നിലമ്പൂർ: ബസ് സ്റ്റാൻഡിനുള്ളിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടകളിൽ തീപിടിത്തം. ബാഗ് നിർമ്മാണ യൂണിറ്റിലും സമീപത്തെ ചെരുപ്പുകടയിലുമാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ 6.30 ഓടെ ബാഗുനിർമ്മാണ കടയിൽ നിന്നും പുകയുയരുന്നതു കണ്ട യാത്രക്കാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്.
തുടർന്ന് എമർജൻസി റസ്ക്യൂ ഫോഴ്സ് അംഗങ്ങളും സ്ഥലത്തെത്തി. തിരുവാലി, മഞ്ചേരി ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റുകളും എത്തി സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി.
ബാഗുകട പൂർണ്ണമായും ചെരുപ്പുകട ഭാഗികമായും കത്തിനശിച്ചു. സമീപത്തെ തുണിക്കട, ആഭരണശാല എന്നിവയ്ക്കും നഷ്ടങ്ങളുണ്ടായി.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടമാണ് കടയുടമകൾക്കുണ്ടായിരിക്കുന്നത്. പി.വി.അൻവർ എം.എൽ.എ , നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, കൗൺസിലർമാർ, വ്യാപാരി പ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ചു.
സർക്കാർ തലത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കാനാവുമോ എന്ന് ശ്രമിക്കുമെന്ന് എം.എൽ.എ പറഞ്ഞു.