തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. മോശം കാലാവസ്ഥയെ തുടർന്ന് 21 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ 2 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 21 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (163/8). 24 പന്തിൽ 5 ഫോറും 4 സിക്സും ഉൾപ്പെടെ 55 റൺസ് നേടിയ ഇഷാൻ കിഷനാണ് ഇന്ത്യയുടെ വിജയ ശില്പിയായത്. ഇഷാൻ തന്നെയാണ് കളിയിലെ കേമനും. ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.
കഴിഞ്ഞ ദിവസം പെയ്‌ത മഴയെതുടർന്ന് ഔട്ട്ഫീൽഡിൽ നനവുണ്ടായിരുന്നതിനാലും ഇടയ്ക്ക് ചെറുതായി മഴപെയ്‌തതിനാലും രാവിലെ 9 ന് തുടങ്ങേണ്ട മത്സരം ഏറെ വൈകിയാണ് ആരംഭിച്ചത്.
ടോസ് നേടിയ ഇന്ത്യൻ നായകൻ മനീഷ് പാണ്ഡേ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 15 റൺസിലെത്തിയപ്പോൾത്തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരായ മലനെയും (6), റീസ്സ ഹെനഡ്രിക്കസിനെയും (1) നഷ്ടമായി. മലൻ റണ്ണൗട്ടായപ്പോൾ റീസ്സയെ ഖലീൽ അഹമ്മദ് ശുഭ്മാൻ ഗില്ലിന്റെ കൈയിൽ എത്തിക്കുകയായിരുന്നു. പിന്നീടെത്തിയ നായകൻ ബൗമ (33 പന്തിൽ 40), സോണ്ടോയെ (24) കൂട്ടുപിടിച്ച് കൂട്ടത്തകർച്ചയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിക്കുകയായിരുന്നു. ബൗമയും സോണ്ടോയും അടുത്തടുത്ത് പുറത്തായെങ്കിലും വമ്പനടികളുമായി നിറഞ്ഞാടിയ ജോർജ് ലിൻഡെ (പുറത്താകാതെ 25പന്തിൽ 52) ദക്ഷിണാഫ്രിക്കയെ പൊരുതാവുന്ന സ്കോറിൽ എത്തിക്കുകയായിരുന്നു. 5 സിക്സും 1 ഫോറും ഉൾപ്പെട്ടതാണ് ലിൻഡെയുടെ ഇന്നിംഗ്സ്. വിക്കറ്റ് കീപ്പർ ക്ലാസൻ 27 പന്തിൽ 31 റൺസെടുത്തു. ജാൻസൺ 5 റൺസുമായി പുറത്താകാതെ നിന്നു. ദീപക് ചഹർ, ഖലീൽ അഹമ്മദ്, യൂസ്‌വേന്ദ്ര ചഹൽ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദ് (1) തിുടക്കത്തിൽത്തന്നെ ഹെനറിക്കസിന്റെ പന്തിൽ മലന് ക്യാച്ച് നൽകി മടങ്ങിയെങ്കിലും പിന്നീട് അഞ്ചമനായെത്തി അടിച്ചുപൊളിച്ച ഇഷാന്റെ ബാറ്രിംഗ് മികവിൽ ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു. അൻമോൽ പ്രീത് സിംഗ് (19 പന്തിൽ 30), ശുഭ്‌മാൻ ഗിൽ (24 പന്തിൽ 21), ക്രുണാൽ പാണ്ഡ്യ (15 പന്തിൽ 23) എന്നിവരും ഇന്ത്യയ്ക്കായി ബാറ്റ് കൊണ്ട് നിർണായക സംഭാവന നൽകി.
ദക്ഷിണാഫ്രിക്കയ്ക്കായി ഡാല രണ്ട് വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ മൂന്നാമത്തെ മത്സരം നാളെ നടക്കും.