പാർലമെന്റിനകത്തും പുറത്തും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ശക്തമായ മുഖമാണ് പൊന്നാനിയിൽ നിന്ന് മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെട്ട ഇ.ടി. മുഹമ്മദ് ബഷീർ എം.പി. വിവാദങ്ങളെയെല്ലാം വകഞ്ഞുമാറ്റി സംസ്ഥാനത്തെ മൂന്നാമത്തെ വലിയ ഭൂരിപക്ഷം നേടി. വലിയ ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങിയ ഇടതുസ്ഥാനാർത്ഥി പി.വി.അൻവറിനെ, മണ്ഡല ചരിത്രത്തിലെ വലിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.
പൊന്നാനിയിൽ നടപ്പാക്കുന്ന വികസന പദ്ധതികൾ എന്തെല്ലാം?
റെയിൽവേ വികസനത്തിന് ഊന്നലേകും. ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരടക്കം അഞ്ച് റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കും. തൃശൂർ - പൊന്നാനി കോൾനിലങ്ങളുടെ വികസനത്തിനുള്ള 300 കോടിയുടെ പദ്ധതിയിൽ 200 കോടിയുടെ പ്രവൃത്തി പൂർത്തിയായി. രണ്ടാംഘട്ടത്തോടെ മലപ്പുറം ജില്ലയിലെ കാർഷിക മേഖലയിലെ ഏറ്റവും വലിയ വികസനമാവും. പരപ്പനങ്ങാടി മുതൽ പൊന്നാനി വെളിയങ്കോട് വരെയുള്ള തീരദേശത്തിന്റെ സമഗ്രവികസനം യാഥാർത്ഥ്യമാക്കും. തീരദേശ വികസനം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ലോകബാങ്കിന്റെ സഹായത്തോടെ വലിയൊരു പദ്ധതി കൊണ്ടുവരണമെന്നാണ് ആഗ്രഹം. കേന്ദ്രീയ വിദ്യാലയം കൊണ്ടുവരുന്നതിന് മൂന്നേക്കർ ഭൂമി വേണം. റവന്യൂ ഭൂമി ലഭിക്കാൻ പരിശ്രമിക്കുന്നുണ്ട്. ഭൂമിയുടെ ലഭ്യതക്കുറവ് മൂലം വലിയ വ്യവസായങ്ങൾക്ക് സാദ്ധ്യതയില്ല. ഐ.ടി അധിഷ്ടിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ശ്രമിക്കും. തവനൂരിലെ കേളപ്പജി കോളേജ് ഒഫ് അഗ്രിക്കൾച്ചറൽ എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയെ സെന്റർ ഒഫ് എക്സലൻസാക്കും.
ഇത്രയും വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നോ ?
ഇത്രയും വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല. ചിലർ 30,000 വോട്ടിന് ജയിക്കുമെന്ന് പറഞ്ഞു. 50,000ത്തിനും 75,000ത്തിനുമിടയിൽ ജയിക്കുമെന്നാണ് ഞാൻ കരുതിയത്. 1.93 ലക്ഷത്തിന്റെ ഭൂരിപക്ഷം ലഭിച്ചു. മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളും പാർലമെന്റിലെ പ്രകടനവും ജനങ്ങൾ വിലയിരുത്തി. ഇടതുപക്ഷ ഭരണത്തോടുള്ള വെറുപ്പും രാഹുൽഗാന്ധിയുടെ സാന്നിദ്ധ്യവുമടക്കം എല്ലാ ഘടകങ്ങളും അനുകൂലമായി. ന്യൂനപക്ഷവും ഭൂരിപക്ഷവും എൻ.എസ്.എസ് അടക്കമുള്ള സംഘടനകളും സഹായിച്ചു. സി.പി.എം, സി.പി.ഐ പ്രവർത്തകരിൽ നല്ലൊരുപക്ഷവും വോട്ട് ചെയ്തു. ഇടതു സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിലെ പാർട്ടി തീരുമാനത്തോടുള്ള എതിർപ്പും കാരണമായി. മുമ്പൊന്നുമില്ലാത്ത വിധം ചിട്ടയായും ശാസ്ത്രീയമായും പ്രചാരണം നടത്തി.
ബി.ജെ.പിയുടെ വലിയ ഭൂരിപക്ഷം എതിർ ശബ്ദമുയർത്താൻ തടസമാവുന്നുണ്ടോ ?
ബി.ജെ.പിയുടെ വലിയ ഭൂരിപക്ഷം ഒന്നിനും തടസമല്ല. ബി.ജെ.പി അവരുടെ എല്ലാ മോശത്തരങ്ങളും ചെയ്യുന്നുണ്ട്. ആന്റി മൈനോറിട്ടി സ്റ്റാൻഡ്, ഫ്രീഡം ഒഫ് എക്സ്പ്രഷൻ, റിലീജിയൺ ഇതിന്റെയെല്ലാം വേരറുക്കാൻ അവർ ശ്രമിക്കുന്നു. ഇതിനെതിരെ മികച്ച രീതിയിൽ ശബ്ദിക്കുന്നുണ്ട്. പാർലമെന്റിനകത്തും പുറത്തും ന്യൂനപക്ഷങ്ങളുടെ എല്ലാ വിഷയത്തിലും ഞാൻ ഇടപെടുന്നുണ്ട്. ഈ സഭയിൽ തന്നെ എട്ടോളം പ്രസംഗങ്ങളുണ്ട്. മൈനോറിട്ടി വിഷയത്തിൽ ഇന്ത്യൻ പാർലമെന്റിൽ ഏറ്റവും കൂടുതൽ ഇടപെടുന്നത് മുസ്ളിം ലീഗാണ്.
