ന്യൂഡൽഹി : ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ആഭ്യന്തരം രാജ്നാഥ് സിംഗിന്റെ കൈകളിൽ ഭദ്രമായിരുന്നു. പാർട്ടിയുടെ കാര്യങ്ങളിൽ അമിത്ഷാ മുഴുകിയപ്പോഴും, വിദേശ പര്യടനങ്ങളിൽ പ്രധാനമന്ത്രി സഞ്ചരിച്ചപ്പോഴും രാജ്യം ആഭ്യന്തര മന്ത്രിയുടെ സുരക്ഷിത കരങ്ങളിലായിരുന്നു. ജമ്മുവിലൊഴികെ ഒന്നാം മോദി സർക്കാരിന്റെ കാലത്ത് രാജ്യത്തൊരിടത്തും ഭീകരർക്ക് വിധ്വംസക പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത വിധം പഴുതടച്ച സുരക്ഷ ഏർപ്പെടുത്തുന്നതിലും രാജ്നാഥ് സിംഗിന്റെ കീഴിലുള്ള ആഭ്യന്തരമന്ത്രാലയം വിജയിച്ചിരുന്നു. ആഭ്യന്തര സുരക്ഷയ്ക്ക് പലപ്പോഴും വിഘാതം സൃഷ്ടിച്ചിരുന്ന മാവോയിസ്റ്റുകളെ അമർച്ച ചെയ്യുന്നതിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയിരുന്നു.
മോദി 2.0യിലെ രാജ്നാഥ് സിംഗ്
രണ്ടാം മോദി സർക്കാരിന്റെ കാലത്ത് നിനച്ചിരിക്കാതെ അമിത്ഷായും സർക്കാരിന്റെ ഭാഗമായതോടെയാണ് രാജ്നാഥ് സിംഗിനെ പാർട്ടിയിൽ മൂന്നാമതാക്കിയോ എന്ന ചർച്ച തലപൊക്കുന്നത്. ഏറെ പരിചയ സമ്പന്നനായ ബി.ജെ.പി മുൻ അദ്ധ്യക്ഷൻ കൂടിയായ രാജ്നാഥ് സിംഗിനെ മോദി അമിത് ഷാ കൂട്ടുകെട്ടിൽ പാർട്ടിയിൽ തഴയപ്പെടുന്നുണ്ടോ എന്ന ചർച്ചയും സജീവമായിരുന്നു. എന്നാൽ മോദിക്കുശേഷം രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തതോടെ രണ്ടാം സർക്കാരിലും രണ്ടാമൻ രാജ്നാഥ് സിംഗ് ആണെന്ന സൂചന മോദി നൽകി. എന്നാൽ രണ്ടാം മോദി സർക്കാരിൽ രാജ്നാഥ് സിംഗിന് ആഭ്യന്തരത്തിന് പകരം ലഭിച്ചത് പ്രതിരോധമായിരുന്നു. അമിത്ഷായ്ക്ക് ആഭ്യന്തരം നൽകേണ്ടി വന്നപ്പോഴാണ് രാജ്നാഥ് സിംഗിനെ പ്രതിരോധത്തിന്റെ ചുമതലയിലേക്ക് മാറ്റേണ്ടിവന്നത്.
പാകിസ്ഥാനെ കുരുക്കിയ വാദങ്ങൾ
കാശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചത് ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയായിരുന്നുവെങ്കിൽ അതിനുശേഷം പാകിസ്ഥാന്റെ ഭാഗത്തുനിന്നുമുയർന്ന വെല്ലുവിളികൾക്ക് മറുപടി നൽകേണ്ട ബാദ്ധ്യത പ്രതിരോധ മന്ത്രാലയത്തിന്റേതുകൂടിയാവുകയായിരുന്നു. പതിവിൽ നിന്നും വിപരീതമായി കൂടുതൽ അഗ്രസീവായി പാകിസ്ഥാനെതിരെ പ്രസ്താവന നടത്തുന്ന രാജ്നാഥ് സിംഗിനെയാണ് അവിടെ കാണാനായത്.
