മലയാളിയല്ലാഞ്ഞിട്ടും കേരളക്കരയാകെ നെഞ്ചോട് ചേർത്ത പെൺകുട്ടിയെ മാതുവെന്ന് മലയാളികൾ വിളിച്ചു. പേരിലെ മലയാളിത്തം മുഖത്തും അഭിനയത്തിലും കൊണ്ടുനടന്ന അവർ ഒരു സുപ്രഭാതത്തിൽ സിനിമ വേണ്ടെന്ന് വച്ചു. എന്നാൽ അവരെ അങ്ങനങ്ങ് കൈവിട്ട് കളയാൻ മലയാള സിനിമയ്ക്കാവില്ലായിരുന്നു. നീണ്ട 19 വർഷത്തിന് ശേഷം മലയാളികളുടെ പ്രിയനടി മാതു തിരികെ വരികയാണ്. മടങ്ങി വരവിനെ കുറിച്ച് മാതു 'വാരാന്ത്യകൗമുദി"യോട് സംസാരിക്കുന്നു.
തിരിച്ചു വരവ്
19 വർഷത്തിന് ശേഷമാണ് അനിയൻ കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെ തിരികെ വരുന്നത്. മലയാള സിനിമയിൽ സജീവമായിരിക്കെയാണ് പെട്ടെന്ന് കല്യാണം കഴിച്ച് പോയത്. ഇഷ്ടം തോന്നിയ ആളെ വീട്ടുകാർ ആലോചിച്ചുറപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നു. ന്യൂയോർക്കിൽ പോയി സെറ്റിലായി. അന്ന് ചെയ്ത ഒരു കാര്യത്തിൽ എനിക്ക് ഇപ്പോഴും കുറ്റബോധമുണ്ട്. മലയാള സിനിമാപ്രേക്ഷകരെ അറിയിച്ചു വേണമായിരുന്നു വിവാഹം. എല്ലാവരോടും പറഞ്ഞിട്ടു വേണമായിരുന്നു പോകാൻ. ഞാനങ്ങനെ പോയിട്ടും ആരുമെന്നെ വെറുത്തില്ല. അവിടെവച്ചും എന്നെ കാണുമ്പോഴൊക്കെ വന്ന് മാതുവല്ലേ എന്ന് ചോദിക്കും. ആദ്യമൊക്കെ കളിപ്പിക്കാൻ മാതുവല്ല എന്ന് പറയുമായിരുന്നു.
അപ്പോഴവർ നിങ്ങളെ പോലെ തന്നെ ഞങ്ങൾക്ക് ഒരു നടിയുണ്ട് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ രസം. പക്ഷേ, പിന്നീട് ആരെങ്കിലും ചോദിച്ചാൽ ഞാൻ മാതുവാണെന്ന് പറയും. വിവാഹ ശേഷം സിനിമ മിസ് ചെയ്യാൻ തുടങ്ങിയിരുന്നു. തിരികെ വരണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, അപ്പോഴേക്കും മക്കളായി. കുട്ടികൾ കുഞ്ഞായിരിക്കുമ്പോൾ ഇട്ടിട്ട് അഭിനയിക്കാൻ വരാൻ പറ്റില്ലല്ലോ. ഇപ്പോൾ അവർ വളർന്നു. മകൾ പ്ളസ് വണ്ണിലും മകൻ ഒമ്പതിലുമായി. ന്യൂയോർക്കിൽ എനിക്കുള്ളത് മലയാളികളായ കൂട്ടുകാരാണ്. അവരൊക്കെ അഭിനയിക്കാനായി എപ്പോഴും പറയും. അപ്പോഴാണ് രാജീവ് നാഥ് സർ വിളിക്കുന്നത്. അമേരിക്കയിലാണ് ഷൂട്ടിംഗ് എന്ന് പറഞ്ഞു. അത്ര സൗകര്യം കിട്ടിയിട്ടും ചെയ്തില്ലെങ്കിൽ പിന്നെ സങ്കടപ്പെടും. അതുകൊണ്ട് ദിവസം പറഞ്ഞാൽ മാത്രം മതി. വന്ന് അഭിനയിച്ചോളാം എന്ന് പറയുകയായിരുന്നു
മാറ്റം അഭിനയത്തിലില്ല
നീണ്ട കാലയളവാണ് മാറി നിന്നത്. പേടിയുണ്ടായിരുന്നു. പക്ഷേ, യൂ ട്യൂബ് നോക്കി സിനിമയുടെ ബിഹൈൻഡ് ദ സീൻസ് ഒക്കെ ഞാനിടയ്ക്ക് കാണാറുണ്ടായിരുന്നു. അതുപോലെ പുതിയ താരങ്ങൾ വന്നാൽ അവരുടെ ജീവിതം, അനുഭവം അതൊക്കെ വായിച്ചറിയാൻ ഇഷ്ടമായിരുന്നു. അഭിനയിക്കുന്നതിന് അന്നും ഇന്നും മാറ്റമൊന്നുമില്ല. എന്നാൽ, സാങ്കേതിക വശം പാടെ മാറി. അന്ന് അഭിനയിക്കുമ്പോൾ ടേക്ക് കൂടുതൽ പോകുമോയെന്ന് പേടിയായിരുന്നു. അതുപോലെ തീയേറ്റർ സ്ക്രീനിലേ എന്താണ് ചെയ്തുവച്ചിരിക്കുന്നത് നമുക്ക് കാണാൻ പറ്റൂ. പക്ഷേ, ഇപ്പോഴങ്ങനെയല്ല. നമ്മുടെ മുഖത്ത് നിന്ന് സംവിധായകന് എന്താണോ ആവശ്യം അതുകിട്ടുന്നത് വരെ അഭിനയിക്കാം. അഭിനയിച്ചത് അപ്പോൾ തന്നെ കണ്ടിട്ട് പോരെന്ന് തോന്നിയാൽ മെച്ചപ്പെടുത്താം. അങ്ങനെ സൗകര്യങ്ങൾ കൂടിയിട്ടുണ്ട്.
