army-officer

ഗുവാഹത്തി: കരസേനയിൽ സേവനമനുഷ്ഠിച്ച ജൂനിയർ കമ്മീഷൻഡ് ഓഫീസർ മുഹമ്മദ് സനാവുള്ളയെ വീണ്ടും പൗരത്വ രജിസ്ട്രറിൽ നിന്ന് പുറത്താക്കി. അദ്ദേഹത്തിന്റെ മാത്രമല്ല മക്കളുടെ പേരും പൗരത്വ രജിസ്ട്രറിൽ ഇല്ല. ഇത്തവണത്തെ ലിസ്റ്റിലെങ്കിലും പേരുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെന്ന് മുഹമ്മദ് സനാവുള്ള പറഞ്ഞു.

'ചഗ്യോനിലെ എൻ.ആർ.സി സേവാ കേന്ദ്രയിലേക്ക് വിളിക്കുകയും എല്ലാ രേഖകളും സമർപ്പിക്കുകയും ചെയ്തിരുന്നു. അവസാന നിമിഷമെങ്കിലും എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണ്. എന്നാൽ അതുണ്ടായില്ല. എന്റെ മാത്രമല്ല, എന്റെ മക്കളായ ഷെഹ്‍നാസ്, ഹിൽമിന, സയ്യീദ് എന്നിവരുടെ പേരും പൗരത്വ റജിസ്റ്ററിലില്ല'- സനാവുള്ള ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.


കഴിഞ്ഞ വർഷം ട്രൈബ്യൂണൽ ഇന്ത്യൻ പൗരനല്ലെന്ന് ആരോപിച്ച് മുഹമ്മദിനെ ഡിറ്റൻഷൻ ക്യാംപിലേക്കയച്ചിരുന്നു. പ്രസിഡന്റിന്റെ മെഡൽവരെ വാങ്ങിയ,​കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഓഫീസറെ വിദേശിയെന്ന് മുദ്രകുത്തിയതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ട്രൈബ്യൂണലിന്റെ വിധി പുന:പരിശോധിക്കണമെന്ന് ഗുവാഹത്തി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ പുതുക്കിയ പട്ടികയിലും അദ്ദേഹത്തിന്റെ പേരില്ല.

19.06 ലക്ഷം പേരെ പുറത്താക്കിക്കൊണ്ടാണ് അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എൻ.ആർ.സി) അന്തിമ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. അർഹരെന്ന് കണ്ടെത്തിയ 3.11 കോടി പേർക്ക് പൗരത്വം അനുവദിച്ചിട്ടുണ്ട്. ഈ പട്ടികയിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ 120 ദിവസത്തിനകം ഫോറിനേഴ്സ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും എൻ.ആർ.സിയുടെ അസാം കോർഡിനേറ്റർ പ്രതീക് ഹജേല അറിയിച്ചിട്ടുണ്ട്. ഇതിനായി ആയിരം കേന്ദ്രങ്ങൾ ഉടൻ തന്നെ തുടങ്ങും. പട്ടികയിൽ നിന്നും പുറത്തായവരെ ഉടൻ വിദേശികളായി പ്രഖ്യാപിക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.