എടക്കര: കനത്ത മഴയിൽ കോരപ്പുഴ കര കവിഞ്ഞൊഴുകി പുഞ്ചക്കൊല്ലി കോളനിയിൽ കനത്ത നാശം. ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട 62 കുടുംബങ്ങളാണ് കോളനിയിലുള്ളത്. മലയിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് പുന്നപ്പുഴയുടെ പ്രധാന കൈവരിയായ കോരപ്പുഴ ഗതി മാറി ഒഴുകി. കോളനിക്കു 150 മീറ്റർ മുകളിൽ പുഴ ഗതി മാറി മലവെള്ളം കോളനിയോട് ചേർന്ന് കുത്തിയൊഴുകുകയായിരുന്നു. ഇവിടെ കോളനി സംരക്ഷണത്തിന് നിർമ്മിച്ച കരിങ്കല്ലു കൊണ്ടുള്ള ഭിത്തി തകർന്നു. സമീപത്തെ ട്രാൻസ്ഫോർമർ സ്ഥാപിച്ച തൂണുകൾ ഭീഷണിയിലായി. ഗിരിജൻ സൊസൈറ്റിയുടെ കെട്ടിടവും സാംസ്കാരിക നിലയത്തിന്റെ കെട്ടിടവും തകർച്ചാഭീഷണിയിലാണ്. പുഴയോരത്തെ നെടുമുടി രവീന്ദ്രൻ, വിജയൻ തുടങ്ങി അഞ്ചു കുടുംബങ്ങളുടെ വീട്ടിൽ വെള്ളം കയറി ഉപകരണങ്ങൾ ഒലിച്ചു പോയി. കോരപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച കോൺക്രീറ്റ് പാലത്തിന്റെ തൂണുകളും ഭീഷണിയിലായി. കോളനിവാസികളുടെ ഏകമാർഗ്ഗമാണ് ഈ പാലം.
ഭീതിയിൽ പ്രദേശവാസികൾ
തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മലവെള്ളപ്പാച്ചിലിൽ പുഴ ഗതി മാറി ഒഴുകിയത്.
പുഴയ്ക്ക് സമാന്തരമായി നിർമ്മിച്ച സംരക്ഷണഭിത്തിക്ക് മതിയായ ഉറപ്പും ഉയരവുമില്ലെന്നു കോളനിക്കാർ നേരത്തെ പരാതിപ്പെട്ടിരുന്നു. പാലത്തിനും മതിയായ ഉയരമില്ല
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പാലത്തിനു മുകളിൽ വെള്ളം കയറി കോളനി ഒറ്റപ്പെട്ടിരുന്നു. സമാന സാഹചര്യം ഉണ്ടാകുമെന്ന ഭീതിയിലാണ് കോളനിക്കാർ
ജനവാസ കേന്ദ്രമായ വഴിക്കടവ് ആനമറിയിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെ ഉൾവനത്തിലാണ് കോളനി സ്ഥിതി ചെയ്യുന്നത്.
സമീപത്തെ പുഞ്ചക്കൊല്ലി റബർ പ്ലാന്റേഷനിൽ ജോലിക്കെത്തിയ തോട്ടം തൊഴിലാളികളും വെള്ളപ്പൊക്ക ഭീഷണി കാരണം മടങ്ങി