പി.വി. സിന്ധു എന്ന പേരിനിപ്പോൾ ഇന്ത്യയുടെ അഭിമാനത്തിന്റെ കീർത്തിയുണ്ട്. ഓരോ തിരിച്ചടികളും ക്ഷമയോടെ നേരിട്ട്, കാത്തിരുന്നു മറുപടി നൽകിയ മിടുക്കിയായി ചരിത്രം ഇനിയവരെ വാഴ്ത്തും. ഇന്ന് രാജ്യം അഭിമാനിക്കുന്നത് പുസർല വെങ്കിട്ട സിന്ധു എന്ന ഈ ഇരുപത്തിനാലുകാരിയെ ഓർത്താണ്. ഏതാണ്ട് 27 വർഷത്തിന് മുമ്പ് ഇതുപോലൊരു നേട്ടം ഇന്ത്യ സ്വപ്നം കണ്ടിരുന്നു. വർഷങ്ങക്കൾക്കിപ്പുറം സിന്ധുവിലൂടെയാണ് രാജ്യം ആ സ്വപ്നം സ്വന്തമാക്കിയത്.
1992ൽ ബാർസലോണ ഒളിമ്പിക്സിൽ ബാഡ്മിന്റൺ മത്സര ഇനമാകുന്നു. വിമൽ കുമാറിനും ദീപങ്കർ ഭട്ടാചാര്യയ്ക്കുമൊപ്പം ഇന്ത്യൻ ടീമിൽ ഒരു വനിതയും, മധുമിത ബിസ്ത് (ഗോസ്വാമി). ബെംഗളുരുവിലെ ക്യാമ്പിൽ എതിർകോർട്ടിൽ രണ്ടു പുരുഷതാരങ്ങളെ ഇറക്കി വിദേശ കോച്ച് മധുമിതയെ പരിശീലിപ്പിക്കുന്നു. തളർന്നു പോയ മധുമിത പരാതിപ്പെട്ടപ്പോൾ ഒളിമ്പിക്സിൽ ആദ്യ റൗണ്ട് എങ്കിലും ജയിക്കണമെന്ന് കോച്ച്. അത്ര കഠിന പരിശീലനം പരിചയമില്ലാത്ത മധുമിത ബാർസലോണയിൽ ആദ്യറൗണ്ടിൽ തോറ്റു. 2019ൽ എത്തിയപ്പോൾ ഒരു ഇന്ത്യൻ വനിത ലോക ബാഡ്മിന്റൺ ചാമ്പ്യനായിരിക്കുകയാണ്. മധുമിതയ്ക്ക് സാധിക്കാതെ പോയ കഠിനപ്രയത്നമാണ് സിന്ധുവിനെ ലോക ബാഡ്മിന്റന്റെ ഉന്നതസോപാനത്തിൽ എത്തിച്ചത്.
വ്യക്തമായ ആ മറുപടി
പുതിയ കാലത്തെ വനിതാ മുന്നേറ്റത്തിനൊപ്പം ചുവടുവച്ച സിന്ധു ദിശാബോധം നഷ്ടപ്പെടാത്ത യുവാക്കൾക്ക് ഒരു മാർഗദീപമാണ്. തനിക്കു കഴിയുന്നതിനപ്പുറം സിന്ധുവിനെ വളർത്താൻ കൂടുതൽ സാങ്കേതികത്തികവുള്ളൊരു വിദേശ കോച്ചിനെ ഹൃദയപൂർവം സ്വീകരിക്കാൻ തയാറായ പുല്ലേല ഗോപീചന്ദിന്റെ കൂടി വിജയമാണിത്. ഇതിന് മുമ്പുള്ള രണ്ട് കലാശക്കളിയിൽ പരാജയം തുടർക്കഥയായപ്പോൾ ഉയർന്ന ഒട്ടേറെ ചോദ്യങ്ങൾക്ക് സ്വിറ്റ്സർലൻഡിലെ ബാസലിൽ 38 മിനിറ്റിൽ സിന്ധു മറുപടി നൽകുകയായരുന്നു. വ്യക്തവും രൂക്ഷവുമായിരുന്നു ആ ഉത്തരം. ഗോപീചന്ദിനൊപ്പം ദക്ഷിണ കൊറിയയുടെ കിം ജി ഹ്യൂൻ കൂടി ചേർന്നപ്പോൾ സിന്ധുവിന് ലഭിച്ച പരിശീലനവും കുറ്റമറ്റതായിരുന്നു. കരുത്തും നിശ്ചയദാർഢ്യവും സാങ്കേതിക മികവും ഒരുമിപ്പിച്ച് കഴിഞ്ഞ രണ്ടു ഫൈനലുകളിൽ കൈവിട്ട കിരീട ജയം സിന്ധുവിനും ഇന്ത്യയ്ക്കും സ്വന്തം. അപർണ പോപ്പട്ട് 1996ൽ ലോക ജൂനിയർ രണ്ടാം സ്ഥാനവുമായി തുടങ്ങിയിടത്തു നിന്ന് സൈന നെഹ്വാൾ 2008ൽ ലോക ജൂനിയർ ചാമ്പ്യൻ പട്ടം നേടി മുന്നേറിയെങ്കിൽ സിന്ധു അവിടുന്നും ബഹുദൂരം മുന്നോട്ടു പോയി. ലണ്ടൻ ഒളിമ്പിക്സിൽ സൈന വെങ്കലം നേടിയപ്പോൾ റിയോയിൽ സിന്ധു വെള്ളി അണിയുകയായിരുന്നു. ഇനി ടോക്കിയോയിൽ സ്വർണം; പിന്നെ കേക്കിനു പുറത്ത് ഐസിംഗായി ആൾ ഇംഗ്ലണ്ട് കിരീടം കൂടി സിന്ധുവിൽ നിന്ന് ഇന്ത്യൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്.
സഫലമായ തന്ത്രങ്ങൾ
കഴിഞ്ഞ മാർച്ചിൽ കിം എത്തുമ്പോൾ സിന്ധുവിനെയും സൈനയെയും പരിശീലിപ്പിക്കാനായിരുന്നു സായ് നിർദേശിച്ചത്. ഇരുവർക്കും ക്വാളിറ്റി കോച്ചിംഗ് വേണമെന്നായിരുന്നു ഗോപീചന്ദിന്റെയും ആഗ്രഹം. പക്ഷേ, തന്റെ ഭർത്താവ് പി.കശ്യപുമൊത്തുള്ള പരിശീലനം മതിയെന്ന് സൈന തീരുമാനിച്ചതോടെ സിന്ധുവിനെ മാത്രം ശ്രദ്ധിക്കാൻ കിമ്മിനു സാധിച്ചു. അത് എല്ലാ അർത്ഥത്തിലും മികച്ചൊരു തീരുമാനമായിരുന്നെന്ന് കാലവും തെളിയിച്ചു. പരീശീലനത്തിനിടയിൽ നീണ്ട റാലികൾ സിന്ധുവിനെ ബുദ്ധിമുട്ടിക്കുന്നു എന്നു മനസിലാക്കിയ ഗോപിയും കിമ്മും വേഗത്തിൽ ഫിനിഷ് ചെയ്യാൻ വേണ്ട നിർദ്ദേശങ്ങൾ അവർക്ക് നൽകിയിരുന്നു.
