ഡൽഹി പൊലീസിന്റെ വാദം പൂർത്തിയായി
ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തിലേക്ക് നയിച്ചത് ശശി തരൂരിന്റെ മാനസിക പീഡനവും വിവാഹേതര ബന്ധങ്ങളുമാണെന്നും ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ തരൂരിനെതിരെ ചുമത്തണമെന്നും ഡൽഹി പൊലീസും കൊലക്കുറ്റം ചുമത്തണമെന്ന് പബ്ലിക് പ്രോസിക്യൂട്ടറും പ്രത്യേക സി.ബി.ഐ കോടതിയിൽ വാദിച്ചു.
ഡൽഹി പൊലീസിന്റെ വാദം ഇന്നലെ പൂർത്തിയായി. കേസ് ഒക്ടോബർ 17ന് വീണ്ടും പരിഗണിക്കും.
ജീവിക്കാൻ ആഗ്രഹമില്ലെന്നും മരണത്തിനായി പ്രാർത്ഥിക്കുന്നെന്നും സുനന്ദ എഴുതിയ ഇ - മെയിൽ സന്ദേശം കണ്ടെടുത്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. കാറ്റി എന്ന പെൺകുട്ടിയുടെ പേരിലും ഐ.പി.എല്ലുമായി ബന്ധപ്പെട്ടും ഇരുവരും വഴക്കിട്ടിരുന്നു. തരൂരിന് മെഹർ തരാർ എന്ന യുവതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഇരുവരും ദുബായിൽ ഒരുമിച്ച് കഴിഞ്ഞിട്ടുണ്ടെന്നും സുനന്ദ തന്നോട് പറഞ്ഞതായി സുഹൃത്തും മാദ്ധ്യമപ്രവർത്തകയുമായ നളിനി സിംഗിന്റെ മൊഴി കോടതി നേരത്തേ രേഖപ്പെടുത്തിയിരുന്നു.
താനുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്താൻ തരൂർ ഒരുങ്ങുന്നതായി നളിനിയോട് സുനന്ദ പറഞ്ഞതായും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
പൊലീസിന്റെ ആരോപണങ്ങൾ പ്രോസിക്യൂഷൻ അതേപടി ആവർത്തിക്കുകയാണെന്ന് ശശി തരൂരിന്റെ അഭിഷകൻ പറഞ്ഞു. സുനന്ദയുടേത് ആത്മഹത്യയോ, കൊലപാതകമോ അല്ലെന്ന മനഃശാസ്ത്ര വിദഗ്ദ്ധരുടെ അഭിപ്രായം പ്രോസിക്യൂഷൻ വിട്ടുകളഞ്ഞു. സുനന്ദയെ തരൂർ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മൊഴിയും ഇല്ല. പ്രത്യേക അന്വേഷണ സംഘം നിരത്തിയ തെളിവുകളുടെ നേർവിപിരീതമായ കാര്യങ്ങളാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.