മലപ്പുറം: മൺസൂൺ പകുതി പിന്നിട്ടിട്ടും ജില്ലയിൽ കാലവർഷക്കുറവ് പരിഹരിക്കപ്പെടുന്നില്ല. ആഗസ്റ്റ് വരെ മൺസൂണിൽ 33 ശതമാനത്തിന്റെ കുറവാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തിയത്. ജൂലൈയുടെ തുടക്കത്തിൽ 44 ശതമാനം ആയിരുന്നെങ്കിൽ തൊട്ടുപിന്നാലെ എത്തിയ റെഡ്, യെല്ലോ അലേർട്ടുകളോടെ മഴക്കുറവ് 27 ശതമാനത്തിലെത്തി. ജൂലൈ അവസാനവാരം മഴക്കുറവ് പരിഹരിക്കപ്പെട്ടേക്കുമെന്ന പ്രതീക്ഷകൾക്കിടയിലാണ് വീണ്ടും മഴ കുറഞ്ഞത്. ജൂലൈ 25 മുതൽ 31 വരെ 161.2 മില്ലീമീറ്റർ മഴ ലഭിക്കേണ്ടപ്പോൾ 30.6 മില്ലി മീറ്ററാണ് ലഭിച്ചത്. 81 ശതമാനത്തിന്റെ കുറവാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് രേഖപ്പെടുത്തിയത്.
ജൂലൈയിൽ 1379.4 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 918.1 മില്ലീമീറ്ററാണ്. 33 ശതമാനത്തിന്റെ കുറവ്. സംസ്ഥാനത്ത് മഴക്കുറവിൽ ആറാം സ്ഥാനത്താണ് ജില്ല. വയനാട് - 55 , ഇടുക്കി - 48, പത്തനംതിട്ട - 39, തൃശൂർ - 38, കൊല്ലം - 36 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മഴക്കുറവ്.
രണ്ട് ദിവസമായി ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ ലഭിക്കുന്നുണ്ട്. തിങ്കളാഴ്ച പുലർച്ചെ മുതൽ നിലയ്ക്കാത്ത മഴയാണ് ലഭിച്ചത്. മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റും നാശനഷ്ടമുണ്ടാക്കി. ചാലിയാറും കൈവഴികളും നിറഞ്ഞൊഴുകുന്നുണ്ട്. ജില്ലയിൽ മിക്കയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചു. ചൊവ്വ പുലർച്ചെ നാലിന് ശക്തമായ കാറ്റിൽ വാഴയൂർ ഒമ്പതാംവാർഡിൽ വീടിന് മുകളിൽ പനമരം വീണ് ചെലാട്ട് മൂലക്കോയപുറത്ത് ജാനകി (65) മരിച്ചു. ഇതേസമയം വീട്ടിലുണ്ടായിരുന്ന മകനും ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. ഇവർക്ക് കാര്യമായ പരിക്കില്ല. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് നിലമ്പൂരിലാണ്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ നിലമ്പൂർ സ്റ്റേഷനിൽ പകൽ 110.4 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. 78 മില്ലീമീറ്ററുമായി തൊട്ടുപിന്നിൽ മഞ്ചേരിയുണ്ട്. കരിപ്പൂർ - 59.4, അങ്ങാടിപ്പുറം- 33, പെരിന്തൽമണ്ണ - 24 മില്ലീമീറ്റർ എന്നിങ്ങനെയാണ് ലഭിച്ചത്. തീരദേശമേഖലകളിൽ കാര്യമായ മഴ ലഭിച്ചിട്ടില്ല.
റെഡ് അലേർട്ട് പിന്നാലെ
ഇന്ന് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15.6 മുതൽ 64.4 മില്ലീമീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്. വരുന്ന അഞ്ച് ദിവസം ജില്ലയിൽ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ നിഗമനം. ബുധനും വ്യാഴവും ഓറഞ്ച് അലേർട്ടും വെള്ളി റെഡ് അലേർട്ടുമാണ്. ശനിയും ഓറഞ്ച് അലേർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് ഈ കാലയളവിൽ മികച്ച മഴ പ്രതീക്ഷിക്കുന്നത്. ഓറഞ്ച് അലേർട്ടിൽ 64.5 - 204.4ഉം റെഡ‌് അലേർട്ടിൽ 204.5 മില്ലീമീറ്ററിന് മുകളിലുമാണ് മഴ പ്രതീക്ഷിക്കുന്നത്.
വരുന്ന അഞ്ച് ദിവസങ്ങളിൽ ജില്ലയിൽ കനത്ത മഴ ലഭിച്ചേക്കും. ജൂലൈയിലെ മഴക്കുറവ് ആഗസ്റ്റോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്