നെറ്റ് ഡ്രോപ്പുകളിലെ സിന്ധുവിന്റെ ദൗർബല്യവും കിം പരിഹരിച്ചു. ഫൈനലിൽ ആദ്യ ഗെയിമിന്റെ തുടക്കത്തിൽ ഒരു റാലി 22 ഷോട്ടുകൾ നീണ്ടതല്ലാതെ മറ്റു പോയിൻറുകൾ തിടുക്കത്തിൽ കൈവന്നതാണ്. കോർട്ടിനു പിന്നിലേക്ക് നീട്ടിയടിച്ചും അവസരം കിട്ടിയപ്പോഴൊക്കെ ശക്തമായി സ്മാഷ് ചെയ്തും സിന്ധു മുന്നേറി. ആദ്യ ഗെയിം ഫിനിഷ് ചെയ്യാൻ പതിനാറാം മിനിറ്റിൽ സിന്ധു നടത്തിയ സ്മാഷ് ജാപ്പനീസുകാരി നൊസോമി ഒക്കുഹാരയെ തകർത്തു കളഞ്ഞു. സൈന നെഹ്വാൾ തരംഗത്തിൽ കുതിപ്പിന്റെ ആദ്യ ലക്ഷണങ്ങൾ കാട്ടിയ സിന്ധുവിന്റെ പൊരുതാനുള്ള മനസ് സമാനതകളില്ലാത്തതാണ്. വോളി താരങ്ങളായ അച്ഛൻ പി.വി. രമണയും അമ്മ പി.വിജയയും പകർന്ന ആത്മബലം അതിന്റെ പരമോന്നത തലങ്ങളിലേക്കുയർന്നപ്പോൾ സിന്ധു സ്വന്തം പേരിനൊപ്പം എഴുതിച്ചേർത്തത് ലോകകിരീടമെന്ന സ്വപ്നത്തെയാണ്. അമ്മയുടെ പിറന്നാൾ ദിനത്തിൽ മകൾ സ്വന്തമാക്കിയ ഈ നേട്ടം അവർക്കുള്ള വലിയ സമ്മാനം കൂടിയായിരുന്നു.
അച്ഛൻ പകർന്ന ആത്മവിശ്വാസം
എട്ടാം വയസിൽ ബാഡ്മിന്റൺ റാക്കറ്റ് കൈയിലെടുത്ത സിന്ധു ഇരുപത്തിനാലാം വയസിൽ ലോക ചാമ്പ്യനും ഏറ്റവും അധികം സമ്പാദ്യമുള്ള ഇന്ത്യൻ വനിതാ കായിക താരവുമായതിന് പിന്നിൽ ഒരുപാട് പേരുടെ അദ്ധ്വാനത്തിന്റെ വില കൂടിയുണ്ട്. ഒരു ദിവസവും മുടങ്ങാതെ രാവിലെയും വൈകിട്ടും മകളെ പരിശീലനത്തിന് എത്തിച്ചിരുന്ന അച്ഛന്റെ അർപ്പണ ബോധം സിന്ധുവിന് കൂടുതൽ കരുത്ത് പകർന്നിരിക്കണം. ദിവസവും 60 കി.മീ ദൂരം വണ്ടിയോടിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും പിൽക്കാലത്ത് മകൾ സ്വന്തമാക്കുന്ന നേട്ടങ്ങളുടെ നീണ്ട പട്ടികയായിരുന്നിരിക്കണം. ദീർഘദൂരം വണ്ടിയോടിച്ചതിന്റെയും റെയിൽവേയിലെ ജോലിയുടെയും ക്ഷീണം മറന്ന് മകളെ ഓരോ ദിവസവും അര മണിക്കൂറിലേറെ മസാജ് ചെയ്ത് പേശികൾ സംരക്ഷിക്കാനും ആ അച്ഛൻ മറന്നില്ല. ഒരു കായിക കുടുംബത്തിന്റെ കൂട്ടായ സമർപ്പണത്തിന്റെ ഫലമാണ് സിന്ധുവിന്റെ സുവർണ നേട്ടമെന്ന് നിസംശയം പറയാം. ഇന്ത്യൻ സ്പോർട്സിന് ഒരു മഹത്തായ മാതൃക തന്നെയാണ് സിന്ധുവിന്റെ കുടുംബം. വരും തലമുറയിലെ കായികതാരങ്ങൾക്കും ഇതുപോലെ മക്കളെ പ്രോത്സാഹിപ്പിക്കുന്ന ജീവിതാന്തരീക്ഷം ഉണ്ടാവുക തന്നെ വേണം. അതെത്രത്തോളം ആത്മവിശ്വാസം പകരുമെന്ന് അവരുടെ പ്രകടനം തെളിയിക്കട്ടെ.