എൻ.ഐ.എക്ക് വിപുലമായ അധികാരം നൽകുന്ന ബില്ലിനെ എതിർക്കേണ്ടതില്ലെന്ന നിലപാട് ഒരുവിഭാഗം വിവാദമാക്കിയിട്ടുണ്ട്.
ബില്ല് അവതരണ സമയത്ത് എൻ.ഐ.എയുടെ നിലപാടുകളെ ഏറ്റവും രൂക്ഷമായി വിമർശിച്ചയാളാണ് താൻ. ബില്ലിൽ ഒരൊറ്റ പോയിന്റേയുള്ളൂ. ഇന്ത്യക്കാരനായ ഒരാൾ രാജ്യത്തിന് പുറത്ത് നിന്ന് ഭീകരപ്രവർത്തനം നടത്തിയാൽ അയാൾക്കെതിരെ കേസെടുക്കാൻ ഇന്ത്യയിൽ എൻ.ഐ.എക്ക് എന്താണോ അധികാരമുള്ളത് അതേ അധികാരം പുറത്ത് ചെയ്താലും ഉണ്ടാവും. ആ രാജ്യത്തിന്റെ നിയമത്തിന് വിധേയമായി കേസെടുക്കാൻ എൻ.ഐ.എയ്ക്ക് കഴിയുമെന്നർത്ഥം. ഇങ്ങനെയൊരു ഭേദഗതിയെ എതിർക്കേണ്ട കാര്യമില്ല. വിദേശത്തു വച്ച് രാജ്യത്തിനെതിരെ തീവ്രവാദപ്രവർത്തനം നടത്തുന്നവർക്കെതിരെ കേസെടുക്കാൻ പറ്റുന്ന നിയമത്തെ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ പ്രശ്നമെന്ന നിലയിൽ എതിർത്താൽ ബി.ജെ.പിക്ക് അത് വഴിമരുന്നിട്ട് കൊടുക്കുകയേയുള്ളൂ. രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കുന്നവരെ അമർച്ച ചെയ്യാനുള്ള നീക്കത്തിന് ന്യൂനപക്ഷങ്ങൾ എതിരാണെന്ന് ബി.ജെ.പി പ്രചരിപ്പിക്കുന്നത് മുതലെടുപ്പിന് വേണ്ടിയാണ്. ഒരുന്യൂനപക്ഷ പ്രസ്ഥാനത്തെ, ഇന്ത്യാവിരുദ്ധ സമീപനമെടുക്കുന്നവരെന്ന് പറയാൻ ബി.ജെ.പിക്ക് അവസരമുണ്ടാക്കി കൊടുക്കരുതെന്ന കൃത്യമായ രാഷ്ട്രീയ നിലപാടാണ് മുസ്ളിം ലീഗിന്റേത്. ഇന്ത്യയ്ക്കുള്ളിൽ നിന്നുകൊണ്ട് രാജ്യത്തിന് എതിരായിട്ടുള്ളയൊരു സംഗതിയെ ന്യായീകരിക്കാൻ ഞങ്ങൾക്ക് പറ്റില്ല. അങ്ങനെ ചെയ്താൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാവും. ബി.ജെ.പിക്ക് വേണ്ടതും അതുതന്നെയാണ്. ഇങ്ങനെയുള്ള കൂട്ടരാണ് ഇവിടത്തെ ന്യൂനപക്ഷമെന്ന് അവർക്ക് വരുത്തി തീർക്കാനുമാവും. ബില്ലിനെ പാർലമെന്റിൽ എതിർത്ത് വോട്ടുചെയ്ത സി.പി.എം തൊട്ടടുത്ത ദിവസം രാജ്യസഭയിൽ ബില്ല് വന്നപ്പോൾ ലീഗെടുത്ത അതേ നിലപാടെടുത്തു.
തിരഞ്ഞെടുപ്പ് സമയത്തുയർന്ന എസ്.ഡി.പി.ഐ ചർച്ചയടക്കമുള്ള വിവാദങ്ങളെ തിരിഞ്ഞുനോക്കുമ്പോൾ വിലയിരുത്തുന്നതെങ്ങനെ ?
തിരഞ്ഞെടുപ്പ് കാലത്തുവന്ന ഒരുവിവാദവും വന്നിട്ട് പൊങ്ങിയിട്ടില്ല. വിവാദമുണ്ടാക്കിയ എതിർസ്ഥാനാർത്ഥി തന്നെ വിവാദപുരുഷനാണ്. വിവാദങ്ങളെല്ലാം ഒന്നോ, രണ്ടോ ദിവസം നിന്നിട്ടങ്ങ് പോയി. വിവാദങ്ങൾ നിലനിൽക്കണമെങ്കിൽ അതിനകത്ത് അകക്കാമ്പ് വേണം. ഇതുണ്ടെങ്കിൽ ആര് വിചാരിച്ചാലും വിവാദങ്ങളെ ഇല്ലാതാക്കാനാവില്ല. അത് കത്തിക്കൊണ്ടേയിരിക്കും.