pmnksn

മലപ്പുറം: പ്രധാനമന്ത്രി കിസാൻ സമ്മാൻനിധിയിലെ പെൻഡിംഗ് അപേക്ഷകളിൽ മിക്കതിലും ഇനി സഹായം ലഭിച്ചേക്കില്ല. പദ്ധതിയിലെ പുതിയ നിബന്ധനകൾ ജില്ലയിൽ കെട്ടിക്കിടക്കുന്ന 1.30 ലക്ഷം അപേക്ഷകർക്ക് തിരിച്ചടിയാവും. ലോണുള്ള കർഷകർക്കും 50,000 രൂപ അക്കൗണ്ടിൽ നിക്ഷേപമുള്ളവർക്കും 6,000 രൂപയുടെ സഹായം ലഭിക്കില്ല. ഗോൾഡ് ലോണുൾപ്പെടെ സ്വന്തം പേരിൽ യാതൊരുവിധ വായ്പയും ഉണ്ടാവാൻ പാടില്ല.

ചെറുകിട കർഷകർക്ക് 2,000 വീതം മൂന്ന് ഗഡുക്കളായി 6,000 രൂപ ലഭിക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ ഇടക്കാല ബഡ്ജറ്റിലാണ് കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. ജില്ലയിൽ നിന്ന് രണ്ട് ലക്ഷത്തിലധികം പേർ അപേക്ഷിച്ചപ്പോൾ 72,000ത്തോളം പേർക്ക് ആദ്യഗഡുവായി 2,000 രൂപ ലഭിച്ചിരുന്നു. കൂടാതെ 35,789 പേർക്ക് രണ്ടാംഗഡുവും ലഭിച്ചു. പുതിയ മാനദണ്ഡങ്ങൾ പ്രകാരം നേരത്തെ ലഭിച്ചവരിൽ പലർക്കും ഇനി പണം ലഭിച്ചേക്കില്ലെന്നും സൂചനയുണ്ട്. തുടക്കത്തിൽ സ്വന്തമായി ഭൂമിയുള്ള എല്ലാ ചെറുകിട കർഷകർക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയുംവിധമായിരുന്നു മാർഗ്ഗനിർദ്ദേശങ്ങൾ. 2019 ഫെബ്രുവരി ഒന്ന് വരെയുള്ള കൈവശഭൂമിയുടെ രേഖകളാണ് ഇതിനായി പരിഗണിക്കുന്നത്. ഇതോടെ കൃഷി ഭവനുകൾക്ക് മുന്നിൽ അപേക്ഷകരുടെ നീണ്ടനിരയായിരുന്നു.

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, ജൻധൻ അക്കൗണ്ട്, സ്മാൾ ബിസിനസ് അക്കൗണ്ട് എന്നിവയിലേതെങ്കിലും ഒരു അക്കൗണ്ടുള്ള, അധാറുമായി ലിങ്ക് ചെയ്ത അപേക്ഷകർക്കേ പണം ലഭിക്കൂ. ജോയിന്റ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, സഹകരണ ബാങ്കുകളുടെ അക്കൗണ്ടുൾപ്പെടെയുള്ളവർക്ക് സഹായത്തുക ഇതുവരെ ലഭിച്ചിട്ടില്ല. ഇവരുടെ എന്റോൾ വിവരങ്ങൾക്ക് നേരെ എസ്.ബി, ജൻധൻ, എസ്.ബി.എ അക്കൗണ്ടില്ലാത്തതിനാൽ പദ്ധതിയിലേക്ക് പരിഗണിക്കാനാവില്ലെന്നാണ് രേഖപ്പെടുത്തിയത്. ചില അപേക്ഷകളിൽ പെൻഡിംഗെന്നും കാണിച്ചിട്ടുണ്ട്. ആധാർ എന്റോൾ നമ്പറുള്ളവർക്കും അപേക്ഷ നൽകാൻ തടസ്സമുണ്ടായിരുന്നില്ല. എന്നാൽ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളേ പരിഗണിക്കൂ എന്ന നിലപാടിലാണ് അധികൃതർ. തുക ലഭിക്കാത്തതിനെ തുടർന്ന് കൃഷി ഭവനുകളിലെത്തുന്ന അപേക്ഷകരെ പുതിയ നിബന്ധനകൾ പറഞ്ഞ് മടക്കി അയക്കുകയാണ്‌.