ചരിത്രം പഠിക്കാൻ കോളേജിൽ പോയെങ്കിലും പഠനം പൂർത്തിയാകാതെ പടിയിറങ്ങിയ ആളാണ് അഭിലാഷ്. പക്ഷേ ചരിത്രത്തെ ഹൃദയത്തോട് ചേർത്തു നിറുത്തിയാണ് അഭിലാഷ് വ്യത്യസ്തനാകുന്നത്. തിരുവനന്തപുരത്തിന് പതിനെട്ടുകിലോമീറ്റർ അകലെ അമരവിളയിലാണ് ഈ യുവാവ് തന്റെ സ്വപ്നങ്ങൾക്ക് മണിമാളിക പണിതത്. ഏതോ ഒരു സമയത്ത് എപ്പോഴോ എടുത്ത തീരുമാനമാണ് ചരിത്ര മാളിക എന്നാണ് അതിന്റെ 'ശിൽപി" പറയുക.
ചരിത്രത്തിലേക്കുള്ള വഴി
ചെറുപ്പം മുതലേ പഴങ്കഥകൾക്ക് പിറകേ ചെന്ന അഭിലാഷിന്റെ കൂട്ടുകാരേറയും പ്രായമായവരായിരുന്നു. കന്യാകുമാരിയിലെ സിദ്ധവൈദ്യൻമാരുടെ പരമ്പരയിൽപ്പെട്ട അഭിലാഷ് പാരമ്പര്യ സ്വത്തായ കന്യാകുമാരിയിലെ 'ചുറ്റുമാളിക'യെയായിരുന്നു ചരിത്രമാളികയാക്കി മാറ്റിയത്. പാരമ്പര്യസ്വത്തായ മാളിക മാറ്റി സ്ഥാപിക്കണമെന്ന സ്വപ്നം വിടാതെ പിന്തുടർന്നപ്പോൾ അഭിലാഷ് നേരെ പോയത് തമിഴ്നാട്ടിലെ തിരുച്ചെന്തൂരിലേക്കായിരുന്നു.
പഞ്ചശാസ്ത്രങ്ങളും പഞ്ചതന്ത്രങ്ങളും അറിയാവുന്ന ഏഴ് കൊട്ടാരം പണിക്കാരെ പതിനൊന്നുവർഷം തിരുവനന്തപുരത്ത് താമസിപ്പിച്ചാണ് മാളിക പണിതുയർത്തിയത്. ചരിത്ര സ്മാരകങ്ങളെ മറവിയിലേയ്ക്ക് തള്ളിയിടുന്ന സമയത്താണ് ഒരു വ്യക്തി തന്റെ സമയവും ഊർജ്ജവും പണവും ഉപയോഗിച്ച് ഒരു സാംസ്കാരിക പൈതൃകത്തെ സംരക്ഷിച്ചിരിക്കുന്നത്. ആയിരം താളുകളുള്ള ഒരു പുസ്തകം വായിക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെയുള്ള ചരിത്ര ഓർമ്മകൾ സംരക്ഷിക്കുന്നതാണെന്ന അഭിപ്രായമാണ് അഭിലാഷിന്. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നായി ഏകദേശം പത്ത് ലക്ഷത്തോളം കുട്ടികൾ ഇവിടെ എത്തിക്കഴിഞ്ഞു. പാഠപുസ്തകത്തിൽ കാണാത്ത കേരളീയ ചരിത്രമാണ് അവർ ഇവിടെ കണ്ടതും തൊട്ടറിഞ്ഞതും.
ഭൂമിക്കടിയിലുൾപ്പെടെ 24800 ചതുരശ്രയടിയിൽ തീർത്ത ചരിത്ര മാളിക കണ്ടു തീർക്കണമെങ്കിൽ മൂന്നോ നാലോ അതിൽ കൂടുതലോ മണിക്കൂറുകളെടുക്കും. മാളികയ്ക്ക് 32 പ്രധാനപ്പെട്ട ഭാഗങ്ങളാണുള്ളത്. ഓരോന്നിനും അതിന്റേതായ പ്രത്യേകതകളുമുണ്ട്. തിരുവിതാംകൂറിന്റെ സംസ്കാരം,ഭാഷ, ചരിത്രം എന്നിവയ്ക്കുള്ള ഏകപഠനകേന്ദ്രമായ ഇവിടെ ഏഴ് ജോലിക്കാരാണുള്ളത്. കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ചരിത്ര ഗവേഷണ പഠനകേന്ദ്രമാണ് ഈ മാളിക.