സിനിമയിൽ തുടരണം
ന്യൂയോർക്കിൽ ഒരു ഡാൻസ് സ്കൂളുണ്ട്. പുറത്ത് പരിപാടികൾ അവതരിപ്പിക്കാറില്ല. കുട്ടികളെ നൃത്തം പഠിപ്പിച്ച് നൃത്തത്തോടുള്ള പാഷൻ വിടാതെ കൊണ്ടുപോകുന്നുണ്ട്. എങ്കിലും സിനിമയിൽ തന്നെ തുടരണമെന്ന് വീണ്ടും ആഗ്രഹം തോന്നുന്നുണ്ട്. തിരികെ വന്നപ്പോഴാണ് ഞാനെത്രമാത്രം സിനിമയെ മിസ് ചെയ്തിരുന്നുവെന്ന് മനസിലായത്. ആദ്യ ഭർത്താവ് ജേക്കബുമായി പിരിഞ്ഞതിന് ശേഷം ഡോ. അൻപഴകൻ ജോർജിനെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെയും എന്റെയും ആറുമക്കളുമൊത്താണ് ജീവിതം. സിനിമയിൽ ഇത്രകാലം അവസരങ്ങൾ നഷ്ടപ്പെടുത്തിയതെന്തിനെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കേരളത്തിലാണെങ്കിലും സിനിമ കിട്ടിയാൽ വന്ന് ചെയ്യണമെന്നാണ്. അമരത്തിന്റെ നിർമ്മാതാവ് വിളിച്ച് പുതിയ സിനിമ എടുക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അവസരങ്ങൾ വന്നാൽ വീണ്ടും നിങ്ങൾക്കിടയിൽ തന്നെയുണ്ടാകും.
മലയാളം പ്രിയങ്കരം
മലയാളം ഇപ്പോഴും സംസാരിക്കാറുണ്ട്. എന്റെ അടുത്ത കൂട്ടുകാരൊക്കെ മലയാളികളാണ്. അവരോട് സംസാരിക്കുന്നത് കൊണ്ട് മലയാളം മറന്നതേയില്ല. തെലുങ്കാണ് മാതൃഭാഷ. അച്ഛൻ വെങ്കട് റാവുവിന് സിനിമാമേഖലയുമായി ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ചൈൽഡ് ആർട്ടിസ്റ്റായി സനാദി അപ്പണ്ണയിൽ അഭിനയിക്കുന്നത്. അതിൽ സ്റ്റേറ്റ് അവാർഡും കിട്ടി. അപ്പോഴാണ് അഭിനയത്തോട് എനിക്കൊരു ഇഷ്ടം വരുന്നത്. തമിഴിലും തെലുങ്കിലുമൊക്കെ നായികയായി അഭിനയിച്ചു തുടങ്ങിയതിന് ശേഷമാണ് പൂരത്തിലൂടെ മലയാളത്തിലേക്ക് വരുന്നത്. ഇവിടെ എനിക്ക് ഇഷ്ടപ്പെട്ട വേഷങ്ങളെല്ലാം ലഭിച്ചു. മറ്റു ഭാഷകളിൽ നായികയാണേൽ നായിക, അനിയത്തിയാണേൽ അനിയത്തി. ഇവിടെ ഞാൻ നായിക, അനിയത്തി, അതിഥി വേഷം, മകൾ വേഷം എല്ലാം ചെയ്തു. ഏറ്റവും പ്രിയപ്പെട്ട വേഷം മലയാളികളുടെയെല്ലാം ഇഷ്ടകഥാപാത്രമായ അമരത്തിലെ മുത്ത് ആണ്. അതുപോലൊരു വേഷം ഇനിയെനിക്ക് ചെയ്യാനാവില്ല. എന്നാൽ, എനിക്ക് പറ്റുന്ന വേഷങ്ങൾ തരാൻ മലയാളത്തിന് ഇപ്പോഴും കഴിയും. അത് കിട്ടട്ടെ എന്നാണ് പ്രാർത്ഥന.