ഗുവാഹത്തി : ദേശീയ പൗരത്വ രജിസ്റ്റർ പുറത്തുവന്നതിന് പിന്നാലെ പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച് അസമിലെ ബി.ജെ.പി മന്ത്രി. മുതിർന്ന ബിജെപി നേതാവും അസം ധനകാര്യ മന്ത്രിയുമായ ഹിമാന്ത ബിസ്വ സർമയാണ് അന്തിമപട്ടികയിൽ തൃപ്തനല്ല എന്നറിയിച്ചത്. 19 ലക്ഷം പേരെ പുറത്താക്കി കൊണ്ടുള്ള പട്ടികയിൽ പിഴവുണ്ടെന്നും കൂടുതൽ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നുമാണ് ബിസ്വ പറയുന്നത്. ഓരോ വിദേശിയേയും പുറത്താക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ പട്ടികയുടെ റീവെരിഫിക്കേഷനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. അസമിലെ ജനങ്ങളും പ്രക്രിയയുടെ ഫലത്തിൽ സന്തുഷ്ടരല്ലെന്നും അദ്ദേഹം പറഞ്ഞു. പുറത്താക്കപ്പെട്ടവരുടെ എണ്ണം കൂടുതൽ ആകണമായിരുന്നുവെന്നും അതിർത്തി ജില്ലകളിലെ പട്ടിക പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം അഭയാര്‍ത്ഥികൾ കൂടുതൽ ഉള്ള മേഖലകളാണിത്. തങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.