വിസ്മയങ്ങൾ ഏറെയുണ്ട്
പതിനാറുകെട്ട് മാളികയായ ഈ കൊട്ടാരത്തിന് ഒരു വലിയ വാതിലും അതിന്റെ രണ്ട് ഭാഗത്തും രണ്ട് കുഞ്ഞു കവാടങ്ങളുമുണ്ട്. മുറ്റം വലിയ അങ്കണം എന്നറിയപ്പെടുന്നു. ഇവിടെയാണ് ആയോധന കലകൾ, കളരിപ്പയറ്റ് എന്നിവ പഠിപ്പിക്കുന്നത്. വലിയ വാതിലിനോട് ചേർന്ന് രണ്ട് കാളവണ്ടികളുണ്ട്. അതിലൊന്നിലാണ് ഗാന്ധിജി കന്യാകുമാരിയുടെ പല ഭാഗങ്ങളും സന്ദർശിച്ചത്. മറ്റൊന്നിൽ പര്യടനം നടത്തിയത് കെ. കാമരാജാണ്. ഇതിനടുത്തുള്ള രണ്ട് കൊതുമ്പ് വള്ളങ്ങൾ ഇവിടെ കളരിയിൽ ജലാഭ്യാസത്തിന് ഉപയോഗിക്കുന്നു. മുറ്റത്തെ ചക്കിൽ ആട്ടിയെടുക്കുന്ന എണ്ണയാണ് മാളികയിൽ ദീപം തെളിയിക്കാൻ ഉപയോഗിക്കുന്നത്. ആത്മീയ പൂമുഖം, മാളികയുടെ ആദ്യ ഭാഗമാണ്.
ഇതിന്റെ മുഖഭാഗത്ത് വിഷുപ്പക്ഷിയും മകരപ്പക്ഷിയും മദ്ധ്യഭാഗത്തായി നാഗഗന്ധി പൂവുമുണ്ട്. നാഗഗന്ധി പൂവ് മനുഷ്യനും ദൈവവുമായുള്ള ബന്ധം സൂചിപ്പിക്കുന്നു. സിദ്ധവൈദ്യവുമായി ബന്ധപ്പെട്ട താളിയോലകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മലയാണ്മ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്ന 12,800 ഓളം വരുന്ന താളിയോലകളും ഗ്രന്ഥങ്ങളും ചുരുണകളും ഇവിടെയുണ്ട്. പണ്ട് കാലത്ത് എഴുതാനുപയോഗിച്ചിരുന്ന എഴുത്താണികൾ, നാരായങ്ങൾ കായ്പ്പെട്ടി (പണപ്പെട്ടി) എന്നിവയും ഇവിടെ കാണാം. രണ്ടാമത്തെതാണ് തായ് പൂമുഖം. കാലാവസ്ഥയെ വിപരീതമാക്കുന്ന ഇതിന്റെ നിർമ്മാണം സവിശേഷതയാണ്. അതായത് ചൂടുകാലമാണെങ്കിൽ ഇതിനകം തണുപ്പായിരിക്കും.
ഔഷധങ്ങളെ കിഴി കെട്ടി ഇതിന്റെ കഴുക്കോലിൽ തൂക്കിയിട്ടിരുന്നു. ഈ പൂമുഖത്ത് അഞ്ച് പത്തായങ്ങളുണ്ട്. ഗണിത, തച്ചു ശാസ്ത്ര പ്രകാരം വരവാശി പ്രകാരം കണക്കാക്കി ധാന്യങ്ങളും മറ്റും അളക്കാൻ വിവിധ അളവുകളിലുള്ള നാഴി മുതൽ ഇടനാഴികൾ അളവുകൾ പ്രകാരം നിരത്തിവച്ചിരിക്കുന്നത് കാണാം. പൂമുഖത്തിനടുത്തായി ചുമടുതാങ്ങി, ശിലായുഗത്തിലെ ഉപകരണങ്ങൾ. കൽപ്പാത്രങ്ങൾ, കൽത്തൊട്ടികൾ എന്നിവയുണ്ട്. പുരാതന വാദ്യോപകരണങ്ങളുടെ കലവറയാണ് കൂത്തമ്പലത്തിൽ. മനുഷ്യൻ അടിമപ്പണി ചെയ്തിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന അടിമ കലപ്പയും സൂക്ഷിച്ചിരിക്കുന്നു. കളരിപ്പൂമുഖത്ത് മാടമ്പി വിളക്കാണ് പ്രധാനം. ഈ വിളക്ക് കൊളുത്തിയാലും നിഴലുണ്ടാവില്ല. ഈ പുമൂഖത്തിരുന്ന് രഹസ്യ ചർച്ചകൾ നടക്കുമ്പോൾ കൂട്ടത്തിലാരെങ്കിലും ആ രഹസ്യം പുറത്ത് പറയുമെന്ന് തോന്നിയാൽ അയാളുടെ കൈവിരൽ വിളക്കിലേക്ക് പിടിച്ച് ചൂടാക്കും. രഹസ്യം ആരോടെങ്കിലും പറയണമെന്ന് പിന്നെ തോന്നിയാൽ തന്നെയും അയാൾ ആ രഹസ്യം പറയില്ല!
