kasmir-

ഇസ്ലാമാബാദ്: ജമ്മു കാശ്മീർ വിഷയത്തിൽ ഇന്ത്യ- പാക് ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി പാക് വിദേശ കാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. കാശ്മീർ വിഷയം നേരിടാൻ യുദ്ധമൊരു പരിഹാരമല്ലെന്ന് മെഹ്മൂദ് ഖുറേഷി പറഞ്ഞു. ഇന്ത്യയുമായി സൈനിക ഏറ്റുമുട്ടലിന് സാദ്ധ്യതയുണ്ടെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

പാക്കിസ്ഥാൻ ഒരിക്കലും ആക്രമണത്തിന്റെ മാർഗം പിന്തുടർന്നിട്ടില്ലെന്നും സമാധാനമാണ് ആഗ്രഹിച്ചിരുന്നതെന്നും ഖുറേഷി പറഞ്ഞു. ഇമ്രാൻ ഖാൻ നയിക്കുന്ന സർക്കാർ നിരന്തരം സമാധാന ചർച്ച നടത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ആണവ ശക്തികൾ യുദ്ധം ചെയ്താലുണ്ടാകുന്ന ദുരന്തത്തെ കുറിച്ച് ആലോചിച്ചായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.


കാശ്മീർ വിഷയം ലോകരാഷ്ട്രങ്ങൾ അവഗണിച്ചാൽ ഇന്ത്യയുമായി നേരിട്ട് സൈനിക ഏറ്റുമുട്ടലിനുള്ള സാദ്ധ്യത വർദ്ധിക്കുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തിയിരുന്നു. ദ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്.