cinema-

തിരുവനന്തപുരം: സിനിമാ ടിക്കറ്റ് നിരക്കിൽ നാളെ മുതൽ വർദ്ധന. സെപ്റ്റംബർ ഒന്നുമുതൽ വിനോദനികുതി ഈടാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. 100 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾക്ക് 5 ശതമാനവും 100 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവും വിനോദ നികുതിയാണ് ഈടാക്കുക.

ഇ-ടിക്കറ്റിംഗ് നിലവിൽ വരുന്നതുവരെ ടിക്കറ്റുകൾ തദ്ദേശസ്ഥാപനങ്ങളിൽ കൊണ്ടുപോയി സീലു ചെയ്യേണ്ടതില്ല. പകരം ജി.എസ്.ടി അടയ്ക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു തൊട്ടടുത്ത മാസം മൂന്നാം തീയതിയ്ക്കകം പിരിച്ച നികുതി തദ്ദേശ സ്ഥാപനത്തിൽ അടയ്ക്കണം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരിഗണിച്ചും സിനിമാ രംഗത്തെ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുമാണ് നേരത്തെയിറക്കിയ ഉത്തരവ് ഭേദഗതി വരുത്തി തദ്ദേശഭരണ വകുപ്പ് ഇറക്കിയത്.


ജി.എസ്.ടി നിലവിൽ വന്നപ്പോഴാണ് തദ്ദേശ സ്ഥാപനങ്ങൾ പിരിച്ചിരുന്ന വിനോദ നികുതി സർക്കാർ ഒഴിവാക്കിയത്. കഴിഞ്ഞ ജനുവരി ഒന്നു മുതൽ സിനിമാ ടിക്കറ്റിന്റെ ജി.എസ്.ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ആയി കുറച്ച സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ മുൻപ് പിരിച്ചിരുന്ന വിനോദ നികുതി പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.

ഇതനുസരിച്ച് 10% വരെ വിനോദനികുതി ഏർപ്പെടുത്തുന്നതിന് നിയമ ഭേദഗതി കൊണ്ടു വന്നു. എന്നാൽ ഇതിനെതിരെ ചലച്ചിത്ര രംഗത്തെ സംഘടനകൾ രംഗത്തുവരികയും ഹൈക്കോടതി ഇടപെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണു പ്രേക്ഷകർക്ക് അധികഭാരമുണ്ടാകാത്ത വിധത്തിൽ വിനോദ നികുതി ഏർപ്പെടുത്തുന്നതെന്ന് ഉത്തരവിൽ പറയുന്നു.