konkan-

മംഗളുരു∙ മണ്ണിടിച്ചിലിനെ തുടർന്ന് ഒമ്പതുദിവസമായി ഗതാഗതം തടസപ്പെട്ട കൊങ്കൺ പാതയിലൂടെ ട്രെയിനുകൾ കടത്തിവിട്ടുതുടങ്ങി. വൈകിട്ട് 4.20ന് നിസാമുദ്ദീൻ എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഇതുവഴി കടത്തിവിട്ടു. തുടർന്ന് മറ്റുവണ്ടികൾ ഓടിത്തുടങ്ങുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും മംഗളൂരുവിനു സമീപമുള്ള പടീൽ– കുലശേഖര സ്റ്റേഷനുകൾക്കിടയിൽ ട്രെയിനുകൾക്ക് വേഗനിയന്ത്രണമുണ്ടാകും.

ഒരാഴ്ച മുമ്പാണ് പടീൽ ജോക്കട്ട റെയിൽവേ സ്റ്റേഷനുകൾക്കിടയിൽപ്പെട്ട കുലശേഖരയിൽ കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞുവീണതിനെതുടർന്ന് ഗതാഗതം തടസപ്പെട്ടത്. മണ്ണിടിഞ്ഞ ഭാഗത്ത് മണൽചാക്കുകൾ നിരത്തി പാർശ്വഭിത്തി ബലപ്പെടുത്തി. മണ്ണിനടിയിലായ പഴയ ട്രാക്ക് വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കൊങ്കൺ പാത അടച്ചതോടെ മലബാറിൽ യാത്രാക്ലേശം രൂക്ഷമായിരുന്നു