മലപ്പുറം: ലഹരിക്കെതിരെ ശക്തമായ നടപടികളെടുക്കുമ്പോഴും ലഹരിക്കടത്തുകാരുടെ വിഹാരകേന്ദ്രമായി ജില്ല മാറുന്നു. സംസ്ഥാനത്ത് ലഹരിക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മുന്നിലാണ് ജില്ല. ജനുവരി മുതൽ ജൂൺ വരെ എക്സൈസ് വകുപ്പ് എൻ.ഡി.പി.എസ് (നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് )​ ആക്ട് പ്രകാരം ജില്ലയിൽ 289 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 292 പേർ അറസ്റ്റിലായി. ഇക്കാലയളവിൽ മാത്രം 155.389 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇന്ത്യൻ വിദേശനിർമ്മിത മദ്യം ഒഴിച്ചുനിറുത്തിയാൽ ജില്ലയിൽ ഏറ്റവും കൂടുതൽ പിടികൂടുന്ന ലഹരി കഞ്ചാവാണ്.

ഒരു കിലോഗ്രാമിൽ താഴെ കഞ്ചാവുമായി പിടികൂടിയാൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമേ കേസ് രജിസ്റ്റർ ചെയ്യാനാവൂ. ഇതു മൂലം സ്ഥിരം കുറ്റവാളികൾ രക്ഷപ്പെടുന്ന സാഹചര്യമുണ്ടെന്ന് എക്സൈസ് വകുപ്പ് അധികൃതർ പറയുന്നു. കേന്ദ്രനിയമത്തിലെ പരിഷ്കരണം കേരളം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല. പിടിക്കപ്പെട്ടാലും പ്രതികളെ ജാമ്യത്തിലെടുക്കാനും ലഹരിമാഫിയ ഒത്താശയേകും. ഇതുമൂലം ചില്ലറ വിൽപ്പനക്കാർ ഒരു കിലോഗ്രാമിൽ താഴെയാണ് എപ്പോഴും കൈവശം വയ്ക്കാറുള്ളത്. വിദ്യാർത്ഥികളെയടക്കം ലക്ഷ്യമിട്ടുള്ള ഇത്തരം സംഘങ്ങൾ രക്ഷപ്പെടുന്നതും ഈ പഴുതുപയോഗിച്ചാണ്. കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പിടിക്കപ്പെടുന്ന സംഭവങ്ങളും ജില്ലയിൽ വർദ്ധിച്ചിട്ടുണ്ട്.

കഞ്ചാവ് മലപ്പുറം രണ്ടാമത്

എക്സൈസ് വകുപ്പ് ഒടുവിൽ പുറത്തുവിട്ട കണക്കുപ്രകാരം ജൂണിൽ 40 എൻ.ഡി.പി.എസ് കേസുകളിലായി 41 പേർ അറസ്റ്റിലായി. 24.745 കിലോഗ്രാം ക‍ഞ്ചാവ് പിടികൂടി. പാലക്കാട് കഴിഞ്ഞാൽ കൂടുതൽ കഞ്ചാവ് പിടികൂടിയത് മലപ്പുറത്താണ്. രണ്ട് ഗ്രാം ഹെറോയിൻ,​ 1.045 കിലോഗ്രാം എം.ഡി.എം.എ മയക്കുമരുന്ന്, 99.15 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവ പിടികൂടി. കോട്പ നിയമപ്രകാരം 482 കേസുകൾ റിപ്പോർട്ട് ചെയ്തു. 96,​400 രൂപ ഫൈൻ ഈടാക്കി. 726 റെയ്ഡുകളാണ് ജൂണിൽ നടത്തിയത്. 53 അബ്കാരി കേസുകളിലായി 57പേർ അറസ്റ്റിലായി. 227 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും അഞ്ച് ലിറ്റർ ചാരായവും 75 ലിറ്റർ വാഷും പിടികൂടി.

മാസം എൻ.ഡി.പി.എസ് കേസ് അറസ്റ്റിലായവർ

ജനുവരി : 45 - 43

ഫെബ്രുവരി: 44 - 47

മാർച്ച് : 57 - 61

ഏപ്രിൽ : 57 - 56

മേയ് : 46 - 44

ജൂൺ: 40 - 41

ക‍ഞ്ചാവ് പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാൻ കുറഞ്ഞ അളവ് ഒരുകിലോയെന്നത് നൂറ് ഗ്രാമാക്കണം. സ്ഥിരം കുറ്റവാളികൾ ഇതവസരമാക്കുന്നുണ്ട്.

ജില്ലാ എക്സൈസ് വകുപ്പ്