ദുബായ് ∙ ദുബായിലെ മലയാളി വ്യവസായിയെ ദയെമനിൽ കാണാതായതായി പരാതി. തിരുവനന്തപുരം സ്വദേശി സുരേഷ് കുമാർ കൃഷ്ണ പിള്ളയെയാണ് (59) കാണാതായത്. പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ ജിതിൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രിക്കും നിവേദനം നൽകി.
ജൂലായ് രണ്ടിന് ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ് സുരേഷ് കുമാർ യെമനിലെ ഏദനിലെത്തിയത്. തുടർന്ന് യാതൊരു വിവരവും ലഭിച്ചില്ലെന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലെത്തിയ ജിതിൻ പറഞ്ഞു.
സുരേഷ് കുമാറിനെ കാണാതായത് അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളി ശിവദാസൻ വളപ്പിലും സ്ഥിരീകരിച്ചു. ജൂലായ് നാലിന് രാവിലെ 10.30ന് സനായിൽ നിന്ന് സുരേഷ് തന്നെ ഫോൺ വിളിച്ചിരുന്നു. പോയ കാര്യം വിജയകരമായി പൂർത്തിയെന്ന് അറിയിക്കാനായിരുന്നു അത്. തുടർന്ന് യാതൊരു വിവരവും ലഭിച്ചില്ല.
ഏറെ കാലമായി ദുബായിൽ പ്രവർത്തിക്കുന്ന ഇൻഫിനിറ്റി ഗ്ലോബൽ ലോയൽറ്റീസ് എന്ന കമ്പനിയുടെ പാർട്ണർമാരാണിവർ. ദുബായിൽ നിന്ന് ജൂലായ് ഒന്നിന് ഖാർതൂമിലെത്തിയ സുരേഷ് കുമാർ തുടർന്ന് ക്വീൻ ബിൽക്കീസ് എയർവേയ്സിലാണ് ഏദനിലെത്തിയത്. കർണാടകയിലെ ബെൽഗാമിൽ വൻ ബിസിനസ് പദ്ധതിയുടെ ഭാഗമായായിരുന്നു യാത്ര.