jose-k-mani-

കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ.മാണി. ഉച്ചയോടെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് ജോസ് കെ. മാണി അറിയിച്ചു. സ്ഥാനാർത്ഥി ആരെന്ന് നാളെ യു.ഡി.എഫ് നേതാക്കളെ അറിയിക്കും. ചിഹ്നത്തിന്റെ കാര്യം ശുഭകരമായി അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാലാ ഉപതിരഞ്ഞെടുപ്പിൽ നിഷ ജോസ്.കെ.മാണി യു.ഡി.എഫ് സ്ഥാനാർത്ഥിയാവുകയാണെങ്കിൽ രണ്ടില ചിഹ്നം നൽകില്ലെന്ന് പി.ജെ. ജോസഫ് അറിയിച്ചിരുന്നു. തന്നെ ചെയർമാനായി അംഗീകരിച്ചാൽ ചിഹ്നം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി നിർണയം വൈകിയിട്ടില്ലെന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയെ ഒടുവിലാണ് തീരുമാനിക്കുന്നതെന്നും പി.ജെ.ജോസഫ് പറഞ്ഞു.

സ്ഥാനാർത്ഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാനും പറഞ്ഞു. പാലായിൽ നിഷ ജോസ് കെ മാണി തന്നെ സ്ഥാനാർത്ഥിയാകുമെന്ന സൂചനകൾക്കിടയിലാണ് ജോസഫ് വിഭാഗം നിലപാട് കടുപ്പിക്കുന്നത്.

വോട്ടർ പട്ടികയിൽ പേരുള്ള നിഷ ജോസ് കെ.മാണിക്ക് സ്ഥാനാർത്ഥിയാകുന്നതിൽ തടസമില്ലെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. ഇന്ന് കോട്ടയത്തുചേർന്ന ഉപസമിതി യോഗത്തിൽ യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും പങ്കെടുത്തു. നാളെ നടക്കുന്ന നേതൃയോഗത്തിൽ സമവായം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.