നിധി കാക്കാനും വിദ്യകൾ
കളരിമുഖത്താണ് സമ്പത്ത് സൂക്ഷിച്ചിരുന്നത്. ഇവിടെ ഒരു തൂണുണ്ട്. ഈ തൂണിൽ രണ്ട് കുറ്റികളുണ്ട്. അതിൽ ഒന്ന് ഇളക്കിയെടുത്ത് അത് വഴി നാണയം നിക്ഷേപിക്കാം. കുറ്റി മുറുക്കുമ്പോൾ ആ സമ്മർദ്ദത്തിൽ നാണയം തൂണിനുള്ളിലേക്ക് വീഴും. നാണയങ്ങളാൽ തൂൺ നിറഞ്ഞാൽ തൂണുമായി ബന്ധമുള്ള ഉത്തരത്തിലുടെ തെന്നി മാറി അവ തിണ്ണയിലുള്ള നെല്ലിടുന്ന പത്തായത്തിൽ വീഴും. നാണയമെടുക്കണമെങ്കിൽ തൊട്ടടുത്ത കുറ്റി ഊരിയെടുക്കണം. സമ്പത്തിന്റെ കണക്കറിയുന്ന ആനയാണ് മറ്റൊരത്ഭുതം. പത്തായത്തിൽ നെല്ലിന്റെ അളവ് കൂടുന്നതിനും കുറയുന്നതിനുമനുസരിച്ച് ആനയുടെ ദിശ മാറും. കളരി മുഖത്തിന് കേറുന്നയിടത്ത് താഴെ ഒരു ചെറിയ പലക കാണും, ഇത് മാറ്റിയാൽ 41 അടി താഴ്ചയുള്ള കിണറാണ്. കളരിയാശാൻ പ്രധാന ശിഷ്യരുമായി സ്വകാര്യ ഭാഷണം നടത്തിയിരുന്ന മുറി ഇവിടെയുണ്ട്.
350 വർഷം പഴക്കമുള്ള ചെണ്ട, 450 വർഷം പഴക്കമുള്ള വരിക്കാപ്ലാവിന്റെ നാദസ്വരം എന്നിവയും കളരിമുഖത്തെ മുറിയിലുണ്ട്. മണിത്താഴിട്ട പൂട്ടിയ ചെറിയ മുറിയിൽ കസ്തൂരിമാനിന്റെ കൊമ്പ്, രാമശില, വിഷം തേച്ച് ഉപയോഗിച്ചിരുന്ന വില്ല്, കത്തി എന്നിവയുമുണ്ട്. കളരിമുഖത്തുള്ള വാതിലിലാണ് നാഗത്തിന്റെ രൂപത്തിലുള്ള പൂട്ട്. ഇത് തുറന്നാൽ ചെറിയ മുറി. അതിൽ താഴേക്കിറങ്ങാൻ പടികൾ. വെളിച്ചമില്ലാത്ത ഇടുങ്ങിയ അറയിലൂള്ള മരപ്പാളികളാൽ നിർമ്മിച്ച ജനാലയിലൂടെ നോക്കിയാൽ താഴെ കളരി കാണാം.അന്ന് ഗുരുക്കൻമാർ ശിഷ്യന്മാർ അറിയാതെ അവരുടെ കളരിയിലെ പ്രകടനം നീരിക്ഷീച്ചതിങ്ങിനെയാണ്. കളരിമുഖത്തിൽ കാണുന്ന വാതിലിലൂടെ താഴെയിറങ്ങിയാൽ കളരിയാണ്. പടികളിറങ്ങി കളരിയിൽ എത്തിയാൽ കടുത്ത ചൂടിലും തണുപ്പ് അനുഭവപ്പെടും. ലോകത്തിലെ 64 കലാ കായിക രൂപങ്ങൾ ഇവിടെ അഭ്യസിക്കാം. ഇവിടെ വെള്ളം നിറച്ചാണ് ജലാഭ്യാസം നടത്തുന്നത്. കളരിജാതകം സൂക്ഷിച്ചുവച്ചിരിക്കുന്ന പെട്ടി ഇതിനടുത്ത മുറിയിലുണ്ട്.കളരിയിൽ നടക്കുന്ന അഭ്യാസങ്ങൾ കാണാനായി കളരിക്ക് മുകളിലായി നിർമ്മിച്ചിരിക്കുന്നതാണ് പടിമേട.ഇതിലിരുന്ന് 41 പേർക്ക് കളരിയിൽ നടക്കുന്ന അഭ്യാസങ്ങൾ കാണാം.