സിന്ധുവിന്റെ അച്ഛൻ രമണ 1986 ലെ സോൾ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ വോളിബോൾ ടീമിൽ അംഗമായിരുന്നു. അമ്മയാകട്ടെ ദേശീയ തലത്തിൽ വോളിബോൾ കളിച്ചിട്ടുമുണ്ട്. ചേച്ചി ഡോ. പി. വി. ദിവ്യ ദേശീയ ഹാൻഡ്ബോൾ താരമായിരുന്നു. ഇവരുടെ ആരുടെയും പാത പക്ഷേ, സിന്ധുവിനെ ആകർഷിച്ചില്ല. സ്വയം തിരഞ്ഞെടുത്ത വഴികളിലൂടെ സഞ്ചരിച്ച് വിജയം കൈവരിക്കാൻ അവൾക്ക് കഴിഞ്ഞതിൽ ഓരോ നിമിഷവും അഭിമാനിക്കാം.
സിന്ധുവിന്റെ വിജയത്തിൽ പരിശീലകരുടെ സ്ഥാനവും ഒട്ടും പിന്നിലല്ല. ഇന്നത്തെ സിന്ധുവിലേക്ക് എത്താൻ വഴികാട്ടിയവർ നിരവധിയാണ്. മെഹബൂബ് അലി ആദ്യ പാഠങ്ങൾ പഠിപ്പിച്ച്, ടോം ജോൺ വഴികാട്ടിക്കൊടുത്ത് ഗോപീചന്ദ് വളർത്തി വലുതാക്കി ഒടുവിൽ, കിം ജി ഹ്യൂൻ ലോക ചാമ്പ്യനാക്കിയ സിന്ധു അവരോരുത്തരെയും ഈ വിജയത്തിൽ ഓർക്കുന്നുണ്ട്. ഗോപീചന്ദ് ഓൾ ഇംഗ്ലണ്ട് കിരീടം ചൂടുന്നതു ടിവിയിൽ കണ്ടതാണ് സിന്ധുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ബാഡ്മിന്റണിനോടുള്ള പ്രണയം തുടങ്ങിയതോടെ സെക്കന്തരാബാദിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം തുടങ്ങി. ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ മുഹമ്മദ് ആരിഫിന്റെ ക്യാമ്പിൽ എത്തി.
ഗോപീചന്ദ് അക്കാഡമി തുടങ്ങും വരെ പരിശീലനം ഇവിടെയായിരുന്നു. ചേച്ചി മെഡിസിൻ പഠനത്തിനു വേണ്ടി സ്പോർട്സ് ഉപേക്ഷിച്ചപ്പോൾ സിന്ധു സ്പോർട്സിനു വേണ്ടി ക്ലാസുകളായിരുന്നു ഉപേക്ഷിച്ചത്. ഓക്സിലിയം ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വരെ പഠിച്ചു. മോസ്കോയിൽ മത്സരത്തിനു പോയതിനാൽ പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. പിന്നെ, വിദൂര വിദ്യാഭ്യാസമായിരുന്നു മുന്നിലുണ്ടായിരുന്ന വഴി. സെന്റ് ആൻസ് വനിതാ കോളജിൽ നിന്നും കൊമേഴ്സിൽ ബിരുദമെടുത്തു. അവിടെത്തന്നെ എം.ബി.എയ്ക്കും ചേർന്നു. പക്ഷേ തിരിഞ്ഞു നോക്കുമ്പോൾ ഒരിക്കലും സിന്ധുവിന് സ്കൂൾ, കലാലയ ജീവിതങ്ങൾ നഷ്ടമായതിൽ വിഷമം തോന്നിയിരുന്നില്ല. പകരം സ്വന്തം പാതയിലൂടെ എത്രയധികം ദൂരങ്ങൾ താണ്ടാൻ കഴിഞ്ഞുവെന്നതിലാണ് സന്തോഷിക്കുന്നത്. ആറടി ഉയരക്കാരൻ രമണ വോളി കോർട്ടിൽ ഇടിമുഴക്കം സൃഷ്ടിച്ച സ്പൈക്കിംഗ് നടത്തിയ താരമാണ്. അഞ്ചടി പത്തര ഇഞ്ച് ഉയരക്കാരി സിന്ധു കോർട്ട് നിറഞ്ഞു കളിക്കുമ്പോഴും ഉയർന്നു ചാടി സ്മാഷ് ചെയ്യുമ്പോഴും പലപ്പോഴും അച്ഛനെ ഓർമിപ്പിക്കും. സ്പോർട്സിനെ പ്രണയിക്കുന്ന അച്ഛന് സന്തോഷിക്കാൻ ഇതിലും കൂടുതൽ എന്ത് വേണം!
