പൊന്നാനി: പൊന്നാനി നഗരസഭ ഗവ. താലൂക്കാശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള നേത്രരോഗ വിഭാഗ ഓപ്പറേഷൻ തിയേറ്റർ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നാടിന് സമർപ്പിച്ചു.
വർഷങ്ങൾക്ക് മുമ്പ് യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഓപ്പറേഷൻ തിയേറ്റർ ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും പ്രവർത്തനമാരംഭിക്കാനായിരുന്നില്ല. ഇപ്പോൾ എല്ലാ സൗകര്യങ്ങളുമേർപ്പെടുത്തി, തിമിര ശസ്ത്രക്രിയ ഉൾപ്പെടെ സൗജന്യമായി ചെയ്യാവുന്ന നിലയിലാണ് ഓപ്പറേഷൻ തിയേറ്റർ തുറന്നിരിക്കുന്നത്. പൊന്നാനി താലൂക്കാശുപത്രിയിൽ നിലവിൽ ഇ.എൻ.ടി, ഓർത്തോ തുടങ്ങിയവയുടെ സർജറികൾ മികച്ച രീതിയിലാണ് നടക്കുന്നത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ മേജർ, മൈനർ വിഭാഗങ്ങളിലായി 1607 സർജറികൾ നടന്നു . ഇതിൽ 458 എണ്ണം മേജർ ഓപ്പറേഷനാണ്. സൗജന്യമായി കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ആശുപത്രിയിൽ വിജയകരമായാണ് നടന്നു വരുന്നത്.ഇതിനകം എട്ട് ശസ്ത്രക്രിയകൾ പൂർത്തീകരിച്ചു.
ചടങ്ങിൽ ഓർത്തോ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്ന ഡോ.യൂസഫലിയേയും ടീമിനേയും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുമോദിച്ചു.നഗരസഭ ചെയർമാൻ സി.പി.. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ വി. രമാദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.ഒ. ഷംസു, വാർഡ് കൗൺസിലർ എ.കെ. ജബ്ബാർ, ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ എന്നിവർ പ്രസംഗിച്ചു.