പേരാമ്പ്ര: പേരാമ്പ്ര സിൽവർ കോളേജിൽ കെ..എസ്.യു- എം..എസ്..എഫ് പ്രവർത്തകർ പാകിസ്ഥാൻ പതാക ഉയർത്തിയെന്ന ആരോപണം വലിയ വിവാദമായിരുന്നു. തുടർന്ന് പേരാമ്പ്ര സി. ഐ ബിജു അന്വേഷണം നടത്തി കണ്ടാലറിയാവുന്ന മുപ്പത് എം..എസ്..എഫ് പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊടി തല തിരിച്ച് പിടിച്ചതാണ് വിവാദത്തിന് കാരണമായെന്നാണ് എം.എസ്.എഫ് നേതാക്കൾ പറയുന്നത്.
മാത്രമല്ല എം.എസ്.എഫ് എന്ന് പതാകയിൽ രേഖപ്പെടുത്തിയിരുന്നതുമില്ല. ഇത് സംശയം വർദ്ധിപ്പിക്കുകയും പൊലീസ് കേസെടുത്ത് അന്വേഷിക്കുകയും ചെയ്തു. വിഷയത്തിൽ കേന്ദ്ര ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ കോളേജിലെത്തിയാണ് അന്വേഷണം ആരംഭിച്ചത്. പൊലീസിന്റെ നിർദ്ദേശ പ്രകാരം പ്രവർത്തകർ പതാക സ്റ്റേഷനിൽ ഹാജരാക്കി. പതാക തല തിരിച്ച് ഉപയോഗിച്ചതും എം.എസ്.എഫ് എന്ന് എഴുതാതിരുന്നതും ആണ് തെറ്റിദ്ധാരണക്ക് കാരണം എന്ന് നേതാക്കാൾ പറഞ്ഞു.
എം.എസ്.എഫിന്റെ പതാക തലതിരിച്ച് പിടിച്ചതാണ് സംഭവത്തിന്റെ കാരണമെന്നാണ് കോളേജ് ഗവേണിംഗ് ബോർഡ് ചെയർമാൻ എ.കെ. തറുവായി ഹാജിയും പ്രതികരിച്ചത്. സംഭവത്തിൽ പരക്കെ പ്രതിഷേധമുയർന്നിരിക്കുകയാണ്. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. യു.ഡി.എസ്. എഫ് കുത്തകയാക്കി വച്ചിരിക്കുന്ന കോളേജിൽ തിവ്രവാദികൾ നുഴഞ്ഞു കയറിയെന്ന് ബി.ജെ.പി ആരോപിച്ചു.