തായ്മാളികയും നാദമന്ത്ര കവാടവും
കളരിയിൽ നിന്ന് വെളിച്ചമില്ലാത്ത ഇടനാഴിയിലൂടെ നൂഴ്ന്നു പോയാൽ ചെന്നെത്തുക തായ്മാളികയിലാണ്. സ്ത്രീകളുടെ ശുശ്രൂഷ നടത്തിയിരുന്ന സ്ഥലമാണിത്. പിന്നെയെത്തുന്നതാണ് ഉടമ്പറ. ഇവിടെ 1108 ഇടിഞ്ഞിൽ വിളക്കുകളുടെ ശേഖരമുണ്ട്. 140 വർഷം പഴക്കമുള്ള വെഞ്ചാമരം തിളക്കമൊട്ടും നഷ്ടപ്പെടാതെ തന്നെ സൂക്ഷിച്ചിരിക്കുന്നു. ഈ മാളികയിലെ നാദമന്ത്ര കവാടം എന്ന വാതിൽ ഒരു വിസ്മയമാണ്. ആന ചിഹ്നം വിളിക്കുന്ന ശബ്ദത്തോടു കൂടി അടയുന്ന ഇതിന്റെ ശബ്ദം മാളികയുടെ ഏത് കോണിലും കേൾക്കാം. പിന്നെ എത്തുന്നത് അടിച്ചുകൂട്ടു പുരയിലാണ്. വർഷങ്ങളുടെ പഴക്കമുള്ള നിരവധി പാത്രങ്ങൾ തനിമ നഷ്ടപ്പെടാതെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
പതിനാറ് തൂണുകളുള്ള ആത്മീയ പുമുഖത്തിരുന്നാണ് പണ്ട് തീരുമാനങ്ങൾ എടുത്തിരുന്നത്. ഇവിടെ നിന്ന് താഴോട്ടിറങ്ങിയാൽ അടുക്കള ഭാഗമാണ്. 1000ത്തിലധികം പാത്രങ്ങളുടെ ശേഖരം. കൂട്ടത്തിൽ ചിൻ എന്ന കമ്പനിയുടെ ചീനച്ചട്ടിയുണ്ട്. പഞ്ചജല ഔഷധമുള്ള മണിക്കിണർ അടുക്കളയുടെ അടുത്ത് സ്ഥാപിച്ചിരിക്കുന്നു.
ചരിത്രത്തിലൂടെ നടന്ന് കഴിഞ്ഞ് അവസാന പടിയിറങ്ങുന്നതിന് മുമ്പ് പണ്ട് കാലത്തെ ചില വിനോദോപാധികൾ കൂടി കളിച്ചിറങ്ങാം. വാസാന്ത്യ മാളികയിലാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. 121 കളമുള്ള ചതുരംഗം, 89 കളമുള്ള ചതുരംഗം, ഏടാകുടം, ഊരാക്കുടുക്ക്, പല്ലാകുഴി, കവളി മുതലായ കളികൾ ചരിത്രത്തിന്റെ രസച്ചരട് ഒന്നുകൂടെ മുറുക്കും. ചരിത്രം തീർത്താൽ മാത്രം പോരാ അതിനെ നെഞ്ചോട് ചേർക്കാൻ ഇങ്ങനെയും ചിലർ വേണം, എന്നാൽ മാത്രമേ ചരിത്രത്തിനും നിലനില്പുള്ളു.