voter-list-

ന്യൂഡൽഹി: ജനപങ്കാളിത്തത്തോടെ വോട്ടർപട്ടിക പുതുക്കാനും ശുദ്ധീകരിക്കാനുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബൃഹദ്പദ്ധതിക്ക് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇന്ന് തുടക്കമാകും. ഒക്ടോബർ 15വരെയാണ് ഇതിനുള്ള സമയം.

പുതിയ വോട്ടർമാരെ പട്ടികയിൽ ചേർക്കുന്നതിനും മരിച്ചവരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും വോട്ടർമാരുടെ വിലാസവും മറ്റ് വിവരങ്ങളും തിരുത്തുന്നതിനുമുള്ള അവസരമാണിത്. നിലവിലുള്ള പോളിംഗ് സ്റ്റേഷനുകളിലെ അപര്യാപ്തകൾ‍, പുതിയ പോളിംഗ് സ്റ്റേഷനുകൾക്കു യേ‍ാജിച്ച കെട്ടിടങ്ങളെക്കുറിച്ച നിർദ്ദേശം, തെറ്റുകൾ ഇല്ലാത്ത പട്ടിക തയാറാക്കാനുളള സഹായം എന്നിവ വോട്ടർമാരിൽ നിന്ന് തന്നെ തേടാനും ലക്ഷ്യമിടുന്നു.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 36 ചീഫ് ഇലക്‌ടറൽ ഓഫീസർമാർ സംസ്ഥാന ആസ്ഥാനങ്ങളിലും രാജ്യത്തെ 746 ജില്ലകളിൽ ജില്ലാ ഇലക്‌ടറൽ ഓഫീസർമാരും പത്ത് ലക്ഷം പോളിംഗ് സ്റ്റേഷനുകളിൽ ബൂത്ത് ലെവൽ ഓഫീസർമാരും പദ്ധതിക്ക് തുടക്കം കുറിക്കും.

ഓരോ കുടുംബത്തിലെയും ഒരാൾക്ക് യൂസർനെയിമും പാസ്‌വേഡും ലഭിക്കും. അത് ഉപയോഗിച്ച് www.nvsp.in വെബ് സൈറ്റിൽ ഓരോ കുടുംബത്തിന്റെയും അക്കൗണ്ടിൽ കയറി,​ കുടുംബാംഗങ്ങളുടെ രേഖകൾ അപ്‌ലോഡ് ചെയ്യാം. ഈ വിവരങ്ങൾ ബ്ലോക്ക് തല ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തും.

വോട്ടർ പട്ടിക നേരിട്ട് പരിശോധിക്കാനും തിരുത്തലുകൾ വരുത്താനും അവസരം നൽകി വോട്ടർമാരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം.

സെപ്തംബർ 30 വരെയാണ് ഓൺലൈനായി തെറ്റുകൾ തിരുത്താനുള്ള അവസരം. വോട്ടർ ഹെൽപ്പ്‌ലൈൻ മൊബൈൽ അപ്ലിക്കേഷനിലൂടെയും, എൻ.വി.എസ്.പി പോർട്ടൽ / സി.ഇ.ഒയുടെ വെബ്‌സൈറ്റ്, അക്ഷയ ഉൾപ്പടെയുള്ള പൊതു സേവന കേന്ദ്രങ്ങൾ തുടങ്ങിയവയിലൂടെ വിവരങ്ങൾ പരിശോധിച്ച് തിരുത്തലുകൾ വരുത്താം.

പുതുക്കിയ വോട്ടർ പട്ടികയുടെ കരട് 2020 ജനുവരി 1ന് പ്രസിദ്ധീകരിക്കും. ജനുവരി ആദ്യവാരമോ രണ്ടാം വാരമോ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.

വോട്ടർമാർക്ക് തിരിച്ചറിയലിന് നിലവിൽ അംഗീകരിച്ചിട്ടുള്ള ഏഴ് രേഖകൾക്ക് പുറമേ പാൻകാർഡ്, ജനസംഖ്യാ രജിസ്റ്റർ പ്രകാരം രജിസ‌്ട്രാർ ജനറൽ നൽകുന്ന സ്‌മാർട്ട് കാർഡ്, വെള്ളം , വൈദ്യുതി, ഗ്യാസ്, ഫോൺ ബില്ലുകളും രേഖയായി അംഗീകരിക്കാൻ തീരുമാനിച്ചു. ഡിജിലോക്കറിലെ രേഖകളും സമർപ്പിക്കാൻ സൗകര്യമുണ്ടാവും.