bank-merger

കൊച്ചി: പൊതുമേഖലയിലെ പത്തു ബാങ്കുകളെ ലയിപ്പിച്ച് നാല് വലിയ ബാങ്കുകളാക്കി മാറ്റാൻ ധനമന്ത്രാലയം തീരുമാനിച്ചെങ്കിലും, ലയനം യാഥാർത്ഥ്യമാക്കാൻ തരണം ചെയ്യേണ്ടത് ഒട്ടേറെ വെല്ലുവിളികൾ. സാന്നിദ്ധ്യമുള്ള സ്ഥലം, സംസ്‌കാരം, സാങ്കേതികവിദ്യ എന്നിവ വിലയിരുത്തിയാണ് ഏതൊക്കെ ബാങ്കുകൾ തമ്മിൽ ലയിക്കണമെന്ന് സർക്കാർ തീരുമാനിച്ചത്.

സിൻഡിക്കേറ്റ് ബാങ്കും കനറ ബാങ്കും കർണാടക ആസ്ഥാനമായുള്ള ബാങ്കുകളാണ്. ദക്ഷിണേന്ത്യയിലാണ് ശക്തമായ സാന്നിദ്ധ്യം. 'ഐഫ്ളക്‌സ്" എന്ന കോർ ബാങ്കിംഗ് സംവിധാനവുമാണ് ഇരു ബാങ്കുകളും ഉപയോഗിക്കുന്നത്. എന്നാൽ, ഐഫ്ളക്‌സിന്റെ വേർഷൻ വ്യത്യസ്‌തമാണെങ്കിൽ ലയനം പൂർണമാകാൻ കുറഞ്ഞത് ഒരുവർഷമെങ്കിലുമെടുക്കും. പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറാൻ വലിയതുക ചെലവഴിക്കേണ്ടിയും വരും.

പരസ്‌പരം ലയിക്കുന്ന പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് എന്നിവ 'ഫിനാക്കിൾ" എന്ന പ്ളാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. യൂണിയൻ ബാങ്ക്, ആന്ധ്ര ബാങ്ക്, കോ‌ർപ്പറേഷൻ ബാങ്ക് എന്നിവയുടേതും 'ഫിനാക്കിൾ" പ്ളാറ്റ്‌ഫോമാണ്. ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും 'ബാങ്ക്‌സ്" എന്ന സോഫ്‌റ്റ്‌വെയറും ഉപയോഗിക്കുന്നു.

ജീവനക്കാർക്കും മാനേജ്‌മെന്റിനും ദോഷകരമാകാത്ത വിധം പൊതുവായ എച്ച്.ആർ നയം രൂപീകരിക്കുകയെന്നതാണ് മറ്റൊരു വെല്ലുവിളി. ജീവനക്കാരും ഇടപാടുകാരും നേരിട്ടേക്കാവുന്ന പ്രതിസന്ധികളും പരിഹരിക്കണം. ഇരു ബാങ്കുകളിലെയും മികച്ച ഉത്‌പന്ന-സേവനങ്ങൾ തിരിച്ചറിഞ്ഞ് നിലനിറുത്തണം.

ശാഖകളെയും ജീവനക്കാരെയും പുനഃക്രമീകരിക്കുകയും വേണം. ഒരേ സ്ഥലത്ത് സാന്നിദ്ധ്യമുള്ള രണ്ടു ബാങ്കുകളുടെയും ശാഖകൾ തമ്മിൽ ലയിപ്പിക്കുകയോ ഒന്ന്, മറ്റെവിടേക്കെങ്കിലും മാറ്റിസ്ഥാപിക്കുകയോ വേണ്ടിവരും. ശാഖകൾ ലയിപ്പിച്ചാൽ ജീവനക്കാരുടെ എണ്ണം അധികമാകും. അധികമുള്ള ജീവനക്കാരെ സ്ഥലം മാറ്റേണ്ടി വരും.