ഇനി ഒന്നും ബാക്കിയില്ലല്ലോ
വിജയവഴിയിലേക്കുള്ള സിന്ധുവിന്റെ യാത്ര പരിശോധിച്ചാൽ ഒട്ടും എളുപ്പമായിരുന്നില്ല അതെന്ന് മനസിലാകും. ജീവിതത്തിലെ എത്രയെത്ര സന്തോഷങ്ങൾ ത്യജിച്ചാണ് ഈ വിജയം അവൾ കൈപ്പിടിയിലാക്കിയത്. ഒൻപതു മാസത്തോളം മൊബൈൽ ഫോണും ഇന്റർനെറ്റും ടി.വിയും ഉപയോഗിക്കാതെ, പരിശീലനത്തിലും മത്സരങ്ങളിലും മാത്രമായിരുന്നു ശ്രദ്ധ.
ജക്കാർത്ത ഏഷ്യൻ ഗെയിംസ് ഫൈനലിൽ സിന്ധു കളിക്കുമ്പോൾ അതു ശ്രദ്ധിക്കാതെ അല്പം അകലെ മൊബൈലിൽ നോക്കിയിരുന്ന സൈന നെഹ് വാളിന്റെ ചിത്രം ഇതെഴുതുമ്പോൾ മനസിൽ തെളിയുന്നുണ്ട്. പക്ഷേ, ചൈനീസ്, കൊറിയൻ, ഇൻഡോനേഷ്യൻ, മലേഷ്യൻ, ജാപ്പനീസ് താരങ്ങളെയൊക്കെ ഇന്ത്യക്കാർക്ക് ബാഡ്മിന്റൺ കോർട്ടിൽ കീഴടക്കാമെന്ന തോന്നൽ സിന്ധുവിൽ സൃഷ്ടിച്ചത് സൈനയാണെന്നും മറന്നിട്ടില്ല. പതിവിലും ആത്മവിശ്വാസത്തോടെ കളിക്കിറങ്ങിയ സിന്ധുവിനെ ക്വാർട്ടറിൽ തായ് സു യിങ് മാത്രമാണ് കുറച്ചെങ്കിലും വിഷമിപ്പിച്ചത്. അക്കാനെ യമാഗുചി രണ്ടാം റൗണ്ടിൽ പുറത്തായതോടെ ഇത്തവണ സിന്ധു തന്നെയെന്ന് മനസിൽ കുറിച്ചതായി ഗോപീചന്ദ് പറയുന്നു. കരോലിന മാരിന്റെ അസാന്നിദ്ധ്യവും അവളുടെ വിജയ സാദ്ധ്യതകൾ വർധിപ്പിച്ചു.
''ഒത്തിരി സന്തോഷം; വിവരിക്കാൻ വാക്കുകൾ ഇല്ല...""എന്ന സിന്ധുവിന്റെ മറുപടി കേൾക്കുമ്പോൾ 130 കോടി ഇന്ത്യൻ ജനതയും അവരെ ഓർത്ത് അഭിമാനം കൊള്ളുകയാണ്. പാതി വഴിയിലോ, അവസാനത്തിന് തൊട്ടു മുമ്പോ ഇടറി വീണ പി.വി.സിന്ധു പഴങ്കഥയാകട്ടെ. ഇനി വേണ്ടത് കളിക്കളത്തിൽ തീപാറുന്ന അടവുകൾ പുറത്തെടുക്കുന്ന പോരാളിയെയാണ്. കൂടുതൽ കൂടുതൽ വിജയങ്ങൾ നേരുന്നു. അതിലപ്പുറം, സിന്ധുവിന് സമ്മാനിക്കാൻ ഇനി ഇന്ത്യയിൽ കായിക പുരസ്കാരങ്ങൾ ബാക്കിയില്ലല്ലോ.