ഡൽഹി: ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ച കേന്ദ്ര സർക്കാർ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. അസമിലെ എൻ.ആർ.സി പട്ടിക മുസ്ലീങ്ങളെ ലക്ഷ്യംവച്ചുള്ള നടപടിയാണെന്ന് ഇമ്രാന്‍ ഖാൻ പറഞ്ഞു. നരേന്ദ്രമോദി സർക്കാരിനു കീഴിൽ മുസ്ലീങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ലോകത്തിനു മുഴുവൻ ഇത് ഒരു മുന്നറിയിപ്പാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
അതേസമയം കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാൻ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായി രംഗത്തെത്തിയിരുന്നു. 'എല്ലാ പാകിസ്ഥാനികളും കാശ്മീരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങണം. ഇന്ത്യൻ അധീന കശ്മീരിലുള്ളവർക്കൊപ്പം പാക്കിസ്ഥാനുണ്ടെന്ന സന്ദേശം നൽകുന്നതാകണം ഈ ഐക്യദാർഢ്യം. ഇന്ത്യയുടെ ഫാസിസ്റ്റ് നടപടിക്കും 24 ദിവസങ്ങളായി തുടരുന്ന നിരോധനാജ്ഞയ്ക്കും എതിരാണ് ഈ ഐക്യദാർഢ്യം'- എന്നായിരുന്നു ഇമ്രാൻ ഖാന്റെ ട്വീറ്റ്.
എന്നാൽ പാകിസ്ഥാൻ നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. രാജ്യങ്ങൾക്കിടയിൽ ആശങ്കാജനകമായ സാഹചര്യം ഉണ്ടാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. ഏത് തരത്തിലുമുള്ള സാഹചര്യവും നേരിടാൻ ഇന്ത്യൻ സുരക്ഷാസേന സജ്ജമാണെന്നും രവീഷ് കുമാർ അറിയിച്ചു.ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള വ്യോമപാത അടച്ചതായി പാകിസ്ഥാൻ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ലെന്നും രവീഷ് കുമാർ പറഞ്ഞു.