jhon-baby

തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്സിറ്റി മനഃശാസ്ത്ര വിഭാഗം മുൻ മേധാവിയും പ്രകൃതിചികിത്സയിലെ സ്വാഭാവിക രോഗമുക്തി (മനോപോഷണ രോഗമുക്തി) ക്യാമ്പുകളുടെ പ്രയോക്താവുമായ ഡോ. ജോൺ ബേബി (71) അന്തരിച്ചു.

1948 ഏപ്രിൽ 30ന് കോട്ടയം എരുമേലിയിൽ സി.എസ്.ഐ സഭാ പ്രവർത്തകനായിരുന്ന പി.എ. ജോൺ - ഏലി ജോൺ ദമ്പതികളുടെ മകനായി ജനനം. 50,000ൽ പരം കോപ്പികൾ വിറ്റഴിച്ച 'ഏതു രോഗവും മാറ്റുവാൻ പോഷണം ശരിയാക്കിയാൽ മതി' എന്ന പുസ്തകത്തിനു പുറമേ 100ൽ പരം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 28ൽ പരം അന്താരാഷ്ട്ര സെമിനാറുകളിൽ അവതരണങ്ങൾ നടത്തി. സൈക്കോ ന്യൂട്രീഷ്യൻ സംബന്ധിയായ ഇരുപതോളം പിഎച്ച്.ഡി, എം.ഫിൽ, എം.എസ്‌സി ഗവേഷണങ്ങൾ സൂപ്പർവൈസ് ചെയ്തു. പഞ്ചപോഷണ രോഗമുക്തിയെ സംബന്ധിച്ച ഗവേഷണം തുടർന്നു വന്നിരുന്നു. സൈക്കോളജി ഇൻ സോഷ്യൽ ആക്‌ഷൻ എന്ന അന്താരാഷ്ട്ര ജേർണലിന്റെ പത്രാധിപരായിരുന്നു.

യൂണിവേഴ്സിറ്റിക്കു സമീപം വില്ലൂന്നിയാൽ പാറയിൽ ചോലക്കാട് വീട്ടിലായിരുന്നു താമസം. ഭാര്യ: വി. പാർവതി അമ്മാൾ. മക്കൾ: സനത് ബേബിജോൺ, ശ്രുതി പാർവതി. മരുമക്കൾ: ജിഷ,​ ഡോ. നിഷാന്ത് (തൊടുപുഴ)​.