clipart
ക്ലിപ്പ്ആർട്ട്

മലപ്പുറം: കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ ഏപ്രിൽ ഒന്നു മുതൽ ജൂലൈ 31 വരെയുള്ള കണക്കു പ്രകാരം ജില്ലയിൽ 365,275 കുടുംബങ്ങൾ അംഗങ്ങളായി. 19,764 രോഗികൾക്ക് 15.1 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകി. ആർ.എസ്.ബി.വൈ ചിസ് പദ്ധതിയിൽ അംഗങ്ങളായിരുന്ന 91 ശതമാനം കുടുംബങ്ങളും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു കാർഡ് കൈപ്പറ്റി. ബാക്കിയുള്ള കുടുംബങ്ങൾക്ക് പഞ്ചായത്ത്/മുൻസിപ്പൽ തല ക്യാമ്പുകൾ വഴി ആഗസ്റ്റ് 31 വരെ പദ്ധതിയിൽ ചേരാം. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കോംപ്രഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് ഏജൻസി ഓഫ് കേരള (ചിയാക്) ആണ് പദ്ധതി നടപ്പിലാക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി ഏപ്രിൽ ഒന്നു മുതലാണ് നടപ്പിലാക്കി വരുന്നത്. കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ ലഭിക്കും. പദ്ധതിയിൽ ചേരുന്ന കുടുംബാംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ല. ഓരോ കുടുംബാംഗത്തിനും പ്രത്യേകം പേപ്പർ കാർഡുകൾ നൽകും. കുടുംബത്തിലെ ഒരംഗമെങ്കിലും കാർഡ് ആഗസ്റ്റ് 31ന് മുമ്പ് എടുത്താൽ മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. മറ്റു അംഗങ്ങൾക്ക് ചികിത്സ ആവശ്യമായി വരുന്ന പക്ഷം കൂട്ടിച്ചേർക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. റേഷൻ കാർഡിൽ പേരില്ലാത്തവരാണ് കൂട്ടിച്ചേർക്കാൻ വരുന്നതെങ്കിൽ റേഷൻ കാർഡിലുള്ള അംഗവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. 50 രൂപയാണ് ഗുണഭോക്തൃ വിഹിതമായി ഒരു കുടുംബം നൽകേണ്ടത്. പഞ്ചായത്ത്/മുൻസിപ്പൽ തല ക്യാമ്പുകൾ വഴി പദ്ധതിയിൽ ചേരുന്നതിനും, പിന്നീട് കൂട്ടിച്ചേർക്കുന്നതിനും റേഷൻകാർഡ്, നിലവിലുള്ള ആർഎസ്ബിവൈ ചിസ്സ്മാർട്ട് കാർഡ് അല്ലെങ്കിൽ പ്രധാനമന്ത്രിയുടെ കത്ത്, ആധാർകാർഡ് എന്നിവയുമായി നേരിട്ട്ഹാജരാകണം.

പദ്ധതിയിൽ എങ്ങനെ അംഗമാകാം

മാർച്ച് 31 വരെ കാലാവധിയുള്ള സ്മാർട്ട് കാർഡ് കൈവശമുള്ള എല്ലാ ആർഎസ്ബിവൈ ചിസ് കുടുംബങ്ങൾക്കും 2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത് പ്രധാനമന്ത്രിയുടെ കത്ത് കിട്ടിയ കുടുംബങ്ങൾക്കുമാണ് പുതിയ പദ്ധതിയിൽ ചേരുന്നതിനുള്ള യോഗ്യതയുള്ളത്. പുതിയ അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികൾ

സർക്കാർ ആശുപത്രികൾ : മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി, നിലമ്പൂർ, പെരിന്തൽമണ്ണ , തിരൂർ ജില്ലാ ആശുപത്രികൾ, പൊന്നാനി, തിരൂരങ്ങാടി, മലപ്പുറം, അരീക്കോട്, വണ്ടൂർ, കൊണ്ടോട്ടി താലൂക്ക് ആശുപത്രികൾ, പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി,​ എടപ്പാൾ, പുറത്തൂർ, താനൂർ, ഓമാനൂർ, ചുങ്കത്തറ, കാളികാവ്, മേലാറ്റൂർ, എടവണ്ണ കമ്മ്യൂനിറ്റി ഹെൽത്ത് സെന്ററുകൾ
സ്വകാര്യ ആശുപത്രികൾ: എം ഇ എസ് മെഡിക്കൽ കോളജ് ആശുപത്രി, എച്ച്.എം.എസ് ഹോസ്പിറ്റൽ കോട്ടക്കൽ, പി.ജി ഹോസ്പിറ്റൽ നിലമ്പൂർ, ഏലംകുളം ഹോസ്പിറ്റൽ നിലമ്പൂർ, ഏറനാട് ഹോസ്പിറ്റൽ എടക്കര, ഇ എം സി ഹോസ്പിറ്റൽ എടവണ്ണ, ഏറനാട് ഹോസ്പിറ്റൽ മഞ്ചേരി, രാജഗിരി ഹോസ്പിറ്റൽ എടവണ്ണ , ബി എം ഹോസ്പിറ്റൽ നിലമ്പൂർ, നിസാർ കാർഡിയാക് സെന്റർ വളാഞ്ചേരി, മൂന്നിയൂർ നഴ്സിംഗ് ഹോം , അഹല്യ കണ്ണാശുപത്രി മഞ്ചേരി, അഹല്യസി കണ്ണാശുപത്രി കോട്ടക്കൽ, റെയ്‌ഹാൻ കണ്ണാശുപത്രി എടപ്പാൾ, അൽ റെയ്‌ഹാൻ കണ്ണാശുപത്രി കൊണ്ടോട്ടി, ഇമ്രാൻസ് കണ്ണാശുപത്രി ചെമ്മാട്, അൽ മനാറ കണ്ണാശുപത്രി തിരൂർ,​ പീപ്പിൾസ് ഹോസ്പിറ്റൽ പൂക്കോട്ടുപാടം, അൽ സലാമ കണ്ണാശുപത്രി പെരിന്തൽമണ്ണ, ഇഖ്രാ ഹോസ്പിറ്റൽ വാഴക്കാട്.