മറ്റൊരു കടൽപ്പക്ഷിയാണ് കോമൺ ടേൺ എന്ന ചോരക്കാലി ആള. പേര് പോലെ തന്നെ റെഡ്ഡിഷ് പിങ്ക് നിറത്തിലുള്ള കാലുകൾ. ചുണ്ടിനും ഇതേ നിറം തന്നെ. അറ്റത്ത് കറുപ്പുണ്ടായിരിക്കും. കറുത്ത തല. ആഷ് കളർ ദേഹം. വെളുത്ത അടിഭാഗം. പ്രജനനകാലത്ത് ശരീരത്തിന്റെ അടിഭാഗവും നേർത്ത ചാര നിറത്തിലാവുന്നു. നീണ്ട ചിറകുകൾ. ഫോർക്ക് പോലെയുള്ള വാൽ. ആൺ-പെൺപക്ഷികൾ ഒരുപോലെയാണ്. ഏതാണ്ട് 30-35 സെമീ. നീളമുള്ള ഈ ചെറിയ പക്ഷിക്ക് 150 ഗ്രാമിന് താഴെ മാത്രമേ ഭാരമുള്ളൂ.
കടലിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഇവർ വളരെ വലിയ ദേശാടകർ കൂടിയാണ്. ദേശാടന സമയത്ത് 3300- 9800 അടി ഉയരത്തിൽ പറക്കുന്ന ഇവരുടെ വേഗത മണിക്കൂറിൽ 45-55 കിലോമീറ്റർ വരെയാണ്. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ തണുത്ത പ്രദേശങ്ങളിൽ അധിവസിക്കുന്ന ഇവർ തണുപ്പ് കാലത്തു ഉഷ്ണമേഖല കടൽത്തീരങ്ങളിലേക്ക് പറക്കുന്നു. അക്കൂട്ടത്തിൽ നമ്മുടെ നാട്ടിലും എത്തുന്നു. മറ്റു ടേണുകളെ പോലെ പൊങ്ങിയും താണും കടലിനു മുകളിലൂടെ പറന്നുകൊണ്ടിരിക്കും.
മീൻ പൊങ്ങി വരുന്ന നേരത്തു ഒറ്റക്കുതിപ്പിന് വെള്ളത്തിലേക്ക് കൂപ്പുകുത്തി അതിനെയും ചുണ്ടിലാക്കി പൊങ്ങിവരുന്നു. മീൻ മാത്രമല്ല ജലത്തിൽ കാണുന്ന ഒച്ച്, ഞണ്ട് തുടങ്ങിയവയൊക്കെ ഇവയുടെ ആഹാരമാണ്. ശുദ്ധജലത്തിലും ഇവ ഇര തേടുന്നു.വെള്ളത്തിനടുത്തുള്ള പുല്ലുള്ള നിലത്തോ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ജലചണ്ടികൾക്ക് മുകളിലോ ഒക്കെ കൂടുണ്ടാക്കുന്നു. വർഷത്തിൽ ഒരു തവണയാണ് മുട്ടയിടുന്നത്. മുട്ടകൾക്ക് എന്തെങ്കിലും നാശം സംഭവിച്ചാലേ വീണ്ടും ഒരു തവണ കൂടി മുട്ടയിടാറുള്ളൂ. കിട്ടാവുന്ന എല്ലാ വസ്തുക്കളും കൂടുനിർമാണത്തിന് ഉപയോഗിക്കുന്നു. പുല്ലും ഇലകളും വൈക്കോലും ഒക്കെ. കൂട്ടിനു ചുറ്റും ഒരു അതിരും കാണും.
ഒരു ചെറിയ കുഴി പോലെയുള്ള കൂട്ടിൽ മിക്കവാറും മൂന്നു മുട്ടകളുണ്ടാവും. ക്രീം കളറിൽ ബ്രൗൺ പുള്ളിക്കുത്തുകൾ ഉള്ള മുട്ടകൾ പരിസരവുമായി നന്നായി ഇണങ്ങിചേർന്ന രീതിയിലാണ്. അച്ഛനമ്മമാർ മാറി മാറി അടയിരുന്നു മുട്ടകൾ വിരിക്കുന്നു. 21-22 ദിവസമെടുത്തു പുറത്തു വരുന്ന കുഞ്ഞുങ്ങൾ വീണ്ടും ഒരുമാസം കൂടിയെടുത്തു പറക്കാനാവുന്നു. നാലുവർഷം പ്രായമാവുമ്പോൾ പ്രജനനം നടത്തുന്നു.ഈ പക്ഷിയുടെ ഒരു പ്രത്യേകത ഏതു കോളനിയിലായാലും മുട്ട സ്ഥാനം മാറ്റി വച്ചാലുമൊക്കെ അതിനു അതിന്റെ മുട്ടകൾ തിരിച്ചറിയാൻ പറ്റുമെന്നതാണ്. കുഞ്ഞു പക്ഷിയാണെങ്കിലും നല്ല തിരിച്ചറിവുണ്ട്.