മലപ്പുറം: വിദ്യാർത്ഥിയെ സ്റ്റോപ്പിൽ ഇറക്കാത്തതിന് നല്ല നടപ്പിന് അയച്ച കണ്ടക്ടർ വി.പി. സക്കീറലിയെ ആദരിച്ച് ജില്ലാ കളക്ടർ. നിയമലംഘകനായല്ല സക്കീറലിയെ കാണുന്നതെന്നും മറ്റു ബസ് ജീവനക്കാർക്ക് മാതൃകയായിട്ടാണെന്നും കളക്ടർ പറഞ്ഞു. തവനൂർ ശിശുഭവനിൽ കെയർടേക്കറായി ഏഴുദിവസം ജോലി ചെയ്ത അദ്ദേഹത്തിന്റെ സേവനം തൃപ്തികരമായിരുന്നുവെന്നും അത് കണക്കിലെടുത്താണ് ആദരിച്ചതെന്നും കളക്ടർ പറഞ്ഞു. പത്ത് ദിവസം ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും പിന്നീടത് ഏഴ് ദിവസമാക്കി കുറച്ചു. ശിശുഭവനിലെ കുട്ടികളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും സേവനത്തിലെ ആത്മാർത്ഥതയും സംബന്ധിച്ച് സൂപ്രണ്ട് നൽകിയ റിപ്പോർട്ട് പരിഗണിച്ചായിരുന്നു ഇത്. ചൈൽഡ്‌ലൈൻ പ്രവർത്തകരുടെ ഓണറേറിയത്തിൽ നിന്നും ശേഖരിച്ച തുകയും കളക്ടർ അദ്ദേഹത്തിന് കൈമാറി. ശിശുഭവനിൽ പോയ ദിവസങ്ങളിൽ ജോലി ചെയ്യാൻ കഴിയാതിരുന്നതിനെ തുടർന്നാണ് സക്കീറിന് ഈ തുക നൽകാൻ ചൈൽഡ്‌ലൈൻ തീരുമാനിച്ചത്.
23ന് വൈകിട്ട് വേങ്ങരയിലാണ് വിദ്യാർത്ഥിയെ സ്റ്റോപ് മാറി ഇറക്കിയത്. സഹോദരിയോടൊപ്പം യാത്ര ചെയ്ത കുട്ടിയെ മറ്റൊരു സ്റ്റോപ്പിൽ പെരുംമഴയത്ത് ഇറക്കി വിട്ടെന്ന പരാതി ഉയർന്നതിനെ തുടർന്ന് കളക്ടർ ഇടപെടുകയായിരുന്നു. ജുവൈനൽ ജസ്റ്റിസ് ബോർഡംഗം ഹാരിസ് പഞ്ചിളി, ചൈൽഡ്‌ലൈൻ കോർഡിനേറ്റർമാരായ സി.പി. സലീം, അൻവർ കാരക്കാടൻ, കൗൺസലർമാരായ മുഹ്സിൻ പരി, രജീഷ് ബാബു എന്നിവർ പങ്കെടുത്തു.