bindhu-ammini

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സി.പി.എം നിലപാടിനെ രൂക്ഷമായി വിമർശിച്ച് ബിന്ദു അമ്മിണി രംഗത്ത്. ശബരിമല വിഷയത്തിൽ സി.പി.എമ്മിന് ഇരട്ട നിലപാടാണെന്നും ബിന്ദു ആരോപിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് സി.പി.എമ്മാണെന്ന് അവകാശപ്പെടുമ്പോൾ എതിർക്കുന്നവരോട് തങ്ങൾ ഭക്തർക്കൊപ്പമാണെന്നാണ് പറയുന്നത്. ഇത് രണ്ട് വള്ളത്തിൽ സഞ്ചരിക്കുന്നതിന് തുല്യമാണെന്നും ബിന്ദു കൂട്ടിച്ചേർത്തു.

ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി.സി ബുക്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം കനകക്കുന്നിൽ വച്ച് നടക്കുന്ന സ്‌പേസസ് ഫെസ്റ്റിൽ സ്ത്രീകളുടെ സ്വകാര്യവും സാമൂഹികവുമായ സ്ഥലങ്ങൾ എങ്ങനെ നിർവചിക്കാം എന്ന വിഷയത്തിലെ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താൻ സി.പി.എമ്മുകാരിയാണെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ തനിക്ക് പാർട്ടിയുമായോ സംഘടനകളുമായോ യാതൊരു ബന്ധവുമില്ലെന്നും ബിന്ദു പറഞ്ഞു.

ദളിതരെ ഉപയോഗിച്ചുകൊണ്ട് സവർണസമൂഹങ്ങൾ കലാപങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ശബരിമല അടക്കമുള്ള വിഷയങ്ങളിൽ കാണുന്നത്. എന്നാൽ ഇതെന്നും മനസിലാക്കാതെ സ്വന്തം ജനതക്ക് നേരെ അവർ കല്ലെറിയുകയാണ്. ജാതി വ്യവസ്ഥയെ പൂർണമായും ഇല്ലാതാക്കാൻചില ദളിത് സമുദായാംഗങ്ങൾ ആഗ്രഹിക്കുന്നില്ല. പകരം ഉയര്‍ന്ന ജാതിയുടെ സ്വഭാവത്തിലേക്ക് മാറാനാണ് അവരുടെ ശ്രമമെന്നും ബിന്ദു അമ്മിണി പറഞ്ഞു.