നിലമ്പൂർ: ഓണത്തോടനുബന്ധിച്ച് മേഖലയിലെ ലഹരി വ്യാപനം തടയാനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിലമ്പൂരിൽ സംയുക്ത യോഗം ചേർന്നു. നിലമ്പൂർ എക്സൈസ് സി.ഐ അഗസ്റ്റിൻ ജോസഫിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. പി.വി.അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എടക്കര പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ , ജനപ്രതിനിധികൾ, വനം, റവന്യൂ, പൊലീസ്, ഐ.സി.ഡി .എസ് വകുപ്പു പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. ആഘോഷവേളകളിൽ ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ചു ലഹരിവസ്തുക്കളെത്തുന്നതും വ്യാജമദ്യമെത്തുന്നതും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തടയാനാണ് നടപടികളെടുക്കുന്നത്. ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്ത് ആസ്ഥാനങ്ങളിൽ പരാതിപ്പെട്ടിയും സ്ഥാപിച്ചു. പൊതുജനങ്ങൾക്ക് ലഹരി വ്യാപനവുമായി ബന്ധപ്പെട്ട പരാതികൾ നിലമ്പൂർ എക്സൈസ് സി.ഐക്ക് 9446227592 എന്ന നമ്പറിൽ വാട്സാപ്പ് ആയോ നേരിട്ടോ അറിയിക്കാം.