ജമ്മുവിൽ നിന്നും പി.ഒ.കെയിലേക്ക്
ജമ്മുവിനെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള ബഫർ സോണാക്കിയുള്ള രാജ്യ സുരക്ഷയായിരുന്നു ഇതുവരെ പാകിസ്ഥാനുണ്ടായിരുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ വാദമായിരുന്നു രാജ്നാഥ് സിംഗ് ഉയർത്തിയത്. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യയും പാകിസ്ഥാനും ചർച്ച ചെയ്യേണ്ടത് പാകിസ്ഥാൻ പിടിച്ചുവച്ചിരിക്കുന്ന കാശ്മീരിനെ കുറിച്ചുമാണെന്ന ചർച്ചയ്ക്ക് വഴിമരുന്നിട്ടത് രാജ്നാഥ് സിംഗാണ്. ഇതു പാകിസ്ഥാനെ കൂടുതൽ പ്രതിരോധത്തിലാഴ്ത്തി. സമാധാനത്തിന്റെ പാതയിലാണ് തങ്ങളെന്ന വാദമുയർത്തിയിരുന്ന പാക് ഭരണകൂടം പി.ഒ.കെ ചർച്ചയിലേക്ക് വന്നതോടെ സ്വരം മാറ്റുകയും, യുദ്ധ ഭീഷണി മുഴക്കുകയുമായിരുന്നു. പതിവു പോലെ തങ്ങളുടെ അണ്വായുധശേഷിയെ മുൻനിർത്തി ഇന്ത്യയെ വെല്ലുവിളിക്കാനാണ് പാകിസ്ഥാൻ ശ്രമിച്ചത്.
മാറിയ അണ്വായുധ നയം
സമാധനത്തിലൂന്നിയ അണ്വായുധ രാഷ്ട്രമാണ് ഇന്ത്യ. അക്രമിക്കുവാനല്ല പ്രതിരോധിക്കുവാനാണ് അണ്വായുധ ശേഷി സ്വായത്തമാക്കിയതെന്ന് പലഘട്ടങ്ങളിലായി ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധത്തിൽ ശത്രുവിനെതിരെ ആദ്യം അണ്വായുധം ഉപയോഗിക്കില്ലെന്ന വാക്കും മുൻ ഭരണാധികാരികൾ നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയ്‌ക്കെതിരെ പതിവായി അണ്വായുധത്തിന്റെ പിൻബലത്തിൽ വെല്ലുവിളി നടത്തുന്ന പാകിസ്ഥാന് അതേ നാണയത്തിൽ തിരച്ചടി നൽകുവാനും രാജ്നാഥ് സിംഗ് മടിച്ചില്ല. വേണ്ടിവന്നാൽ സാഹചര്യം ആവശ്യപ്പെട്ടാൽ ആദ്യം ശത്രുവിനു നേരെ അണ്വായുധം പ്രയോഗിക്കുമെന്ന് അദ്ദേഹം തുറന്നടിച്ചു. ഇതോടെ പാകിസ്ഥാൻ കൂടുതൽ പ്രതിരോധത്തിലായി. പാകിസ്ഥാനിലെ ജനങ്ങൾ ആണവാക്രമണമുണ്ടായാൽ എന്തു ചെയ്യണമെന്ന് ഗൂഗിൾ സെർച്ച് ചെയ്യുന്നതായി വാർത്തകൾ ഈ അവസരത്തിൽ പുറത്തുവന്നിരുന്നു.
രണ്ടാം മന്ത്രിസഭയിലെ രണ്ടാമനായ രാജ്നാഥ് സിംഗിന്റെ മാറിയ മുഖം ദേശീയ മാദ്ധ്യമങ്ങളടക്കം ഈ അവസരത്തിൽ ചർച്ച ചെയ്യുകയാണ്. ഒന്നാം മോദിസർക്കാരിന്റെ കാലത്ത് ജമ്മുവിലടക്കമുണ്ടാവുന്ന അനിഷ്ട സംഭവങ്ങളിൽ അപലപിക്കുന്ന ചിലപ്പോൾ ശക്തമായി അപലപിക്കുന്ന ആഭ്യന്തര മന്ത്രിയായിരുന്നു രാജ്നാഥ് സിംഗ് എന്നാൽ രണ്ടാം മോദി സർക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രിയുടെ കസേരയിലിരിക്കുന്ന രാജ്നാഥ് സിംഗിന്റെ മാറ്റം പ്രവചിക്കാനാവാത്തതാണ്. പ്രതിരോധമന്ത്രിക്ക് ശത്രുക്കളെ പ്രതിരോധിക്കാൻ മാത്രമല്ല മർമ്മം നോക്കി ആക്രമിക്കാനും അറിയാം.