പൊന്നാനി: പ്രകൃതി രമണീയവും ജൈവസമ്പന്നവുമായ ബിയ്യം കായലിന്റെ സംരക്ഷണത്തിന് മാനേജ്മെന്റ് കർമ്മപദ്ധതി തയ്യാർ. സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് ആന്റ് മാനേജ്മെന്റാണ് (സി.ഡബ്ല്യു. ആർ.ഡി.എം) കർമ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കായലിന്റെ 59 ചതുരശ്ര കിലോമീറ്റർ പ്രദേശം സംരക്ഷിക്കാനാണ് പദ്ധതി. സംസ്ഥാനത്തെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വെറ്റ്ലാന്റ് അതോറിറ്റി നടപ്പാക്കുന്ന പദ്ധതികളുടെ കൂട്ടത്തിലാണ് കായൽ സംരക്ഷണം സാദ്ധ്യമാക്കുക.
കായലിലെ ജൈവസമ്പത്ത്, കൃഷി, മത്സ്യസമ്പത്ത് എന്നിവ നിലനിറുത്തിയും പരിപോഷിപ്പിച്ചുമാവും സംരക്ഷണം. ബിയ്യം റഗുലേറ്ററിനെ കൂടുതൽ ഉപകാരപ്രദമാക്കൽ, ബിയ്യം തൂക്കുപാലത്തിന്റെ സൗന്ദര്യവത്കരണം എന്നിവയും പദ്ധതിയിലുൾപ്പെടും. പൊന്നാനി നഗരസഭ, മാറഞ്ചേരി, എടപ്പാൾ, പെരുമ്പടപ്പ്, വെളിയങ്കോട്, പുന്നയൂർകുളം, നന്നംമുക്ക് എന്നിവിടങ്ങളിലെ കായൽഭാഗങ്ങളാണ് കർമ്മപദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
പ്രാദേശിക ഭരണകൂടങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരടങ്ങുന്ന സമിതിക്ക് രൂപം നൽകും. കായൽ സംരക്ഷണത്തിനായുള്ള ബോധവത്കരണം, വകുപ്പുകളുടെ സംയോജനം, നിരീക്ഷണ സംവിധാനം എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.
പരിശോധനയിൽ കണ്ടെത്തിയ കായൽ പ്രദേശത്തിനേക്കാൾ 40 ശതമാനം കായൽഭാഗം ഉണ്ടായിരുന്നുവെന്നാണ് സി .ഡബ്ല്യു. ആർ. ഡി .എമ്മിന്റെ കണ്ടെത്തൽ. കൈയേറ്റം കണ്ടെത്തി കായലിന്റെ ഭാഗമാക്കാൻ നടപടിയുണ്ടാവും. കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ കായലിലേക്ക് ഒഴുക്കുന്നതിന് തടയിടും. ഉപ്പുവെള്ളം പ്രവേശിക്കുന്നത് തടയാൻ നടപടികളാവിഷ്ക്കരിക്കും.
ചാലക്കുടിപ്പുഴ മുതൽ ഭാരതപ്പുഴ വരെ അതിർത്തി നിശ്ചയിച്ചായിരുന്നു പഠനം. 36 തരം മത്സ്യങ്ങൾ, 114 തരം സസ്യങ്ങൾ, 58 തരം ചിത്രശലഭങ്ങൾ എന്നിവയെ കണ്ടെത്തിയിട്ടുണ്ട്. അതീവ പ്രാധാന്യ ജൈവ സമ്പത്തിന്റെ സംരക്ഷണവും കർമ്മ പദ്ധതി ലക്ഷ്യമായി കാണുന്നു.
നാല് ഘട്ടങ്ങളിലായുള്ള സംരക്ഷണ പ്രവർത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിന് 10 കോടി രൂപയാണ് ചെലവ്. സി .ഡബ്ല്യു.ആർ.ഡി .എം തയ്യാറാക്കിയ മാനേജ്മെന്റ് കർമ്മ രേഖ ആവശ്യമായ മാറ്റങ്ങൾ വരുത്തി കേരള ശാസ്ത്ര പരിസ്ഥിതി കൗൺസിലിന് സമർപ്പിക്കും. പിന്നീടത് വെറ്റ്ലാന്റ് അതോറിറ്റിക്ക് കൈമാറും. മാനേജ്മെന്റ് കർമ്മ പദ്ധതിയുടെ അവതരണം നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ പൊന്നാനിയിൽ നടന്നു.