മലപ്പുറം: മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ കർശന നടപടിയെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. അശാസ്ത്രീയമായി മാലിന്യം സംസ്കരിച്ചാലും പിടിവീഴും. നിയമം കർശനമാക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകും. ആദ്യ ഘട്ടമായി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി വരികയാണ്. ആഗസ്റ്റ് 15ന് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയും നിയമം കർശനമായി നടപ്പാക്കുകയും ചെയ്യും.
മാലിന്യം സൃഷ്ടിക്കുന്നവരിൽ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തം, ചുമതല, നിയമം അനുശാസിക്കും വിധമുള്ള മാലിന്യ പരിപാലനം, തെറ്റായ രീതിയിൽ മാലിന്യസംസ്കരണം നടത്തിയാലുള്ള നിയമനടപടികൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഹരിതനിയമങ്ങളുടെ പ്രസക്തി, നിയമങ്ങൾ നടപ്പിലാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ, പൊലീസ്, കേരള മുനിസിപ്പാലിറ്റി, നഗരകാര്യം, ആരോഗ്യം എന്നീ വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങൾ, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കേരള മുനിസിപ്പാലിറ്റി നിയമവും പഞ്ചായത്ത് രാജ് നിയമവും, പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും, ശുചിത്വമാലിന്യ സംസ്കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നിർമ്മാണ ചട്ടങ്ങൾ, ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം, ഹരിതനിയമം നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിവിധ വകുപ്പുകളിൽ നിന്നുള്ളവരാണ് പരിശീലനം നൽകുന്നത്.
ജില്ലയിലെ ഉദ്യോഗസ്ഥർക്ക് പ്ലാനിങ് കോൺഫറൻസ് ഹാളിൽ നടത്തിയ പരിശീലനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ല പ്രസിഡന്റ് എ.കെ നാസർ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ കോഡിനേറ്റർ പി രാജു, ജനകീയാസൂത്രണം കോഡിനേറ്റർ എ.ശ്രീധരൻ, കില ഫാക്കൽറ്റികളായ വി.പി ശശികുമാർ, വി.സി ശങ്കരനാരായണൻ, സിദ്ദീഖ് വടക്കൻ, വരുൺ പ്രഭാകരൻ, മോഹനൻ, വി.എസ് അരുൺകുമാർ എന്നിവർ ക്ലാസെടുത്തു.