പരപ്പനങ്ങാടി :ചാപ്പപ്പടിയിൽ തീരദേശ റോഡായ ടിപ്പുസുൽത്താൻ റോഡ് പൂർണ്ണമായും കടലെടുത്തു . ഏതാനും ദിവസം മുമ്പ് സുരക്ഷാഭിത്തി തകർത്ത് റോഡിന്റെ ഒരു ഭാഗം കടലെടുത്തിരുന്നു.അമ്പതോളം വീടുകൾ കടലെടുക്കുമോയെന്ന ഭീതിയുടെ നിഴലിലാണ്. നേരത്തെ ജില്ലാ കളക്ടർ ജാഫർ മാലിക് സ്ഥലം സന്ദർശിക്കുകയും പ്രദേശവാസികളുടെ സുരക്ഷയ്ക്കു ആവശ്യമായ നടപടിയെടുക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെയും ഒന്നും നടന്നില്ലെന്ന് പരിസരവാസികൾ പരാതിപ്പെടുന്നു .
രണ്ടരക്കോടിയോളം രൂപ ചെലവഴിച്ചു നിർമ്മിച്ച തീരദേശ റോഡും സുരക്ഷാ ഭിത്തിയുമാണ് കടലാക്രമണത്തിൽ തകർന്നടിഞ്ഞത്. മത്സ്യം കയറ്റി അയക്കുന്ന ഷെഡ്ഡുകളും മീൻചാപ്പയും കടലെടുക്കുകയാണ് . വിലമതിക്കാനാകാത്ത നഷ്ടങ്ങളാണ് ഷെഡ്ഡ് നിൽക്കുന്ന രണ്ടു സെന്റോളം വരുന്ന സ്ഥലവും കെട്ടിടവും കടലെടുത്തതോടെ ഉണ്ടായതെന്ന് ചാപ്പപ്പടിയിലെ മത്സ്യവ്യാപാരിയായ പി.കെ.ഇ സിദ്ദിഖ് കേരളകൗമുദിയോട് പറഞ്ഞു .അറുന്നൂറോളം ചതുരശ്ര അടി വിസ്തീർണമുള്ള ഷെഡ്ഡാണ് തകർന്നടിഞ്ഞത് . തീരദേശത്തെ അമ്പതോളം വീടുകളാണ് ഇപ്പോൾ ചാപ്പപ്പടിയിലും പരിസരങ്ങളിലുമായി കടലാക്രമണ ഭീഷണി നേരിടുന്നത്. മഴയെത്തും മുമ്പേ സുരക്ഷാഭിത്തി ഒരുക്കിയിരുന്നെങ്കിൽ ഇത്രത്തോളം നാശനഷ്ടം ഉണ്ടാവുമായിരുന്നില്ലെന്ന് പുത്തൻകമ്മുവിന്റെ പുരയ്ക്കൽ കാസിമോൻ പറയുന്നു
പലരും സ്വയം പണം ചെലവഴിച്ചു മണൽചാക്കുകളും കല്ലും കൊണ്ടിട്ടാണ് ഒരു പരിധി വരെ മീൻചാപ്പകളും ഷെഡ്ഡുകളും നിലനിറുത്തുന്നത് .പ്രദേശത്തു കൂടിയുള്ള വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്.