sa

ഗോഹട്ടി: ആസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ സിറ്റിംഗ് എം. എൽ. എയും മുൻ സൈനിക ഓഫീസർമാരും ഉൾപ്പെട്ടത് രജിസ്റ്ററിനെ പറ്റിയുള്ള ആക്ഷേപങ്ങൾ ശക്തമാക്കി.

പ്രമുഖ പ്രതിപക്ഷ പാർട്ടിയായ ആൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയുടെ അനന്തകുമാർ മാലോ ആണ് പുറത്തായ എം. എൽ.എ. പടിഞ്ഞാറൻ ആസാമിലെ സൗത്ത് അഭയ പുരി മണ്ഡലത്തിലെ എം. എൽ. എയാണ് മാലോ. അദ്ദേഹത്തിന്റെ മകനും രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ല. ഇത് വളരെ നിർഭാഗ്യകരമാണെന്ന് മാലോ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് എം. എൽ. എ ഇലിയാസ് അലി രജിസ്റ്ററിൽ ഉൾപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മകൾ പുറത്തായി.

കരസേനയിൽ നിന്ന് ജൂനിയർ കമ്മിഷൻഡ് ഓഫീസറായി റിട്ടയർ ചെയ്‌ത മുഹമ്മദ് സനാവുള്ളയും അദ്ദേഹത്തിന്റെ രണ്ട് പുത്രിമാരും പുത്രനും പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്തായി. അതേസമയം,​ അദ്ദേഹത്തിന്റെ ഭാര്യ രജിസ്റ്ററിൽ ഉണ്ട്. സനാവുള്ള വിദേശിയാണെന്ന് ട്രൈബ്യൂണൽ വിധിച്ചതിനെ തുടർന്ന് കുറേ ദിവസം തടങ്കലിൽ കഴിഞ്ഞിരുന്നു.

അതുപോലെ 1965ലെ ഇന്ത്യ - പാക് യുദ്ധത്തിലെ ധീരതയ്‌ക്ക് വീരചക്രം നേടിയ ബ്രിഗേഡിയർ കെ. പി. ലാഹിരിയും കുടുംബവും പൗരത്വ രജിസ്റ്ററിൽ ഇല്ല. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിലും ലാഹിരി സ്‌തുത്യർഹമായ പങ്ക് വഹിച്ചിരുന്നു.

ഒരു നൂറ്റാണ്ട് മുൻപ് ആദ്യമായി ആസാം സിൽക്ക് കയറ്റുമതി ചെയ്‌ത രാധാകൃഷ്‌ണ സരസ്വതിയുടെ കുടുംബാംഗങ്ങളിൽ ചിലരും രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ല.