നാല്പതു വർഷത്തോളം മദ്ധ്യപ്രദേശിലെ ഒരു നഗരത്തിലാണ് പ്രതാപനും കുടുംബവും കഴിഞ്ഞിരുന്നത്. കേരളത്തിൽ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലി കിട്ടാതെ വന്നപ്പോൾ നാടുവിടുകയായിരുന്നു. വിവാഹവും മറ്റ് സൗഭാഗ്യങ്ങളും മദ്ധ്യപ്രദേശ് സമ്മാനിച്ചതാണ്. ഈയിടെ ചെറിയൊരു അസുഖം ബാധിച്ചതോടെ കേരളത്തിലേക്ക് മടങ്ങണമെന്ന് കലശലായ മോഹം. നാട്ടിൽ പഴയൊരു വീടുണ്ട്. ആൾത്താമസമില്ലാത്തതിനാൽ ഉറങ്ങിക്കിടക്കുന്നു. അത് നന്നാക്കി താമസമാക്കണം. ഭാര്യയ്ക്കും മക്കൾക്കും നാട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ വയ്യ. താമസിക്കുന്ന ഫ്ലാറ്റും അവിടത്തെ ആൾക്കാരെയും എങ്ങനെ പിരിയും? അച്ഛനെന്താണ് കുഴപ്പം. സ്വകാര്യകമ്പനിയിൽ ഇപ്പോഴും നല്ല സ്ഥാനം. സാമാന്യം ഭേദപ്പെട്ട ആനുകൂല്യവും. കേരളത്തിൽ കിട്ടുന്നതിനേക്കാൾ എല്ലാസൗകര്യങ്ങളും ഉണ്ട്. പിന്നെന്തിന് നാട്ടിലേക്ക് മടങ്ങണം. മക്കളുടെ ചോദ്യത്തിന് മുന്നിൽ പ്രതാപന് ഉത്തരം മുട്ടി.
എല്ലാവരും ആഗ്രഹിക്കുന്നത് ശാന്തതയാണ്. ഊണിലും ഉറക്കത്തിലും അത് ഇഷ്ടപ്പെടുന്നു. പാറപൊട്ടിക്കുന്നതിന് സമീപം കിടന്നാൽ സുഖനിദ്ര കിട്ടുമോ? ശക്തിപ്രകടനം നടക്കുന്നതിന് സമീപം ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ പറ്റുമോ? കുത്തൊഴുക്കിൽ സുഖമായി സ്നാനം ചെയ്യാൻ സാധിക്കുമോ? പ്രതാപൻ ഭാര്യയോട് ചോദിച്ചു. മക്കളുടെ വാദമുഖങ്ങളോട് യോജിപ്പുണ്ടായിരുന്ന അവർ മൗനം ഭജിച്ചു.
നാലു ദശാബ്ദത്തോളം ടെൻഷനുള്ള ജോലി ചെയ്തു. ഇനിയല്പം ശാന്തത വേണം. കുറച്ചുനാൾ സ്വൈരമായി ജീവിക്കണം. അതുകഴിഞ്ഞ് എന്തുസംഭവിച്ചാലും സംതൃപ്തിയാണ്. പ്രതാപൻ തന്റെ മനസിലിരിപ്പ് തുറന്നു പറഞ്ഞു.
അമിതവേഗതയിലോടുന്ന വാഹനങ്ങൾ കുറേ സമയം നിറുത്തിയിടണം. എഞ്ചിനും ടയറുകളും എല്ലാം ഒന്ന് തണുക്കണ്ടേ. താൻ സഞ്ചരിക്കുന്ന യന്ത്രമായ വാഹനത്തിന് നൽകുന്ന സൗജന്യവും സൗമനസ്യവും സ്വന്തം ശരീരത്തിനും മനസിലും നൽകണ്ടേ? പ്രതാപന്റെ ചോദ്യങ്ങൾ ഭാര്യ കേട്ടിരുന്നതേയുള്ളൂ.
ഞായറാഴ്ച കുടുംബാംഗങ്ങളെല്ലാം വൈകിട്ട് ലഘുഭക്ഷണത്തിന് ശേഷം ഒരു പാർക്കിൽ ഒത്തുകൂടി. നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തെ കുറിച്ചാലോചിക്കാൻ. ഭൂരിഭാഗം പേരും നാട്ടിലേക്ക് മടങ്ങേണ്ട എന്ന പക്ഷക്കാരായിരുന്നു. പ്രതാപൻ ഒറ്റയ്ക്കായി. എങ്കിലും തന്റെ ആഗ്രഹം അയാൾ ആവർത്തിച്ചു. ജീവിക്കുമ്പോൾ ടെൻഷനുകളുടെ ഒരു പരമ്പര തന്നെയാകും. ഒരു കിടപ്പാടം, സ്വന്തമായി ഒരു വാഹനം. മക്കളുടെ പഠനം, അവരുടെ വിദ്യാഭ്യാസം, വിവാഹം, പേരക്കുട്ടികൾ, അതൊക്കെ സ്വാഭാവികം. പക്ഷേ അവസാനകാലത്തെങ്കിലും ശാന്തമായി ജീവിച്ചു മരിക്കണമെന്നത് അപരാധമാണോ? പലരും രക്ഷിതാക്കളെ ഐ.സിയുവിൽ കിടത്തി ചികിത്സിക്കും. ബോധരഹിതരായി അവർ മരണത്തിലേക്ക് പോകാം. ശാന്തരായി ജീവിക്കുന്നതിനേക്കാൾ മഹാഭാഗ്യമാണ് ശാന്തമായി മരിക്കുക എന്നത്. പ്രതാപന്റെ വാക്കുകൾ കേട്ടുനിന്ന പേരക്കുട്ടി പറഞ്ഞു: മുത്തശ്ശൻ പറഞ്ഞതാണ് ശരി. ഇനി നാട്ടിലേക്ക് മടങ്ങാം.
(ഫോൺ: 9946108220)