വെല്ലുവിളികൾ

 കോർ ബാങ്കിംഗ് പ്ളാറ്റ്‌ഫോം ഒന്നാക്കുക

 ദോഷകരമല്ലാത്ത, എച്ച്.ആർ നയം രൂപീകരിക്കുക

 ജീവനക്കാരും ഇടപാടുകാരും നേരിട്ടേക്കാവുന്ന പ്രതിസന്ധികൾ തരണം ചെയ്യുക

 മികച്ച ഉത്‌പന്നങ്ങളും സേവനങ്ങളും നിലനിറുത്തുക

 ശാഖകളുടെ പുനഃക്രമീകരണവും അധികമുള്ള ജീവനക്കാരുടെ വിന്യാസവും

എസ്.ബി.ഐയുടെ

'രക്ഷപ്പെടൽ"

2017ലാണ് എസ്.ബി.ടി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും മാതൃബാങ്കായ എസ്.ബി.ഐയിൽ ലയിച്ചത്. അസോസിയേറ്റ് ബാങ്കുകളായിരുന്നെങ്കിലും അഞ്ചുബാങ്കുകളുടെയും പ്രവർ‌ത്തന സംസ്‌കാരം വ്യത്യസ്‌തമായിരുന്നു. ഉപയോഗിച്ചിരുന്നത് 242 വ്യത്യസ്‌ത സാങ്കേതിക വിദ്യകളുമാണ്. പിന്നീട് പ്രത്യേക പോർട്ടൽ സജ്ജീകരിച്ചും ഇടപാടുകാരുമായും ജീവനക്കാരുമായും ചർച്ചകൾ നടത്തിയും നീണ്ടസമയമെടുത്താണ് ലയനം പൂർണമാക്കിയത്. ശാഖകളുടെയും ജീവനക്കാരുടെയും പുനഃക്രമീകരണവും വെല്ലുവിളിയായിരുന്നു.

ലയനനീക്കം

6 മാസം മുമ്പേ

10 വലിയ ബാങ്കുകളെ ലയിപ്പിച്ച് വലിയ നാലു ബാങ്കുകൾ രൂപീകരിക്കാനുള്ള തീരുമാനം കേന്ദ്രസർ‌ക്കാർ ധൃതി പിടിച്ച് എടുത്തതല്ല. കഴിഞ്ഞ ആറുമാസത്തോളമായി ധനമന്ത്രാലയത്തിലെ ധനകാര്യ വകുപ്പും വിവിധ ബാങ്കുകളുടെ ഡയറക്‌ടർ ബോ‌ർഡും ഇതു സംബന്ധിച്ച ചർച്ചയിലായിരുന്നു.

'ഫിനാക്കിൾ" പ്ളാറ്റ്‌ഫോം ഉപയോഗിക്കുന്ന പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, യൂണിയൻ ബാങ്ക്, ആന്ധ്ര ബാങ്ക്, കോ‌ർപ്പറേഷൻ ബാങ്ക് എന്നിവയെ ലയിപ്പിച്ച് ഒറ്റ ബാങ്ക് രൂപീകരിക്കാനായിരുന്നു ആദ്യ നീക്കം. എന്നാൽ, ഇത്രയും വലിയ ബാങ്കിനെ 'മാനേജ്‌" ചെയ്യാൻ പ്രയാസമായിരിക്കും എന്ന വിലയിരുത്തൽ ഉണ്ടായി. തുടർന്നാണ്, മൂന്നുവീതമായി തിരിച്ചത്.

തിരഞ്ഞെടുപ്പും വിഷയം

ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, ബാങ്ക് ഒഫ് ഇന്ത്യ, സെൻട്രൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് തുടങ്ങി എതാനും ബാങ്കുകളെ നിലനിറുത്താൻ തീരുമാനിച്ചത് അവയ്ക്ക് ശക്തമായ സാന്നിദ്ധ്യമുള്ള സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണെന്ന് സൂചനയുണ്ട്.

സിഖ് സമുദായത്തിന് ഏറെ സ്വാധീനമുള്ളതാണ് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്. സിഖുകാർ തന്നെയാണ് ബാങ്കിന്റെ തലപ്പത്ത് വരുന്നതും. ലയനത്തോടെ, ബാങ്കിന്റെ പ്രവർത്തന രീതി മാറുന്നത് ഏതി‌ർപ്പിനിടയാക്കുമെന്ന അഭിപ്രായങ്ങളും സ‌ർക്കാർ കണക്കിലെടുത്തു.