തേഞ്ഞിപ്പലം: സംസ്ഥാനത്തെ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗങ്ങളിൽ സമ്പൂർണ്ണ ട്രോമാകെയർ സംവിധാനം സജ്ജീകരിക്കുന്നതിനാവശ്യമായ നടപടികൾ തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ.
ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ അത്യാഹിത നിലയിലെത്തുന്നവരുടെ ശാരീരികാവസ്ഥയുടെ അടിസ്ഥാനത്തിൽ അടിയന്തര ചികിത്സ നൽകുന്ന സംവിധാനം നടപ്പാക്കിയെന്നും മന്ത്രി വ്യക്തമാക്കി. ജീവൻ രക്ഷാസംവിധാനങ്ങൾ അടങ്ങിയ 315 ആംബുലൻസുകൾ ആരോഗ്യ വകുപ്പ് വാങ്ങുന്നുണ്ടെന്നും ഇതിൽ 100 എണ്ണം സെപ്തംബറോടെ സേവന സന്നദ്ധമാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. ചേലേമ്പ്ര പഞ്ചായത്തിലെ പ്രഥമ ശുശ്രൂഷ സാക്ഷരതാ പ്രഖ്യാപനവും ഐഎസ്ഒ സർട്ടിഫിക്കറ്റ് പ്രകാശനവും നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ വകുപ്പ് വിഭാവനം ചെയ്ത പദ്ധതി ചേലേമ്പ്ര പഞ്ചായത്ത് നേരത്തെ തന്നെ നടപ്പാക്കി മാതൃക കാട്ടിയെന്നും കഴിഞ്ഞ നാലു വർഷം കൊണ്ട് 30 വർഷത്തെ വികസനം ചേലേമ്പ്രയിൽ ഉണ്ടായെന്നും മന്ത്രി പറഞ്ഞു.
അത്യാഹിതഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ ഓരോരുത്തരും പ്രായോഗിക പരിജ്ഞാനം നേടണം. ചേലേമ്പ്രയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആയുർവേദ ആശുപത്രിയുടെയും വികസന കാര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള ഇടപെടലുകൾ നടത്തണമെന്നും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
പി അബ്ദുൽഹമീദ് എംഎൽഎ അധ്യക്ഷനായി. ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് സ്വാഗതവും ചേലേമ്പ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. മേനക വാസുദേവ് നന്ദിയും പറഞ്ഞു.