മലപ്പുറം: പ്രളയവും കൊടുംവേനലും തളർത്തിയ കർഷകരെ കാലവർഷം കൂടുതൽ കടക്കെണിയിലേക്ക് തള്ളിയിടുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ മാത്രം 1.99 കോടിയുടെ കൃഷിനാശം ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ആയിരത്തോളം കർഷകർക്ക് വലിയ നാശനഷ്ടം നേരിട്ടു.
ഏറ്റവും കൂടുതൽ ദുരിതം പേറുന്നത് വാഴക്കർഷകരാണ്. 32 ഹെക്ടറിലായി 83,000ത്തോളം വാഴകൾ കാറ്റിലും മഴയിലും നിലംപൊത്തി. ഓണം ലക്ഷ്യമിട്ട് കൃഷിയിറക്കിയവരെയാണ് കാറ്റും മഴയും വഴിയാധാരമാക്കിയത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് നേന്ത്രയുടെ വരവ് വർദ്ധിച്ചതോടെ നിലവിൽ മൊത്തവിപണിയിൽ വില കുറഞ്ഞിട്ടുണ്ട്. കിലോയ്ക്ക് 20 രൂപയോളമാണ് കർഷകർക്ക് ലഭിക്കുന്നത്. അതേസമയം ചില്ലറ വിപണിയിൽ 40 രൂപ മുതൽ ഈടാക്കുന്നുണ്ട്. ജില്ലയിലെ കർഷകരിൽ നല്ലൊരുപക്ഷവും പാട്ടക്കൃഷിയിലാണ് മുന്നോട്ടുപോവുന്നത്. പാട്ടത്തുക പോലും തിരിച്ചുകിട്ടാത്ത അവസ്ഥയിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നടക്കം ലോണെടുത്ത് കൃഷിയിറക്കിയവർ വലിയ ആശങ്കയിലാണ്. നഷ്ടപരിഹാരം ലഭിക്കാൻ ഏറെ കാലതാമസം നേരിടുന്നതും കർഷകർക്ക് തിരിച്ചടിയാണ്.
പ്രളയത്തിലും കടുത്ത വേനലിലും ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടതും വാഴക്കർഷകരാണ്. വാഴ കഴിഞ്ഞാൽ കവുങ്ങ് കർഷകർക്കാണ് വലിയ തിരിച്ചടിയേറ്റത്. 3,040 കവുങ്ങുകൾ നശിച്ചു. കാറ്റിലും മഴയിലുമായി വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. രണ്ട് കൃഷിഭവനുകളിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ മാത്രമേ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിന് ലഭിച്ചിട്ടുള്ളൂ. കണക്കെടുപ്പ് പൂർണ്ണമാവാൻ ദിവസങ്ങൾ വേണം. മൂന്ന് ദിവസമായി മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്.
മലയോര മേഖലയിൽ കൃഷിനാശ തോത് വലിയതോതിൽ ഉയരുമെന്നാണ് പ്രഥമിക കണക്കുകളേകുന്ന സൂചന.
നഷ്ടപരിഹാരം ഇനിയും ബാക്കി
കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരം തന്നെ ജില്ലയിൽ പൂർണ്ണമായും വിതരണം ചെയ്തിട്ടില്ല.
ഇനിയും 58 ലക്ഷം രൂപ കൂടി നൽകാനുണ്ട്. ഇതെന്ന് നൽകാനാവുമെന്ന് അധികൃതർക്ക് രൂപമില്ല.
കേന്ദ്രവിഹിതമായ 12 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനവിഹിതം കൂടി ലഭിച്ചാലേ കർഷകർക്ക് നഷ്ടപരിഹാരം പൂർണ്ണമായും നൽകാനാവൂ.
കൃഷിനാശം സംബന്ധിച്ച കണക്കുകൾ ഇനിയും ലഭിക്കാനുണ്ട്. നഷ്ടപരിഹാര കുടിശ്ശിക സംബന്ധിച്ച നിർദ്ദേശം ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ചിട്ടില്ല.
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസ് അധികൃതർ