മുംബയ് : മഹാരാഷ്ട്ര മുൻ മന്ത്രിയും ആർ.എസ്.എസ് നേതാവുമായ സുരേഷ് ജയിന് അഴിമതിക്കേസിൽ നൂറ് കോടി രൂപ പിഴയും ഏഴ് വർഷം തടവും. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
സുരേഷ് ജയിനു പുറമേ മുൻമന്ത്രി ഗുലബ്രാവു ദിയോകർ, മുനിസിപ്പൽ കൗൺസിലർ തുടങ്ങി 46 പേരെയും കേസിൽ കോടതി ശിക്ഷിച്ചു. ഭവന നിർമ്മാണ പദ്ധതിയിൽ അഴിമതി നടത്തിയെന്നാണ് ഇവർക്കെതിരായ കേസ്.
സ്പെഷ്യൽ ജഡ്ജി ശ്രുതി നീൽകാന്താണ് ശിക്ഷ വിധിച്ചത്. ഗുലബ്രാവു ദിയോകറിന് അഞ്ച് വർഷം തടവും ബാക്കി 46 പ്രതികൾക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും വിധിച്ചു. കോടതി വിധി പ്രഖ്യാപിച്ചയുടനെ കോടതിയിൽ ഹാജരായ 48 പ്രതികളെയും കസ്റ്റഡിയിലെടുത്തു.
2012ൽ സുരേഷ് ജയിനെ അഴിമതിക്കേസില്‍ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ഒരു വർഷം ജയിലിൽ കഴിഞ്ഞ അദ്ദേഹം സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്. ഗുലബ്രാവുവിനെയും 2012ൽ അറസ്റ്റു ചെയ്തിരുന്നു. മൂന്ന് വർഷം ഗുലബ്രാവും ജയിലിൽ കഴിഞ്ഞിരുന്നു.
പാർപ്പിട നിർമ്മാണത്തിന്റെ കരാർ സുരേഷ് ഇഷ്ടക്കാരനു നൽകിയതാണ് കേസിനാസ്പദമായ സംഭവം. 5,000 വീടുകൾ നിർമ്മിക്കാനുള്ള പദ്ധതിയിൽ 1,500 വീടുകൾ മാത്രമാണ് നിർമിച്ചത്.