലെയിൽ രാസവസ്തു നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. 58ഓളം പേർക്ക് പരിക്കേറ്റു. ഫാക്ടറിയിലെ ഒന്നിലേറെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 9.45നായിരുന്നു സംഭവം. അപകടസമയത്ത് ഏകദേശം 100 തൊഴിലാളികൾ ഫാക്ടറിയിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മഹാരാഷ്ട്ര ഇൻഡസ്ട്രിയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ കീടനാശിനി ഉത്പാദനം നടന്നിരുന്ന ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ശബ്ദം 10 കിലോമീറ്റർ അകലെവരെ കേട്ടെന്ന് പ്രദേശവാസികൾ പറയുന്നു. പൊലീസിന്റെ വൻസംഘവും ദുരന്തനിവാരണസേനയും അഗ്നിശമനസേനയും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വിഷപ്പുക ഉയരുന്നതിനാൽ സമീപത്തെ ആറു ഗ്രാമങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സിറ്റിയിൽ നിന്നും ഏറെ ദൂരത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജീവനക്കാർ ഏറെയും കുടുംബാംഗങ്ങൾക്കൊപ്പം ഫാക്ടറിയുടെ സമീപത്ത് തന്നെയാണ് കഴിഞ്ഞിരുന്നത്. അപകടത്തിൽ ഇവിടങ്ങളിൽ താമസിക്കുന്ന കുട്ടികൾക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.